പ്രതിസന്ധികളെ മുതലെടുത്ത് എല്ലാം കൈയടക്കുക എന്ന പ്രാകൃത തന്ത്രം പൊതുവെ മാനവ സംസ്കൃതി തള്ളിക്കളഞ്ഞതാണ്. എന്നാല്‍ അത് കൈവിടാന്‍ തയ്യാറാകാത്ത ശക്തികളും നിലവിലുണ്ട്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് ചീന. തന്ത്രങ്ങള്‍ക്ക് എന്നും പ്രാമുഖ്യം കൊടുക്കുകയും മാനവികതയെയും മനുഷ്യത്വത്തെയും തീരെ അവഗണിക്കുകയും ചെയ്യുകയെന്നതാണ് രീതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒരു കേണല്‍ ഉള്‍പ്പെടെയുള്ള മൂന്നു സൈനികരെ ചീനപ്പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിനിടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവ വികാസങ്ങള്‍ ഉണ്ടായത്. ഇന്‍ഫന്‍ട്രി ബറ്റാലിയന് കമാന്‍ഡിങ് ഓഫീസറായ ആന്ധ്ര സ്വദേശി സന്തോഷ് ബാബുവാണ് വീരമൃത്യുവരിച്ചരില്‍ ഒരാള്‍. അടുത്തിടെ ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനപരമായ പല നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഭാരത – ചീനാ ബന്ധത്തില്‍ എങ്ങനെയും വിള്ളലുണ്ടാക്കി ആ പഴുതിലൂടെ കടന്നു കയറുകയെന്ന നീചതന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. നേരത്തെയുള്ള രാഷ്ട്രീയ-സാമൂഹിക-സൈനിക നിലകളില്‍ നിന്ന് വളരെ വ്യാപകവും ശക്തവുമായ ഒരന്തരീക്ഷം ഭാരതത്തിലുണ്ടെന്ന് ചൈനയ്ക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഒളിപ്പോരാട്ടവും ചതിപ്പോരാട്ടവും എന്നൊരു തന്ത്രമാണ് അവര്‍ സ്വീകരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഇരമ്പിക്കയറി ധാര്‍ഷ്ട്യം കാണിച്ച ഒരു ചീനാ ഓഫീസര്‍ക്ക് ഭാരത സൈനികന്റെ കൈയില്‍ നിന്ന് കണക്കിന് കിട്ടിയിരുന്നു. മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ച് അന്ന് അയാള്‍ക്ക് പിന്മാറേണ്ടി വന്നു.
അതിര്‍ത്തിയില്‍ നിരന്തരം സംഘര്‍ഷമുണ്ടാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താമെന്ന തരത്തിലേക്ക് ചീന മാറുകയാണെന്ന് അടുത്തിടെ അവരുടെ സ്വഭാവ രീതികളില്‍ നിന്ന് മനസ്സിലാക്കാനാവും. ഭാരതത്തിന്റെ അതിര്‍ത്തി ശക്തിപ്പെടുത്തുകയും സൂക്ഷ്മമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്ന തികച്ചും സ്വാഭാവികമായ നടപടിക്രമങ്ങളാണ് ഭാരതം സ്വീകരിച്ചത്. നേരത്തെയുള്ള ഭരണകൂടങ്ങളെ പോലെ തല്ക്കാലം ഒന്നും കണ്ടില്ലെന്നു വെയ്ക്കുന്ന സമീപനമല്ല ഇപ്പോഴത്തേത്. അതു തന്നെയാണ് ചീനയ്ക്ക് തലവേദനയാവുന്നതും.
ഒരു തരത്തിലുമുള്ള തര്‍ക്കമില്ലാത്ത സ്ഥലത്ത് നിലയുറപ്പിക്കുകയും കടന്നു കയറി അധീശ്വരത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുകവഴി പുതിയൊരു തര്‍ക്കസ്ഥലം പരുവപ്പെടുത്തിയെടുക്കുകയാണ് ചൈന. അന്താരാഷ്ട്ര തലത്തില്‍ ഇനിയൊരു സമവായ നീക്കമോ ചര്‍ച്ചയോ നടന്നാല്‍ കടന്നുവന്ന സ്ഥലത്തുതന്നെ നിലയുറപ്പിക്കാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. ഭാരതം ഒരനിഷേധ്യ ശക്തിയായി ഉയര്‍ന്നു വരുന്നത് ഒരിക്കലും സഹിക്കാനാവാത്ത രാജ്യമാണ് ചൈന. തങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനെയും കൂട്ടുപിടിച്ച് കാര്യങ്ങളെ കൈപിടിച്ച് നയിക്കാനുള്ള ശ്രമമാണ്. അതിര്‍ത്തിയില്‍ നിരന്തരം പാകിസ്ഥാന് നടത്തുന്ന അക്രമങ്ങളും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ പ്രേരിപ്പിക്കുന്നതും ചൈനയുടെ അദൃശ്യ സാന്നിധ്യം കൊണ്ടാണോ എന്ന സംശയവും പുതിയ സംഭവ വികാസങ്ങള്‍ക്കു പിറകിലുണ്ട്. നേപ്പാള്‍ അടുത്തിടെ നടത്തിയ ചില നീക്കങ്ങളും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടി വരും.
കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീഷണി ഉയര്‍ത്തിയത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണെന്നത് സുവ്യക്തമായതാണ്. അതിന്റെ തുടക്കവും വ്യാപനവും പ്രതിരോധ നീക്കങ്ങളും മറ്റും അവര്‍ തുടക്കത്തില്‍ മറച്ചുവെച്ചതിന്റെ ജാള്യത്തില്‍ നിന്ന് പുറത്തു കടക്കാനായിട്ടില്ല. അങ്ങനെയിരിക്കെ സംഭവഗതികളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ സ്വാഭാവികമായും അവര്‍ ശ്രമിക്കും. സ്വന്തം ജനങ്ങള്‍ പോലും സംശയത്തോടെ ഭരണകൂടത്തെ നോക്കുമ്പോള്‍ അവരുടെ ശ്രദ്ധ വഴിതിരിച്ചു വിടാന്‍ ചീനയ്ക്ക് പട്ടാള നടപടിയെ ആശ്രയിക്കാതെ വയ്യ. സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ച് വെറുംകയ്യോടെ ടിയാനന്മെന് ചത്വരത്തില്‍ സമാധാനപ്രകടനം നടത്തിയ നവയൗവനങ്ങളെ ടാങ്ക് കയറ്റി കൊന്ന നീച ഭരണകൂടത്തിന് മറ്റെന്താണ് ചെയ്തു കൂടാത്തത്!
പല ലക്ഷ്യങ്ങള്‍ ചീനയുടെ ഇപ്പോഴത്തെ ചെന്നായ് നീക്കത്തിലുണ്ടെങ്കിലും പ്രധാനം ഭാരത അതിര്‍ത്തിയിലെ റോഡുവികസനം ഉള്‍പ്പെടെയുള്ളവ തടയുകയെന്നതാണ്. വികസനം ശക്തമാവുകയും എന്തെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവഗതികള്‍ ഉണ്ടാവുകയും ചെയ്താല്‍ സൈനിക നീക്കം ഭാരതത്തിന് പൊടുന്നനെ സാധിക്കുമെന്നതാണ് അവരുടെ ഉറക്കം കെടുത്തുന്നത്. അത് തടയാന്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കുകയും അന്താരാഷ്ട്ര തലത്തില്‍ ഉന്നയിച്ച് ‘തല്‍സ്ഥിതി നില ‘ വരുത്താനാണ് ശ്രമം. 1962 ലെ ആത്മവിശ്വാസവും സൈനിക ശക്തിയുമല്ല ഭാരതത്തിന്റേതെന്ന് അറിയാത്തവരല്ല ചീനക്കാരും ഭരണകൂടവും. നേര്‍വഴിക്കല്ലെങ്കില്‍ ചതിവഴി അവരുടെ ചോരയില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അതിന് മറുപടി കൊടുത്തേ മതിയാവൂ.കോവിഡ് കാലത്തെ കയ്യേറ്റം മനുഷ്യത്വമുള്ള ഒരു ഭരണകൂടത്തിന്റേതല്ലെന്ന് സുവ്യക്തമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: