വെഞ്ഞാറമൂട്: ‘നമ്പർ വൺ’ കേരളത്തിന്റെ ഒരു പുരോഗതിയും എത്തിനോക്കാത്ത ഒരു പ്രദേശമുണ്ട് വെഞ്ഞാറമൂട്ടിൽ. പുല്ലംപാറ വില്ലേജിലെ വാലിക്കുന്നു കോളനി നിവാസികളോട് ചോദിച്ചാൽ അവർക്കും പറയാനുണ്ട് കുറെ ‘നമ്പർ വൺ’ കാര്യങ്ങൾ. 35 കുടുംബക്കാർക്ക് ഒരു ശൗചാലയം. 35 കുടുംബത്തിൽ പ്രായപൂർത്തിയായ പെണ്മക്കൾ മാത്രം വരും നാൽപ്പതിനടുപ്പിച്ചു. ഇവർക്ക് പ്രാഥമികസൗകര്യം നിറവേറ്റാൻ പോലും ഇവിടെ സൗകര്യമില്ല. കാടിന്റെ മക്കൾക്ക് കാട്ടിൽ പോകാം.
നാടിന്റെ മക്കൾക്ക് നാട്ടിൽ പൊതുനിരത്തുകൾ ശൗചാലയം ആക്കുകയേ നിവർത്തിയുള്ളൂ. നടുത്തളത്തിൽ മഴവെള്ളം വീഴുന്ന ‘അത്യാധുനിക’ സൗകര്യമുള്ള വീടുകളാണ് ഏറെയും. മഴ പെയ്യുമ്പോൾ പാത്രങ്ങളുമായി കുത്തിയിരുന്നു വെള്ളം നിറയുന്നതിനനുസരിച്ചു പുറത്തു കളഞ്ഞു അടുത്ത പാത്രംവെച്ചു പിന്നെയും വെള്ളംപിടിച്ചു കളയുന്ന ‘നമ്പർ വൺ’ വീടുകൾ. രണ്ടു സെന്റ് സ്ഥലത്തു താമസിക്കുന്നവർക്ക് ‘വെള്ള കാർഡ്’.
സ്ഥലം എംഎൽഎ ഒരു തവണ മാത്രമേ സന്ദർശിച്ചിട്ടുള്ളു ഇവിടെ. എംപി സന്ദർശിച്ചിട്ടുമില്ല. വാർഡ് മെമ്പർ ഇടയ്ക്കിടെ വരും. ‘നമ്പർ വൺ’ ആയതുകൊണ്ട് സുഖവിവരം തിരക്കി പോകും. ലോക്ഡൗൺ സമയത്തു ചക്കവെട്ടി കഴിച്ചു ഗതികെട്ടപ്പോൾ കുട്ടികൾ കഷ്ടപ്പാട് പുറംലോകത്തെ അറിയിക്കാൻ വീഡിയോ ഇട്ടതറിഞ്ഞു അതുകൂടി ബ്ലോക്ക് ചെയ്യിച്ചു അവരെ കൊണ്ടുതന്നെ പറയിപ്പിച്ചു കോളനി ‘നമ്പർ വൺ’ ആണെന്ന്. ഒരാൾ മരിച്ചാൽ അടക്കാൻ സ്ഥലമില്ല. വീടുപൊളിച്ചാണ് മിക്കപ്പോഴും അടക്കുന്നത്.
25 വർഷത്തിനിടെ കൊണ്ടുവന്ന ഒരു പുരോഗതിയാണ് നാലു ദിവസം കൂടുമ്പോൾ വെള്ളം വരുന്ന ജപ്പാൻ കുടിവെള്ള പദ്ധതി. വാഗ്ദാനങ്ങൾക്കാണെങ്കിൽ ഒരു പഞ്ഞവുമില്ല. മൂന്നു ലക്ഷം രൂപ വീടിനു അനുവദിച്ചാൽ അതിനിരട്ടി ചുമട്ടുകൂലി കാരണം ഒരു വീടു പോലും പൂർത്തീകരിക്കാൻ പറ്റിയിട്ടില്ല. ശൗചാലയം കെട്ടി കാണിച്ചാലേ പഞ്ചായത്തു ഫണ്ട് അനുവദിക്കൂ. ചുമട്ടുകൂലി കാരണം കിട്ടുന്ന ഫണ്ടിൽ അതും തീർക്കാൻ പറ്റില്ല. പാവങ്ങൾ ആയതുകൊണ്ട് പുറത്തുനിന്നാരും കടം കൊടുക്കില്ല. വാങ്ങിച്ച കടം വീട്ടാൻ വേലചെയ്തു കിട്ടുന്നതുകൊണ്ട് കടം തീർക്കാൻ പറ്റുന്നില്ല. ഇതുകാരണം 25വർഷമായിട്ടും മണ്ണുവെച്ചു ചോരുന്ന വീട്ടിൽ കിടക്കുന്നവർ പോലും വീടിനു അപേക്ഷ കൊടുക്കുന്നില്ല. ഇവർക്ക് ചുമട്ടുകൂലി ലാഭിക്കാൻ വാഹനസൗകര്യം ഉള്ള ഒരു റോഡ് ചിപ്പൻചിറ ഭാഗത്തുകൂടി ഉണ്ടായിരുന്നതാണ്. ആ വഴി സ്വകാര്യ വ്യക്തികൾ കൈയേറി വഴി അടച്ചു.
പഠിത്തത്തിനും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന മിടുക്കരായ കുട്ടികൾ ഉണ്ടിവിടെ. നിർഭാഗ്യവശാൽ അവരെ പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി വീട്ടുകാർക്കില്ല. വല്ലവിധവും പത്താം ക്ലാസ് വരെ പഠിപ്പിക്കും. നല്ല മാർക്ക് വാങ്ങി ജയിച്ചാലും മുന്നോട്ട് പഠിക്കാനുള്ള സാഹചര്യമില്ല. ഓൺലൈൻ പഠനത്തിന് ചില വീടുകളിൽ ടിവി ഉണ്ട്. അവിടെ ഒരുമിച്ചിരുന്നു പഠിക്കാമെന്നു വെച്ചാൽ കേബിളിന്റെയും വൈദ്യുതി ബില്ലിന്റെയും കാര്യം ഓർക്കുമ്പോൾ അതിനും നിവർത്തിയില്ല. ലോക് ഡൗൺ സമയം ഇവർ ചെലവഴിച്ചത് കൈപ്പിടിയിലെ ചതുരപ്പെട്ടിയുടെ വലയിൽ കുരുങ്ങിയ ലോകത്തല്ല.
നാടൻപാട്ടിന്റെയും കൊട്ടിന്റെയും ലോകത്താണ്. അധ്യാപകരും കുട്ടികളുമെല്ലാം പരസ്പരം അവർ തന്നെ. ചെണ്ടയ്ക്കും മദ്ദളത്തിനും ചേങ്കിലയ്ക്കും പകരം ചളുങ്ങിയ തകരപാട്ടയും രണ്ടു കഷണം തടിയും പ്ലാസ്റ്റിക് കുപ്പിയും ആണെന്ന് മാത്രം.
വാർത്ത വരുമ്പോൾ ചില തട്ടിക്കൂട്ട് പദ്ധതികളുമായി നേതാക്കന്മാർ ഇവിടെ വന്നുപോകുമെന്നല്ലാതെ ഇവരുടെ ദുരവസ്ഥയ്ക്കൊരു മാറ്റവുമില്ല. അൻപതോളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നതാണ്. ഈ ദുരിതം സഹിക്കവയ്യാതെ പലരും സ്ഥലം വിട്ടുപോയി. ബാക്കി ഉള്ളവർ കാത്തിരിക്കുകയാണ് പഠിക്കാൻ കഴിവുള്ള കലയെ സ്നേഹിക്കുന്ന മക്കൾക്കും, കോളനിക്കും നല്ലകാലം വരുന്നതും നോക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: