കോഴിക്കോട്: ചെങ്ങോട്ട് മലയിലെ 107 ഏക്കറില്‍ ഖനനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ ക്വാറി മാഫിയകളുമായി ഒത്തുകളിക്കുകയാണെന്നും ഇതിന്റെ ഉദാഹരണമാണ് പരിസ്ഥിതി ആഘാതം വിലയിരുത്തല്‍ സമിതിയുടെ പുതിയ റിപ്പോര്‍ട്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ് ബാബു പറഞ്ഞു.
കോട്ടൂര്‍ വില്ലേജ് ഓഫീസര്‍, സിഡബ്ല്യുആര്‍ഡിഎം, ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടര്‍ നിയമിച്ചവിദഗ്ധ സംഘത്തിന്റെയടക്കം കണ്ടെത്തലുകളെ പാടെ നിരാകരിക്കുന്നാണ് പുതിയ റിപ്പോര്‍ട്ടെന്നും ക്വാറിക്കെതിരെ നിയമ പോരാട്ടം നടത്തുന്നവരുടെയോ, കോട്ടൂര്‍ പഞ്ചായത്തിന്റെയോ, സമരം നടത്തുന്നവരുടെയോ അഭിപ്രായം പോലും ചോദിക്കാതെ ഡെല്‍റ്റ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത സംഘത്തിന് പഠനം നടത്താന്‍ അനുമതി നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ക്വാറി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കമ്പനിയോട് പാരിസ്ഥിതി പഠനം സ്വന്തമായി നടത്താന്‍ നിര്‍ദ്ദേശിച്ചതും നേരത്തെ പഠനം നടത്തിയ വ്യക്തികളെ റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ ഏല്‍പ്പിച്ചതും സര്‍ക്കാര്‍- ക്വാറി മാഫിയ ഒത്തുകളിയാണ്. ഖനനവുമായി ബന്ധപ്പെട്ട് ഒരേസമയം ഇരകളോടും വേട്ടക്കാരോടുമൊപ്പം നില്‍ക്കുന്ന ഇരട്ടത്താപ്പില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ക്വാറി മാഫിയ സംഘം നടത്തിയപഠനറിപ്പോര്‍ട്ട് വെച്ച് ഖനനാനുമതി നല്‍കാനാണ് ശ്രമമെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പിനെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: