പുനലൂര്‍: നഗരത്തിലെ വ്യാപാരിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നൂറോളം പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനെക്കൂടി ക്വാറന്റൈനിലാക്കി. പുനലൂരില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്ന വിദേശത്തു നിന്നുമെത്തിയ 28കാരനെ കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ നഗരം കണ്ടയ്ന്മെന്റ് സോണായതോടെ പോലീസ് നിയന്ത്രണങ്ങളും കടുപ്പിച്ചു.
ടൗണ്‍ വാര്‍ഡ്, ചെമ്മന്തൂര്‍, മുസാവരി, നെടുങ്കയം, ചാലക്കോട്, കല്ലാര്‍ വാര്‍ഡുകളാണ് കണ്ടയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പുനലൂരിലെ വ്യാപാരിയില്‍ നിന്ന് നിരവധിപേര്‍ക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നു. കണ്ടയ്ന്മെന്റ് സോണായതോടെ നഗരം പൂര്‍ണമായും അടച്ചു. ഇതിനെത്തുടര്‍ന്ന് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. സ്വകാര്യ വാഹനങ്ങളും അനാവശ്യമായി നഗരത്തിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. നെല്ലിപ്പളളി, തൊളിക്കോട്, ചെമ്മന്തൂര്‍, ടിബി ജംഗ്ഷന് എന്നിവിടങ്ങള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അടച്ചു. കര്‍ശനമായ നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
അറസ്റ്റിലായ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുനലൂര്‍ നഗരസഭയിലെ 5 വാര്‍ഡുകള്‍ കളക്ടര്‍ കണ്ടയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. പുനലൂര്‍ ടൗണ്‍, ചെമ്മന്തൂര്‍, മുസാവരി, ചാലക്കോട്, നെടുകയം എന്നീ വാര്‍ഡുകളാണ് അടച്ചത്. ഇവിടെ ജനജീവിതം പൂര്‍ണമായും നിലച്ചു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ പട്ടണത്തില്‍ പ്രവേശിക്കുന്നതും പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: