ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തില്‍ നിലവില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ് ഭരണസമിതിയെ സിപിഎം പിന്തുണയോടെ പുറത്താക്കാനുള്ള കോമ്ഗ്രസ് വിമതനീക്കം പൊളിഞ്ഞു.
മുഖ്യ പ്രതിപക്ഷമായ സിപിഎം നാല് കോണ്‍ഗ്രസ് അംഗങ്ങളെ കുതിരക്കച്ചവടത്തിലൂടെ വരുതിയിലാക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗം പുഷ്പകുമാര്‍, രമേശന്, ശ്രീദേവി, സ്വതന്ത്രനായി ജയിച്ച് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഐവര്‍കാല ദിലീപ് എന്നിവരാണ് എല്‍ഡിഎഫ് പാളയത്തിലായത്. എന്നാല്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും സിപിഎം ചാക്കിട്ടു പിടിച്ച രമേശനും ശ്രീദേവിയും തിരിച്ചു ചാടിയതാണ് അവസാന നിമിഷം അവിശ്വാസം പരാജയപ്പെടാന്‍ ഇടയായത്.
മാര്‍ച്ച് 27നാണ് അവിശ്വാസം കൊണ്ടുവരാനുള്ള നീക്കം സിപിഎം തുടങ്ങിയത്. ലോക്ഡൗണ്‍ ആയതിനാല്‍ ഏപ്രില്‍ 27ലേക്ക് മാറ്റി. ഇതിനിടെ ഭരണസമിതി ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. എന്നാല്‍ സ്റ്റേ വെക്കേറ്റ് ചെയ്ത് ഇന്നലെ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് കൊണ്ടുവരാന്‍ ഹൈക്കോടതി ഉത്തരവായി.
കോണ്‍ഗ്രസ് അംഗങ്ങളായ രമേശനും ശ്രീദേവിയും സിപിഎം പാളയത്തില്‍ നിന്നും വഴുതിപോയി വീണ്ടും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ഇതോടെ സിപിഎം പദ്ധതി പൊളിഞ്ഞു. കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താനുമായി. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ഒന്‍പതും ബിജെപിക്ക് ഒരംഗവുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: