മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സംവിധാനങ്ങളില്ലാതെ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുമ്പോഴും അവരെ അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തിരൂരങ്ങാടിയിലെ അഞ്ജലിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് സര്‍ക്കാര്‍ ധൃതിപിടിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. കൃത്യമായി ഇതില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മാനസികമായി തകര്‍ന്നിരിക്കുകയാണ്. പത്ത് ദിവസത്തിനുള്ളില്‍ മലപ്പുറത്ത് സംഭവിച്ച രണ്ട് ആത്മഹത്യകള്‍ ഇത് വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെയും മണ്ഡലങ്ങളിലെ വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. അപാകതകള്‍ പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ ഇനിയും നിരവധി കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടും. എത്രയും വേഗം കുട്ടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ജലിയുടെ വീട്ടിലെത്തിയ അദ്ദേഹം മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത്, പാലക്കാട് മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ അദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: