എടച്ചേരി: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കോരിച്ചൊരിയുന്ന മഴക്കാലത്ത് എടച്ചേരി പുതിയങ്ങാടി ടൗണിലെ പഴകിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു സര്‍ക്കാര്‍ സ്ഥാപനമായ എടച്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ്. ഓഫീസിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന ഫയല്‍ മുഴുവന്‍ നനഞ്ഞു കുതിരാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടിയിരിക്കുന്നു. എടച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും നൂറുകണക്കിന് ഇടപാടുകാരുടെ പ്രമാണങ്ങള്‍ നനഞ്ഞു കുതിരുന്നത് കണ്ടാണ് എടച്ചേരിയിലെ കുറുങ്ങോട്ട് ശ്രീധരന് പുതിയ കെട്ടിടം സര്‍ക്കാരിന് വാടകയ്ക്ക് നല്കാന് തീരുമാനിച്ചത്.
അങ്ങനെയാണ് ശ്രീധരന്റെയും സഹോദരന്മാരുടെയും കൂട്ടുസ്വത്തായ പുതിയങ്ങാടിയിലെ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഏഴ് മുറികള്‍ സര്‍ക്കാരിന് വാടകയ്ക്ക് നല്‍കിയത്. മുറികളുടെ വിസ്തീര്‍ണം അളന്നു കണക്കുകൂട്ടി 6976 രൂപ മാസ വാടകയും ഉറപ്പിച്ചു. എന്നാല്‍ അനിവാര്യമായ ഘട്ടത്തില്‍ ഒരു സഹായം എന്ന നിലയില്‍ തന്റെ കെട്ടിടം വാടകയ്ക്ക് വിട്ടു നല്കിയ ശ്രീധരന് ഇപ്പോള്‍ അതൊരു തിരിച്ചടിയായി മാറിയിരിക്കയാണ്. 2009 ല്‍ വിട്ടു നല്കിയ കെട്ടിടത്തിന് ആദ്യമായി വാടക ലഭിക്കുന്നത് മൂന്ന് വര്‍ഷം കഴിഞ്ഞ് 2012ല്‍. അതുതന്നെ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും 535 രൂപ കുറച്ച്. 6441 രൂപയാണ് ലഭിച്ചത്. അന്ന് മുതല്‍ തുടങ്ങിയതാണ് ശ്രീധരന്റ നിയമയുദ്ധം.
നേരത്തെ നിശ്ചയിച്ച വാടക തന്നെ വേണമെന്നും അല്ലാത്തപക്ഷം തന്റെ കെട്ടിടം ഒഴിഞ്ഞു തരണമെന്നുമാണ് ശ്രീധരന്റെ വാദം. രണ്ടു പ്രാവശ്യം ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രീധരന് കൈകാലുകള്‍ക്ക് സ്വാധീനക്കുറവ് കൂടി വന്നതോടെ വീട്ടില്‍ വിശ്രമത്തിലാണ്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തുടരുന്ന ശ്രീധരന്റെ പ്രധാന വരുമാനമാര്‍ഗം കൂടിയാണ് ഇതോടെ നിന്നു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: