മുട്ടം: മഴയെ പേടിച്ച് വെള്ളം തുറന്ന് വിട്ടതോടെ മലങ്കര ജലാശയം വറ്റിവരണ്ടു. മഴക്കാലം ആരംഭിച്ചപ്പോള്‍ തന്നെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് വിട്ടിരുന്നു. പിന്നീട് അത് മൂന്നാക്കി. കഴിഞ്ഞ ദിവസം 6 ഷട്ടറുകളും 20 സെന്റീമീറ്റര്‍ തുറന്ന് വലിയ അളവില്‍ വെള്ളം തൊടുപുഴയാറ്റിലേക്ക് തുറന്ന് വിട്ടതോടെ ഡാമിനുള്ളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.
സെക്കന്റില്‍ 40000 ലിറ്ററോളം വെള്ളമാണ് പുറത്തേക്ക് പോകുന്നത്. ഡാമിലെ ജലനിരപ്പ് കാര്യമായി കുറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകളിലെ ജലനിരപ്പും കുറഞ്ഞു. വന്‍കിട കുടിവെള്ള പദ്ധതികള്‍ക്കും പമ്പിങിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജൂണ്‍ പകുതിയായിട്ടും കാലവര്‍ഷം ശക്തി പ്രാപിച്ചിട്ടില്ല. മഴ ശക്തമാകാതെ തന്നെ ഡാം തുറന്ന് വിട്ടത് അബദ്ധമായോ എന്ന സംശയം ഉയരുന്നുണ്ട്. ഡാമിനോട് ചേര്‍ന്നുള്ള കൈതോടുകളില്‍ വെള്ളം കുറഞ്ഞതോടെ സമീപത്തെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു.
കുളിക്കാന്‍ നൂറ് കണക്കിന് ജനങ്ങളാണ് ഈ ജലാശയത്തെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വെള്ളം തുറന്ന് വിട്ടതോടെ ജലനിരപ്പ് താഴ്ന്ന് കര കണ്ട ഭാഗത്ത് എങ്ങനെ കുളിക്കും എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇരു കനാലിലൂടെയും വെള്ളം വിട്ടത് നിര്‍ത്തിയതോടെ കനാല്‍വെള്ളത്തില്‍ കുളിച്ചിരുന്നവരും ബുദ്ധിമുട്ടിലായി. മഴ ശക്തമാകത്തതിനാല് തോടുകള്‍ ഒന്നും ജലസമൃദ്ധമായിട്ടില്ല. കനാലിലൂടെയുള്ള വെള്ളം നിലയ്ക്കുകയും ഡാമിനുള്ളില്‍ വെള്ളം ഇല്ലാത്തതിനാലും നൂറ് കണക്കിന് ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: