തൃശൂര്‍: ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായി. സിപിഎമ്മിന്റെ പണസമാഹരണ ബോര്‍ഡായി മാറിയിരിക്കുകയാണ് കെഎസ്ഇബിയെന്ന് ആക്ഷേപം. ജില്ലയില്‍ പതിനായിരങ്ങള്‍ക്കാണ് അധിക ബില്ല് ചുമത്തി കെഎസ്ഇബി ഷോക്ക് നല്‍കിയിട്ടുള്ളത്. ലോക്ഡൗണില്‍ സാമ്പത്തികമായി തകര്‍ന്നവര്‍ക്ക് ഷോക്കടിപ്പിക്കുന്ന ബില്ല് നല്കി കെഎസ്ഇബി പകല്‍ക്കൊള്ള നടത്തുകയാണെന്നാണ് ജനങ്ങളുടെ പരാതി.
അന്യായമായ ബില്ലിനെതിരെ പരാതിയുമായി ദിനംപ്രതി വൈദ്യുതി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് പട്ടിണിക്കാരുള്പ്പെടെയുള്ള ഉപഭോക്താക്കള്‍. ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ കഴിഞ്ഞവരുടെ പോക്കറ്റടിക്കുകയാണ് കെഎസ്ഇബി ചെയ്തതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. അമിതമായി ചുമത്തിയ വന്‍തുകയുടെ ബില്‍ അടയ്ക്കുന്നവര്‍ക്ക് പുന:പരിശോധനയ്ക്ക് ശേഷം തിരിച്ചു നല്‍കുമെന്നാണ് ഇപ്പോള്‍ കെഎസ്ഇബിയുടെ നിലപാട്. ഇതേ തുടര്‍ന്ന് കൂടിയ വൈദ്യുതി ബില്ല് കുറച്ചു കിട്ടാനായി കെഎസ്ഇബി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഉപഭോക്താക്കളിപ്പോള്. വീട് പൂട്ടിയിട്ട് വൈദ്യുതി ഉപയോഗിക്കാത്തവര്‍ക്കും കനത്ത ബില്ലാണ് കെഎസ്ഇബി നല്‍കിയിരിക്കുന്നത്.
വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് കറന്റ് ബില്ല് കൂടാനുള്ള കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് ക്യത്യമായി മീറ്റര്‍ റീഡിങ് എടുക്കാത്തതിനാല്‍ വൈദ്യുതോപയോഗം ഉയര്‍ന്ന സ്ലാബിലേക്ക് കയറിയതാണ് ഷോക്കടിപ്പിക്കുന്ന ബില്ലായി മാറാനുള്ള കാരണമെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ പ്രതിസന്ധിയില്‍ ജോലിയില്ലാതെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കെഎസ്ഇബിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അന്യായമായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ക്രൂരതയാണെന്നും അടിയന്തരമായി തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
അതേസമയം ഉപഭോക്താക്കളില്‍ നിന്ന് അമിത തുക ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലാണ് നല്‍കിയതെന്നുമാണ് ഹൈക്കോടതിയില്‍ കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്. പ്രതിമാസ ബില്ലിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടിയിരുന്നു. ഇത്തവണ ബില്‍ നല്‍കിയത് 76 ദിവസം കഴിഞ്ഞാണെന്നും ഇതിനാലാണ് ബില്‍ തുക വര്‍ധിച്ചതെന്നും നിരക്ക് കണക്കാക്കുന്നതിന് കെഎസ്ഇബി ഉപയോഗിക്കുന്ന ഫോര്‍മുല ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് അംഗീകരിച്ചതല്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: