ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു. ഒരു ലക്ഷം പേരില്‍ എത്ര കൊറോണ രോഗികളെന്ന് കണക്കാക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ കേസുകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ തല്‍സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഉയര്‍ന്ന ജനസാന്ദ്രതയ്ക്കിടയിലാണ് ഈ നേട്ടമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറയിച്ചു.
ഒരു ലക്ഷം പേരില്‍ 30.04 ആണ് ഇന്ത്യയിലെ കൊറോണ കേസുകള്‍. ആഗോള ശരാശരി ഇതിന്റെ മൂന്നിരട്ടിയില്‍ അധികമാണ് (114.67). ഇതുവരെ 2,37,195 പേരാണ് രാജ്യത്ത് കൊറോണ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,440 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നിരക്ക് 55.77 ശതമാനമായി. നിലവില്‍ 1,74,387 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇന്നലത്തെ കണക്കുപ്രകാരം, ചികിത്സയിലുള്ളവരേക്കാള് 62,808 എണ്ണം കൂടുതലാണ് രോഗമുക്തര്‍.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 14,821 കൊറോണ കേസുകളും, 445 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കൊറോണ കേസുകളുടെ എണ്ണം 425,282 ആയും മരണസംഖ്യ 13,699 ആയും ഉയര്‍ന്നു. കൊറോണ പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 723 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 262 ആയും (ആകെ 985) വര്‍ധിപ്പിച്ചു. സാമ്പിള്‍ പരിശോധനയുടെ എണ്ണവും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,43,267 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 69,50,493 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: