ഇരിട്ടി: സമ്പര്‍ക്കം വഴി കൊറോണാ വ്യാപനം ഉണ്ടായതിനെത്തുടര്‍ന്ന് ഇരിട്ടി താലൂക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ അടച്ചിട്ടു. ഒരാഴ്ച്ചക്കിടയിലാണ് മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലായി സമ്പര്‍ക്കം വഴി ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മേഖലയില്‍ ഇതുവരെ 13 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
സമ്പര്‍ക്കം വഴി ഉണ്ടായ രോഗ ബാധമൂലം തില്ലങ്കേരി, മുഴക്കുന്ന്, പടിയൂര്‍ പഞ്ചായത്തുകളാണ് പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്നത്. ഇവരുടെ പ്രഥമ സമ്പര്‍ക്ക പട്ടികയും വളരെ വലുതാണ്. തില്ലങ്കേരിയില്‍ മൂന്ന് പേര്‍ക്കും മുഴക്കുന്നില്‍ രണ്ട് പേര്‍ക്കും പടിയൂരില്‍ ഒരാള്‍ക്കുമാണ് സമ്പര്‍ക്കം വഴി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തില്ലങ്കേരിയിലെ മൂന്ന് പേര്‍ക്ക് അവരുടെ വീട്ടില്‍ നിന്നാണ് രോഗബാധയുണ്ടായത്. കാവുംപടിയിലെ വിമാന ജോലിക്കാരായ ദമ്പതികളില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ഉണ്ടായത്. ഇവരില്‍ നിന്നാണ് മുഴക്കുന്ന് ആയിച്ചോത്തെ യുവാവിന് രോഗം ബാധിച്ചത്. ഇയാള്‍ക്ക് മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളിലായി നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ടായി. പേരാവൂര്‍ പഞ്ചയത്തിലും സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അവിടേയും ചില വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
മുഴക്കുന്നിലെ കെഎസ്ആര്‍ടിസി ജീവനക്കാരന് എവിടെ നിന്നാണ് രോഗം കിട്ടിയത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പേരുമായും സമ്പര്‍ക്കം ഉണ്ടായെന്നാണ് സംശയിക്കുന്നത്. പടിയൂരില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മട്ടന്നൂരിലെ എക്സൈസ് ജീവനക്കാരനായ യുവാവിനും എവിടെ നിന്ന് രോഗബാധയുണ്ടായി എന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. നിരവധിപേരുമായും സമ്പര്‍ക്കം ഉണ്ടായി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച്ച രാത്രി തന്നെ പഞ്ചായത്ത് മുഴുവനായും അടച്ചിടാന്‍ ജില്ലാ ഭരണ കൂടം നിര്‍ദ്ദേശം നല്‍കിയത്.
ഇരിട്ടി നഗരം ഉള്‍പ്പെടുന്ന പയഞ്ചേരി വാര്‍ഡില്‍ ഗള്‍ഫില്‍ നിന്ന് എത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് രോഗം ബാധിച്ചതും അതില്‍ 70 കാരന് മരിച്ചതും അടുത്തിടെയാണ്. നഗരസഭയിലെ എടക്കാനത്തും രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണം തുടരുകയാണ്. സമ്പര്‍ണ്ണ ലോക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം മേഖലയില്‍ ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമാണ് കടകളെല്ലാം തുറക്കാന്‍ കഴിഞ്ഞത്. ഇതുമൂലം കടുത്ത സമ്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.
കണ്ടെയ്ന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച പടിയൂര്‍ കല്ല്യാട് ഗ്രാമ പഞ്ചായത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ ഹോം ഡെലിവറി സംവിധാനത്തിലോ അംഗീകൃത വളണ്ടിയര്‍മാര്‍ മുഖേനയോ മാത്രം പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ ഒരു കാരണവശാലും കടകളില്‍ എത്താന്‍ പാടില്ല.
പടിയൂര്‍ വില്ലേജിലെ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും, കല്ല്യാട് വില്ലേജിലെ സ്ഥാപനങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാവുന്നതാണ്. റേഷന്‍ കട, മാവേലി സ്റ്റോര്‍, നീതി സ്റ്റോര്‍ എന്നിവക്കും ഈ നിബന്ധന ബാധകമാണ്. പരീക്ഷ, ഇന്റര്‍വ്യൂ മുതലായവക്കുള്ള യാത്രാ പാസിന് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: