ലഡാക്ക്: അതിര്‍ത്തിയില്‍ യുദ്ധസമാന നീക്കം നടത്തി ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്കു തൊട്ടരുകില്‍ വിന്യസിച്ചു. ലേയിലെ വ്യോമത്താവളത്തില്‍ നിന്നു യുദ്ധവിമാനങ്ങള്‍ ഇടതടവില്ലാതെ പറക്കുകയാണ്. വ്യോമസേന മേധാവി ആര്.കെ.എസ്. ബധുരിയയും ലഡാക്കില്‍ എത്തിയിട്ടുണ്ട്. ലേ, ശ്രീനഗര്‍ വ്യോമത്താവളങ്ങള്‍ അദ്ദേഹം നേരിട്ടെത്തി സ്ഥിതി വിലിയിരുത്തും. ചൈന അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ഓപ്പറേഷന് നടത്തേണ്ട പ്രധാന വ്യോമത്താവളങ്ങളാണ് ലേ, ശ്രീനഗര്‍. അതേസമയം, അതിര്‍ത്തിക്കു സമീപം ചൈനയും സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്.
അതിര്‍ത്തി തര്‍ക്കത്തില്‍ 20 ജവാന്മാര് വീരമൃത്യു വരിച്ചതോടെ ചൈനക്കെതിരെ ഇന്ത്യ നിലപാട് ശക്തമാക്കിയിരുന്നു. പ്രകോപനം ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അധികാരം നല്‍കിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരസേന കൂടുതല്‍ ശക്തമാക്കിയിരുന്നു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള പണികള്‍ക്ക് വേഗം കൂട്ടാന്‍ ജാര്‍ഖണ്ഡില്‍ നിന്ന് 1700 തൊഴിലാളികളെകൂടി സൈന്യം എത്തിച്ചിരുന്നു. അതിര്‍ത്തിയിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഇതു തള്ളിയാണ് യുദ്ധകാലടിസ്ഥാനത്തില്‍ നിര്‍മാണം ഇന്ത്യന്‍സൈന്യം മുന്നോട്ട് കൊണ്ടു പോകുന്നത്. സൈനിക ട്രക്കുകളിലാണ് തൊഴിലാളികളെ അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികളാണ് സൈന്യം ഇപ്പോള്‍ പൂര്ത്തികരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചൈനയേക്കാള്‍ ശക്തമായ വ്യോമസേനയുടെ സാന്നിധ്യം അതിര്‍ത്തിയില്‍ ഇന്ത്യ ശക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: