ന്യൂദല്‍ഹി: ധോക്ക്ലാമില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ നേര്‍ക്കു നേര് വന്നപ്പോഴും. കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള അടുത്ത ബന്ധം പുറത്തുവന്നിരുന്നു. ഈ സമയത്താണ് ചൈനീസ് ഉദ്യോഗസ്ഥരുമായി രാഹുല്‍ രഹസ്യ ചര്‍ച്ച നടത്തിയത്. 2017ല്‍ ധോക്ക്ലാം പ്രതിസന്ധി സമയത്ത് രാഹുല്‍ ചൈനീസ് അംബാസിഡര്‍ ലുവോ ഷബൂയിയുമായി ചര്‍ച്ച നടത്തി. ഇക്കാര്യം കോണ്‍ഗ്രസ് പാടെ നിഷേധിച്ചു. പിന്നീട് ചൈനീസ് എംബസി ഇതു സ്ഥിരീകരിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി.
ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കോണ്‍ഗ്രസ് കടന്നാക്രമിച്ച സമയത്തായിരുന്നു ഈ കൂടിക്കാഴ്ചയെന്നതിനാല്‍, ഇത് സംശയകരവുമായിരുന്നു.
2018 സപ്തംബറില്‍ രാഹുല്‍ കൈലാസവും മാനസരോവറും സന്ദര്‍ശിച്ചിരുന്നു. ഈ സമയത്തും രാഹുല്‍ ഏതാനും ചൈനീസ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ആദ്യം രഹസ്യമാക്കി വച്ച ചര്ച്ചക്കാര്യം പിന്നീട് രാഹുല്‍ തന്നെ അറിയാതെ പുറത്തു പറഞ്ഞുപോകുകയായിരുന്നു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷവും ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രഹസ്യമായി സന്ദര്‍ശിച്ചിരുന്നു. ഇത്തരം ചര്‍ച്ചകള്‍ രഹസ്യമാക്കി വയ്ക്കാനും രാഹുല്‍ ശ്രദ്ധിച്ചു.
മെയ് മാസത്തില്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചൈനക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചൈനയേപ്പോലുള്ള വിഷ സര്‍പ്പങ്ങളെ നശിപ്പിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് കഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സാമ്രാജ്യ വികസനത്തിന് ശ്രമിക്കുന്ന മഞ്ഞപ്പടക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നു പറഞ്ഞ ചൗധരി ചൈനയുടെ എതിര്‍പ്പു തള്ളി, തായ്വാന് നയതന്ത്രപരമായ അംഗീകാരം നല്‍കണമെന്ന് മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ചൗധരിയുടെ രോഷം ഏതാനും ദിവസങ്ങള്‍ പോലും നീണ്ടില്ല. ചൈനക്കെതിരായ ഈ ട്വീറ്റ് നീക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രോഷം തന്നെ കാരണം. കോണ്‍ഗ്രസ് വക്താവ് ചൈനയെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രത്യേക, തന്ത്രപരമായ പങ്കാളിത്തത്തെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വക്താവ് ആനന്ദ് ശര്‍മ്മയുടെ ട്വീറ്റ്. ചൗധരിയുടെ ട്വീറ്റുകള്‍ വ്യക്തിപരമാണെന്ന് ചൂണ്ടിക്കാട്ടിയ ശര്‍മ്മ അത് കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്നും തുറന്നു പറഞ്ഞു. ശര്‍മയുടെ നടപടിയും കോണ്‍ഗ്രസിന്റെ ചൈനീസ് അനുകൂല നിലപാടാണ് ചൂണ്ടിക്കാട്ടുന്നത്. 2008ല്‍ രാഹുല്‍ ബീജിങ്ങില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ ആനന്ദ് ശര്‍മയും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: