കെ കെ വാമനന്‍
എന്താണ് സൗന്ദര്യദര്‍ശനം?
സൗന്ദര്യത്തിന്റെ സ്വഭാവവും ആസ്വാദനവും സംബന്ധിച്ച നിയമാവലി എന്നാണ് ചിലര്‍ ഇതിനെ നിര്‍വചിക്കുന്നത്. സൗന്ദര്യം, കലാപരമായ അഭിരുചി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന തത്വശാസ്ത്രം എന്നും മറ്റു ചിലര്‍ ഇതിനെ വിശദീകരിക്കുന്നു. പാശ്ചാത്യദേശങ്ങളില്‍ ഇതിനെ Aestheticsഎന്നു പറയുന്നു. ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടത്(Aisthetikos), അറിയാന്‍ കഴിയുന്ന വസ്തുക്കള്‍(Aistheta),അറിയല്‍(Aisthesthai) എന്നീ വാക്കുകള്‍ പതിനെട്ടാം ശതകത്തിന്റെ അന്ത്യഭാഗത്ത് യൂറോപ്പില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. സൗന്ദര്യവുമായി ബന്ധപ്പെട്ടത് എന്ന അര്‍ത്ഥം ആ ദശകത്തിന്റെ മധ്യഭാഗത്ത് ജര്‍മ്മന്‍ ഭാഷയില്‍ രൂപപ്പെടുകയും പത്തൊന്‍പതാം ശതകത്തിന്റെ ആദിയില്‍ അത് ഇംഗ്ളീഷ് ഭാഷയില്‍ സ്വീകരിക്കുകയും ചെയ്തു എന്നു കരുതപ്പെടുന്നു. പക്ഷെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടം വരെ ആ പ്രയോഗത്തിന് സാര്‍വത്രികമായ അംഗീകാരം കിട്ടിയിരുന്നില്ലത്രെ.
സുകുമാരകലകളുടെ ശാസ്ത്രവും തത്വചിന്തയും എന്ന അര്‍ത്ഥത്തിലാണ് കെ.സി. പാണ്ഡേ ഇതിനെ കാണുന്നത് (Comparitive Aesthetics).. ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ ഈ ലഘുപരിചയത്തിന് പ്രധാനഅവലംബം അഭിനവഗുപ്തനേയും സൗന്ദര്യശാസ്ത്രത്തേയും സംബന്ധിച്ച ഇദ്ദേഹത്തിന്റെ കൃതികളാണ്.
ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ പഴക്കം
മുകളില്‍ സൂചിപ്പിച്ചതുപോലെ പാശ്ചാത്യദേശത്ത്, Sophist Gorgias, Socrates എന്നിവര്‍ സൗന്ദര്യശാസ്ത്രസംബന്ധമായ സിദ്ധാന്തങ്ങള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും, ഏതാണ്ടു പതിനെട്ടാം സൂറ്റാണ്ടു മുതല്‍ മാത്രമാണത്രേ സൗന്ദര്യശാസ്ത്രം പരക്കെ Aesthetics എന്ന പേരില്‍ പ്രത്യേകമായി അംഗീകരിക്കപ്പെടാന്‍ തുടങ്ങിയത്. ഭാരതത്തിലാകട്ടെ സൗന്ദര്യദര്‍ശനത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നാട്യശാസ്ത്രത്തെ സൂത്രരൂപത്തില്‍ അവതരിപ്പിക്കുന്ന ശിലാലി, കൃശാശ്വന്‍ എന്ന രണ്ടു പണ്ഡിതന്മാരെ പാണിനി പരാമര്‍ശിക്കുന്നുണ്ട്. അവരുടെ കൃതികള്‍ കണ്ടുകിട്ടിയിട്ടില്ല. ഈ വിഷയം സംബന്ധിച്ച് ഇന്നു നമുക്കു ലഭ്യമായ പുസ്തകങ്ങളില്‍ ഏറ്റവും പഴക്കമുള്ളത്് ഭരതമുനിയുടെ നാട്യശാസ്ത്രമാണ്. ഭരതമുനിയുടെ കാലം ഏതാണ്ട് 500 CE ആണെന്നു കരുതപ്പെടുന്നു. ഈ ഭരതമുനി തൊട്ട് കാശ്മീരിലെ അഭിനവഗുപ്തന്‍(950-1020 CE ) വരെ ആണ് ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ പ്രധാനആചാര്യന്മാര്‍.
മഹിമഭട്ടന്‍, ജഗന്നാഥപണ്ഡിതന്‍ തുടങ്ങിയ ചിലരൊഴികെ, പില്‍ക്കാലപണ്ഡിതന്മാരെല്ലാവരും തന്നെ അഭിനവഗുപ്തന്റെ വാക്കുകളെ സൗന്ദര്യദര്‍ശനത്തിന്റെ അവസാനവാക്കുകളായി കരുതിപ്പോന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ വിശദീകരണമായ അഭിനവഭാരതി, ആനന്ദവര്‍ധനന്റെ ധ്വന്യാലോകം എന്ന കൃതിയുടെ വ്യാഖ്യാനമായ ലോചനം എന്നിവയാണ് ഈ വിഷയത്തില്‍ അഭിനവഗുപ്തന്റെ വിഖ്യാതകൃതികള്‍. ഭട്ടലോല്ലടന്‍, ശങ്കുകന്‍, ഭട്ടനായകന്‍, ധനഞ്ജയന്‍, മഹിമഭട്ടന്‍, ആനന്ദവര്‍ധനന്‍, കുന്തകന്‍, രൂയ്യകന്‍, ഭാമഹന്‍, ദണ്ഡിന്‍, വാമനന്‍, ഉദ്ഭടന്‍ തുടങ്ങിയവരും ഭാരതീയസൗന്ദര്യശാസ്ത്രത്തെ പരിപോഷിപ്പിച്ച പ്രമുഖപണ്ഡിതരാണ്.
സമീപനവൈവിധ്യം
നാടകം, കാവ്യം/സാഹിത്യം, സംഗീതം, ശില്‍പം എന്നീ നാലു തരം ഉപാധികളിലൂടെ ആണ് പ്രധാനമായും സൗന്ദര്യാസ്വാദനം മനുഷ്യസമൂഹത്തിനു സാധ്യമാകുന്നത്. ഇവയില്‍ നാടകം ആണ് മുഖ്യം; മറ്റുള്ള കലകളെല്ലാം ഇതിന് ഉപോത്ബലകങ്ങള്‍ മാത്രം എന്നാണ് ഭരതമുനി, അഭിനവഗുപ്തന്‍ എന്നിവരുടെ അഭിപ്രായം. എന്നാല്‍ നാടകത്തെപ്പോലെതന്നെ സൗന്ദര്യാനുഭൂതി നല്‍കുന്ന കാവ്യം, സംഗീതം, ശില്‍പ്പം എന്നിവയ്‌ക്ക് സ്വതന്ത്രഅസ്തിത്വം ഉണ്ടെന്നാണ് അവയുടെ ആചാര്യന്മാരുടെ പക്ഷം.
പാണ്ഡെയുടെ അഭിപ്രായത്തില്‍ ഭാരതീയസൗന്ദര്യദര്‍ശനത്തില്‍ മൂന്നു തരം സൈദ്ധാന്തികസമീപനങ്ങളാണ് രൂപപ്പെട്ടത്. രസബ്രഹ്മവാദം (നാടകം, കാവ്യം), നാദബ്രഹ്മവാദം (സംഗീതം), വാസ്തുബ്രഹ്മവാദം (ശില്‍പ്പം) എന്നിവയാണവ.
സൗന്ദര്യദര്‍ശനത്തിന്റെ തുടക്കം
ഭാരതീയദര്‍ശനങ്ങളുടെ എല്ലാം തന്നെ തുടക്കം, വികാസം, പരിണാമം മുതലായവയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. സഹസ്രാബ്ദങ്ങളുടെ പഴക്കം ഭാരതീയസമൂഹത്തിനുണ്ട് എന്നും കാലാകാലങ്ങളില്‍ നിലനില്‍പ്പിനാവശ്യമായ പരിഷ്‌ക്കരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആ സാമൂഹ്യജീവിതത്തിന്റെ എല്ലാ വശങ്ങള്‍ക്കും ഒരു നൈരന്തര്യം ഉണ്ടെന്നും എന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
India An Archaeological History എന്ന പുസ്തകത്തില്‍ ദിലീപ് കെ. ചക്രവര്‍ത്തി എന്ന സമ്മതനായ പുരാവസ്തുപണ്ഡിതന്‍ പ്രാചീനശിലായുഗം തൊട്ടു വനം, ഗ്രാമം, പുരം എന്നീ ആവാസവ്യവസ്ഥകളും കുടുംബം, ഗോത്രം മുതലായ സാമൂഹ്യവ്യവസ്ഥകളും അടങ്ങുന്ന ഭാരതീയജീവിതത്തിന്റെ ഈ നൈരന്തര്യത്തെ ശാസ്ത്രീയമായ ഉത്ഖനനങ്ങളില്‍ നിന്നു കിട്ടിയ തെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
സാമൂഹ്യജീവിതത്തിന്റെ ആ ആരണ്യകതലം തൊട്ടു തന്നെ ഇത്തരം പഠനങ്ങള്‍ തുടങ്ങണം. അതിന് പുരാവസ്തുശാസ്ത്രം Archaeology),നരവംശശാസ്ത്രം (Anthropology), സാമൂഹ്യശാസ്ത്രം (Sociology) മുതലായ ആധുനികസങ്കേതങ്ങളേയും പ്രയോജനപ്പെടുത്തണം. സംസ്‌കൃതം, പ്രാകൃതം, പാലി തുടങ്ങിയ ഭാരതീയഭാഷകളില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളെ എല്ലാം ചേര്‍ത്തുവെച്ചുകൊണ്ടുള്ള പഠനങ്ങളേ യഥാര്‍ത്ഥചിത്രം നല്‍കൂ. അതേപോലെ വനവാസികളായ ഭാരതീയവിഭാഗങ്ങളുടെ തൊട്ടുള്ള തത്വചിന്തകള്‍, അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയേയും പഠനത്തില്‍ ഉള്‍ക്കൊള്ളിക്കുമ്പോഴേ അവയുടെ പൊതുഅടിത്തറയും അതാതിന്റെ സവിശേഷതകളും എല്ലാം തെളിഞ്ഞുകിട്ടുകയുള്ളൂ.
സൗന്ദര്യദര്‍ശനസാരം
ഭരതമുനി നാടകം ആണ് സൗന്ദര്യാസ്വാദനത്തിന്റെ മുഖ്യമായ ഉപാധി എന്നും മറ്റെല്ലാ ഉപാധികളും ഇതിനെ സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നവ ആണെന്നും പ്രസ്താവിക്കുന്നു. പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണും കാതും മാത്രം ആണ് നാടകകലയിലൂടെ സൗന്ദര്യാസ്വാദനത്തിനതകുന്നവ എന്നും അദ്ദേഹം കരുതുന്നു.
ഭരതമുനിയുടെ കാഴ്‌ച്ചപ്പാടില്‍, ധാര്‍മികമായ ജീവിതം നയിക്കാന്‍ എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്ക്, മധുരം പൊതിഞ്ഞ മരുന്നു പോലെ, പരോക്ഷമായ പ്രേരണ നല്‍കലാണ് ഈ കലയുടെ ലക്ഷ്യം. ദു:ഖം, നിഷേധാത്മകത എന്നിവയെ അകറ്റി ജീവിതം ഭാവാത്മകമാക്കാന്‍ ഈ കല ഉപകരിക്കുന്നു. ലജ്ജ പോലുള്ള ചില വികാരപ്രകടനങ്ങള്‍ സ്ത്രീസഹജമായതിനാല്‍ അവരും അഭിനേത്രികളാകണം എന്നും അദ്ദേഹം അനുശാസിക്കുന്നു.
ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് മുപ്പത്തിആറ് അധ്യായങ്ങളാണ് എന്നു ചിലര്‍ കരുതുന്നു. അഭിനവഗുപ്തനും മറ്റും മുപ്പത്തിഎഴ് ആയി പറയുന്നു. നാടകം രസത്തെ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു; അതിനുള്ള ഉപാധി ആണ് അഭിനയം എന്നതാണ് അതിലെ പ്രധാനപ്രമേയം. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നു നാലു തരത്തിലാണ് അഭിനയം. നാടകവേദി ഒരുക്കല്‍, സംവിധാനം എന്നിവയെ ഈ ഗ്രന്ഥത്തില്‍ വിസ്തരിച്ചു പറയുന്നുണ്ട്.
നൃത്തം, സംഗീതം മുതലായവയ്‌ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയിരിക്കുന്നു. നാടകം പത്തു തരമത്രേ. നാട്യശാസ്ത്രത്തില്‍ ഭരതമുനി നാട്യം അഥവാ അഭിനയം, നൃത്തം, സംഗീതം, രസം എന്നീ നാലെണ്ണത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇവയില്‍ ആദ്യത്തെ മൂന്നെണ്ണം നാലാമത്തേതായ രസത്തെ അവതരിപ്പിക്കാനുള്ള ഉപാധികള്‍ അഥവാ മാധ്യമങ്ങള്‍ ആണ്. നാടകശാലയുടെ വലുപ്പം മുതലായി ഭരതമുനി നാട്യശാസ്ത്രത്തില്‍ വര്‍ണ്ണിച്ചിരിക്കുന്ന എല്ലാം തന്നെ ഈ നാലെണ്ണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവ ആണെന്നു കാണാം.
എന്താണ് രസം-
രസം എന്നതിന് സംസ്‌കൃതഭാഷയില്‍ പല അര്‍ത്ഥങ്ങളുണ്ട്. വൈശേഷികദര്‍ശനത്തില്‍ അതു നാവുകൊണ്ട് അറിയേണ്ട രുചി ആണ്. ആയുര്‍വേദത്തില്‍ അത് ദഹനേന്ദ്രിയം ഭക്ഷണത്തില്‍ നിന്നും രൂപപ്പെടുത്തി ആഗിരണം ചെയ്യുന്ന ദ്രവം ആണ്. പഴങ്ങളുടെയും മറ്റും ചാറ്, ഒരുതരം ദ്രവലോഹം (Mercury), താല്‍പ്പര്യം മുതലായ അര്‍ത്ഥങ്ങളും അതിനുണ്ട്. സൗന്ദര്യദര്‍ശനത്തില്‍ അത് സൗന്ദര്യാസ്വാദനത്തിനുള്ള വസ്തു (Object) ആണ്.
രസം പ്രപഞ്ചത്തിലെ സൃഷ്ടികളിലൊന്നല്ല. മറിച്ച് നാടകകലയുടെ ഉല്‍പ്പന്നമാണ്. അത് വൈവിധ്യങ്ങള്‍ക്ക് അധിഷ്ഠാനമായ ഏകാത്മത ആണ്. അത് വിഭാവം, അനുഭാവം, വ്യഭിചാരീഭാവം, സ്ഥായീഭാവം (ഇത് എട്ടുതരത്തിലെന്നു ഭരതമുനി) എന്നീ വ്യത്യസ്തഘടകങ്ങളെ ഏകോപിപ്പിക്കുമ്പോള്‍ ഉരുത്തിരിയുന്ന ഒന്നാണ്. ഭാവം എന്നാല്‍ ഇവിടെ മനസ്സിന്റെ അവസ്ഥ എന്നര്‍ത്ഥം. രസോ വൈ സ: തുടങ്ങിയ തത്വചിന്താപരമായ തലത്തിലല്ല രസത്തെ ഭരതമുനി കണ്ടത് മറിച്ച് പ്രേക്ഷകന്റെ മനോരഞ്ജനത്തിനുള്ള വസ്തു മാത്രമായിട്ടാണെന്നു പാണ്ഡേ അഭിപ്രായപ്പെടുന്നു.
ഭരതമുനിയുടെ നിലപാട,് പലതരം രുചികളുള്ള നിരവധി ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന ശാണ്ഡവരസ (ഒരു കറിക്കൂട്ട്) ത്തിനു കൈവരുന്ന പ്രത്യേക രുചി പോലെ അഭിനേതാക്കളുടെ വേഷഭൂഷകള്‍, വികാരപ്രകടനം തുടങ്ങിയ നാടകാവതരണവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ ചേരും പടി ചേര്‍ക്കപ്പെടുമ്പോള്‍ ഉടലെടുക്കുന്ന ഒരു പുതിയ വസ്തുവാണ് രസം എന്നതാണ്.
ഇതിന്റെ അര്‍ത്ഥം പ്രേക്ഷകന്‍ എന്ന രസാസ്വാദകനെ ഭരതമുനി പരിഗണിച്ചിട്ടില്ല എന്നല്ല. നേരെ മറിച്ച് നാട്യശാസ്ത്രത്തിന്റെ ഇരുപത്തിയേഴാം അദ്ധ്യായത്തില്‍ ആസ്വാദകനു വേണ്ട യോഗ്യതകളെ മുനി വിവരിക്കുന്നുണ്ട്. യോഗ്യനായ ആസ്വാദകന്‍ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുമ്പോഴാണ് രസാസ്വാദനം സംഭവിക്കുന്നത് എന്നാണ് ഭരതമുനിയുടെ മതം. താദാത്മ്യമല്ല അനുമാനം ആണ് രസാസ്വാദനത്തിനു വഴി ഒരുക്കുന്നത് എന്ന ശ്രീശങ്കുകമതത്തെ അഭിനവഗുപ്തന്‍ സ്വീകരിക്കുന്നില്ല. മേല്‍പ്പറഞ്ഞ ഭരതമുനിയുടെ അഭിപ്രായത്തെ ആണ് അദ്ദേഹം പിന്താങ്ങുന്നത്.
ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ വ്യാഖ്യാതാക്കളായ ഭട്ടലോല്ലടന്‍, ശ്രീശങ്കുകന്‍, ഭട്ടനായകന്‍ എന്നീ മൂന്നു പണ്ഡിതന്മാരുടെ വ്യത്യസ്തവീക്ഷണങ്ങളെ അഭിനവഗുപ്തന്‍ തന്റെ അഭിനവഭാരതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഭട്ടലോല്ലടന്‍ രസതത്ത്വത്തെ വിശദീകരിക്കുമ്പോള്‍ ആസ്വാദകനെ കണക്കിലെടുക്കുന്നില്ല. അദ്ദേഹത്തിന്റെ നിര്‍വചനപ്രകാരം മേല്‍പ്പറഞ്ഞ വിഭാവ, അനുഭാവ, വ്യഭിചാരീഭാവാദി വൈവിധ്യങ്ങളുടെ മധ്യത്തില്‍ ഉരുത്തിരിയുന്ന സ്ഥായീഭാവം ആണ് രസം. ഇത് ‘സ്ഥായീഭാവോ രസ: സ്മൃത:’ എന്ന പാരമ്പര്യവീക്ഷണം തന്നെ ആണ് എന്നു പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു.
ഭട്ടലോല്ലടന്റേത് പ്രായോഗികവീക്ഷണവും അതിനെ വിമര്‍ശിക്കുന്ന ശ്രീശങ്കുകന്റേത് താത്വികവും ആണെന്നാണ് പാണ്ഡേയുടെ അഭിപ്രായം. അതായത് നാട്യവേദിയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്ന രസമല്ല ആത്യന്തികമായി പ്രേക്ഷകനില്‍ ഉണ്ടാകുന്ന രസാനുഭവം ആണ് ശ്രീശങ്കുകന്‍ ചര്‍ച്ചാവിഷയമാക്കിയത്. ശങ്കുകന്‍ ന്യായശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ചാണ് തന്റെ വാദഗതികളെ സമര്‍ത്ഥിക്കുന്നത്. രസതത്വാവതരണത്തില്‍ അനുകരണവും അനുമാനവും സമര്‍ത്ഥിക്കുന്ന ശങ്കുകന്‍ അനുഭവത്തിന്റെ അനിര്‍വചനീയത, സ്ഥായീഭാവത്തെ അവതരിപ്പിക്കുന്നതില്‍ ഭാഷയുടെ അപര്യാപ്തത, അനുഭവത്തിലെ വൈരുധ്യാത്മകത എന്നിങ്ങനെയുള്ള നൂതനആശയങ്ങളും മുന്നോട്ടുവെക്കുന്നു. ഭട്ടനായകന്‍ (883902 CE) വിവര്‍ത്തവാദവേദാന്തം, സാംഖ്യം എന്നിവയെ ആസ്പദമാക്കി പുതിയ ഒരു സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്.
ആധുനികകാലത്ത് പി. പഞ്ചാപഗേശ ശാസ്ത്രി സൗന്ദര്യദര്‍ശനത്തിന് ശാങ്കരവേദാന്തം അനുസരിച്ചുള്ള വിശദീകരണം നല്‍കിയിട്ടുണ്ട്(Philosophy of Aesthetic Pleasure).. ഭട്ടനായകന്‍ ഹൃദയദര്‍പ്പണം എന്ന ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. വിവര്‍ത്താദൈ്വതസിദ്ധാന്തത്തിലെ മായാ, ആനന്ദം എന്നിവയെക്കുറിച്ചുള്ള കല്‍പ്പനകള്‍ അദ്ദേഹം തന്റെ സമീപനത്തെ സാധൂകരിക്കാന്‍ പ്രയോജനപ്പെടുത്തുന്നു. കാവ്യഭാഷയ്‌ക്ക് അഭിധാ, ഭാവകത്വം, ഭോജകത്വം എന്നിങ്ങനെ മൂന്നു ശക്തികള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു.
സാധാരണമായി സുഖം, ദു:ഖം, നിര്‍വേദം (സുഖവും ദു:ഖവും രണ്ടും അനുഭവപ്പെടാതിരിക്കല്‍) എന്നീ മൂന്ന് അവസ്ഥകള്‍ ഇടകലര്‍ന്നാണല്ലോ നമുക്ക് അനുഭവത്തിലുള്ളത്. ഇവയ്‌ക്ക് യഥാക്രമം സത്വം, രജസ്സ്, തമസ്സ് എന്നിവയാണ് കാരണങ്ങള്‍. ഈ ത്രിഗുണസംഘാതം ആണല്ലോ അവിദ്യ. അന്നമയകോശം, മനോമയകോശം, ബുദ്ധിമയകോശം, ജ്ഞാനമയകോശം, ആനന്ദമയകോശം എന്നീ പഞ്ചകോശങ്ങളിലെ ആനന്ദമയകോശം എന്നത് അവിദ്യയുടെ ഘടകമായ ശുദ്ധസത്വഗുണത്തിന് ആധിക്യം ഉള്ള അവസ്ഥ ആണ്. അതായത് മറ്റു രണ്ടു ഗുണങ്ങളും നിശ്ശേഷം പോയിട്ടില്ല. അതിനും അപ്പുറത്താണ് ആനന്ദം എന്ന ശുദ്ധസത്വം മാത്രമായ അവസ്ഥ.
സാംഖ്യദര്‍ശനത്തില്‍ ഭോജകത്വത്തിലെ ഭോഗം എന്നത് നാലു ഘടകങ്ങള്‍ ചേരുമ്പോള്‍ ആണ് ഉണ്ടാകുക. പുരുഷന്‍ (Subject), ബുദ്ധി, ബുദ്ധിയിലെ വസ്തു (Object) പ്രതിഫലനം, അഹങ്കാരം എന്നിവയാണ് അവ. ഒരുവന് ബാഹ്യവസ്തുജ്ഞാനം ഉണ്ടാകുന്ന ക്രമം ഇപ്രകാരമാണ്- ബുദ്ധിയില്‍ വസ്തു(Object) വിന്റെ പ്രതിഫലനം വെളിയില്‍ നിന്നും ഉണ്ടാകുന്നു. പുരുഷ ((Subject) ന്റെ പ്രതിഫലനം ഉള്ളില്‍നിന്നും ഉണ്ടാകുന്നു. അഹങ്കാരം രണ്ടിനേയും ഒന്നിപ്പിക്കുന്നു. അവ രണ്ടും ഇട കലരുന്നു. വസ്തു പ്രകാശിക്കുന്നു. ഇതാണ് ജ്ഞാനം (അറിവ്). ഇതിനെ ആണ് ഭോഗം എന്ന സാങ്കേതികപദം അര്‍ത്ഥമാക്കുന്നത്.
ശങ്കരാചാര്യരുടെ വിവര്‍ത്താദൈ്വതദര്‍ശനത്തിന്റെയും സാംഖ്യദര്‍ശനത്തിന്റെയും മേല്‍പ്പറഞ്ഞ സങ്കേതങ്ങളെയാണ് പ്രധാനമായും തന്റെ രസസിദ്ധാന്തത്തിന് അടിസ്ഥാനമാക്കുന്നത്. അഭിനവഗുപ്തനാകട്ടെ തന്ത്രമാര്‍ഗത്തിലെ അദൈ്വതദര്‍ശനത്തിന്റെ തന്നെ ഒരു ആവിഷ്‌കാരമായ പ്രത്യഭിജ്ഞാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സൗന്ദര്യദര്‍ശനത്തെ വിശദീകരിക്കുന്നത്. ത്രികം, ആഭാസവാദം, സ്വാതന്ത്ര്യവാദം എന്നെല്ലാം ഈ ദര്‍ശനത്തിനു പേരുകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ സമീപനം യുക്തിയുടേയും ആധ്യാത്മികാനുഭൂതിയുടേയും പശ്ചാത്തലത്തിലാണ്. ആ സമീപനത്തില്‍ മറ്റെല്ലാ ദര്‍ശനങ്ങള്‍ക്കും അദ്ദേഹം ഇടം കൊടുക്കുന്നുമുണ്ട്. ബോധത്തിന്റെ അദൈ്വതതലത്തില്‍ നിന്നും ദൈ്വതതലം വരെയുള്ള പരിണാമത്തെ ഷള്‍ത്രിംശത്തത്വങ്ങള്‍ എന്ന മുപ്പത്തിആറു ഘടകങ്ങള്‍ കൊണ്ടാണ് തന്ത്രവും പ്രത്യഭിജ്ഞാദര്‍ശനവും വിശദീകരിക്കുന്നത്. ഇവയില്‍ ചില തലങ്ങളുമായി ബന്ധിപ്പിച്ചാണ് അഭിനവഗുപ്തന്‍ ദര്‍ശനസമന്വയം സാധിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ശിവതത്വം തൊട്ടുള്ള മുപ്പത്തിആറു തത്വങ്ങളിലെ മൂന്നാമത്തെ തത്വമായ സദാശിവതത്ത്വമാണ് ശങ്കരാചാര്യരുടെ വിവര്‍ത്തസിദ്ധാന്തത്തിലെ ബ്രഹ്മതത്വം. ബുദ്ധിതത്വത്തിലാണ് ബൗദ്ധദര്‍ശനങ്ങളുടെ സ്ഥിതി.
പ്രത്യഭിജ്ഞാസിദ്ധാന്തത്തിലെ ശൂന്യപ്രമാതാവ് എന്ന കല്‍പ്പനയിലാണ് ബൗദ്ധശൂന്യവാദത്തിന്റെ പ്രസക്തി. പുരുഷതത്വമാണ് സാംഖ്യദര്‍ശനത്തിലെ പുരുഷസങ്കല്‍പം. ഈ മുപ്പത്തിആറു തത്വങ്ങളും അനുത്തരം എന്ന തത്വാതീതതത്വവും ആണ് പ്രത്യഭിജ്ഞാദര്‍്ശനത്തിലെ പ്രധാനസങ്കേതങ്ങള്‍. ആണവം, മായീയം, കാര്‍മ്മം എന്നീ മൂന്നു മലങ്ങള്‍ നിമിത്തമാണ് ജീവന് താന്‍ അനുത്തരതത്വം ആണ് എന്ന സത്യത്തിന്റെ വിസ്മൃതി സംഭവിക്കുന്നത്.
ക്രിയോപായം, ജ്ഞാനോപായം, ഇച്ഛോപായം എന്നീ മൂന്നുപായങ്ങളിലൂടെ സത്യത്തിന്റെ പ്രത്യഭിജ്ഞ ഉണ്ടാകും. നാലാമതൊരു വഴിയുമുണ്ട്. അതിന് അനുപായം എന്നു പറയുന്നു അത് സഹജമായി ഉണ്ടാകുന്ന അനുത്തരാനുഭൂതി ആണ്. ഈ പ്രത്യഭിജ്ഞാദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സൗന്ദര്യദര്‍ശനത്തിലെ നിരവധി സമസ്യകള്‍ക്ക് ആധ്യാത്മികാനുഭൂതിയുടെ പശ്ചാത്തലത്തില്‍ യുക്ത്യധിഷ്ഠിതമായ വിശദീകരണം അഭിനവഗുപ്തന്‍ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്ക് ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ അവസാനവാക്കായി പില്‍ക്കാലത്തെ പണ്ഡിതരില്‍ ഭൂരിഭാഗവും കണക്കാക്കിപ്പോന്നത്.
തന്ത്രത്തിലെ അദൈ്വതദര്‍ശനം
ഈ ദര്‍ശനം അനുസരിച്ച് അടിസ്ഥാനസത്ത പ്രകാശം (ശിവതത്വം), വിമര്‍ശം (ശക്തിതത്വം) എന്നീ രണ്ടു ധ്രുവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സച്ചിദാനന്ദസ്വരൂപം ആണ്. അത് ആനന്ദഘനം മാത്രമല്ല ആനന്ദത്തെ നിരന്തരം അനുഭവിക്കുന്ന ബോധാവസ്ഥയും ആണ്. ഈ ആനന്ദാവസ്ഥയെയാണ് സമാധ്യവസ്ഥയില്‍ എത്തിയാല്‍ മനുഷ്യരും അനുഭവിക്കുന്നത്. ബ്രഹ്മസത്തയില്‍ സഹജമായി നടക്കുന്ന ആനന്ദാനുഭൂതിയെ പ്രകാശവിമര്‍ശസാമരസ്യം, ശിവശക്തിമേളനം എന്നെല്ലാം പറയുന്നു. ഈ സാമരസ്യം, ഈ മേളനം ആണ് ജ്ഞാതാവ് (Subject), ജ്ഞേയം(Object), അവയുടെ മേളനത്തില്‍ നിന്നുടലെടുക്കുന്ന ജ്ഞാനം എന്ന ത്രിതയരൂപമായ പ്രപഞ്ചം ആയി സങ്കുചിതജീവാവസ്ഥയില്‍ അനുഭവപ്പെടുന്നത്.
വെള്ളവും തിരകളും പോലെ ഈ പ്രപഞ്ചഘടകങ്ങളെല്ലാം തന്നെ ബ്രഹ്മസ്വരൂപമാകയാല്‍ പ്രപഞ്ചവും ബ്രഹ്മം പോലെ യഥാര്‍ത്ഥമാണ്. ബ്രഹ്മം തന്നെ പ്രപഞ്ചം. മേല്‍പ്പറഞ്ഞ മുപ്പത്തിആറു തത്വങ്ങളിലെ കലാ, രാഗം, അവിദ്യാ, കാലം, നിയതി എന്നീ അഞ്ചു തത്വങ്ങള്‍ അപരിമിതമായ അനന്തമായ ബ്രഹ്മാവസ്ഥയില്‍, അതിന്റെ തന്നെ ആനന്ദാനുഭവത്തിന്റെ ഫലമായി, ജലത്തില്‍ ജലകണങ്ങള്‍ രൂപപ്പെടുന്നതുപോലെ, കടലില്‍ അലമാലകള്‍ ഉണ്ടാകുന്നതു പോലെ പരിമിതബോധാനുഭൂതി ഉണ്ടാക്കുന്നു. അതാണ് ജീവികളും മറ്റ് അചേതനവസ്തുക്കളും അടങ്ങിയ നമ്മുടെ ദൈ്വതപ്രപഞ്ചബോധം. ഇതിന്റെ രണ്ടു ധ്രുവങ്ങളും, അതായത് വ്യക്തി (Subject) യും വസ്തു (Object) വും രണ്ടും ബോധസ്വരൂപങ്ങള്‍ തന്നെ. ജീവാവസ്ഥയില്‍ ദൈ്വതപ്രപഞ്ചാനുഭവവും ബ്രഹ്മാവസ്ഥയില്‍, ‘ആത്മാനം ആത്മന്യവലോകയന്തം’ എന്നു കുമാരസംഭവത്തില്‍ മഹാകവി കാളിദാസന്‍ പരമശിവന്റെ ധ്യാനത്തെ വര്‍ണ്ണിച്ചതു പോലെ, പൂര്‍ണ്ണമായ ആനന്ദാനുഭവവും സദാ ഏകകാലത്ത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ‘ഭോഗോ യോഗായതേ’ എന്ന പ്രസിദ്ധമായ തന്ത്രവചനത്തിന്റെ പൊരുള്‍ ഇതാണ്. തന്മൂലം ജീവികളുടെ ചെറുതും വലുതുമായ എല്ലാ ചലനങ്ങളും ബ്രഹ്മത്തിന്റെ ആനന്ദാനുഭൂതിയുടെ ചെറിയ പതിപ്പുകളാണ്. ജീവിതത്തിന്റെ എല്ലാ വ്യാപാരങ്ങളുടെയും പിന്നിലുള്ള ചോദന ഈ ആനന്ദാനുഭവത്തിനുള്ള ദാഹമാണ്, ത്വരയാണ്.
പഞ്ചേന്ദ്രിയങ്ങള്‍ വഴിക്കാണല്ലോ നാം പ്രപഞ്ചത്തെ അറിയുന്നതും അനുഭവിക്കുന്നതും. സാധാരണയായി ചില പ്രപഞ്ചാനുഭവങ്ങള്‍ നമുക്ക് സന്തോഷവും സുഖവും തരുമ്പോള്‍ മറ്റു ചിലത് സന്താപവും ദു:ഖവും തരുന്നു. തന്ത്രത്തിന്റെ കാഴ്‌ച്ചപ്പാട്് നമ്മെ മതി മറക്കാന്‍ സഹായിക്കുന്ന അനുഭവങ്ങള്‍ എല്ലാം തന്നെ ക്ഷണനേരത്തേക്കെങ്കിലും നമ്മെ ബ്രഹ്മാവസ്ഥയിലെത്തിക്കുന്നു; അതു വഴി ആനന്ദസ്ഫുരണം നമ്മിലുണര്‍ത്തുന്നു എന്നതാണ്. ഇതാണ് നാടകം, നൃത്തം, സംഗീതം, കാവ്യം/സാഹിത്യം എന്നീ മാധ്യമങ്ങളിലൂടെയുള്ള രസാസ്വാദനത്തിന്റെയും പൊരുള്‍.
പാശ്ചാത്യദേശത്ത് Sophist Gorgias (470 B.C.E), Socrates (469-þ399 B. C.E), Croce (1866þ-1952) എന്നിവരാണത്രേ സൗന്ദര്യശാസ്ത്രത്തിന് അടിത്തറ പാകിയവര്‍. ഈ ആദ്യാവതാരകര്‍ നേരിട്ട സമസ്യകള്‍ക്കും ആധുനികപാശ്ചാത്യസൗന്ദര്യശാസ്ത്രം ഇന്നു നേരിടുന്ന സമസ്യകള്‍ക്കും സമാധാനം ഭരതമുനി തൊട്ട്്് അഭിനവഗുപ്തന്‍ വരെയുള്ള ആചാര്യന്മാരുടെ സിദ്ധാന്തങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ഇന്ന് പാശ്ചാത്യസൗന്ദര്യശാസ്ത്രവിചക്ഷണര്‍ മനസ്സിലാക്കി വരുന്നു. ഒരു കാലത്ത് ഭാരതീയര്‍ക്ക് സൗന്ദര്യശാസ്ത്രം ഇല്ല എന്നാണ് പാശ്ചാത്യലോകം കരുതിയിരുന്നത്. ഇന്ന് ആധ്യാത്മികാനുഭൂതി എന്ന അപരോക്ഷാനുഭൂതിയുടെ പശ്ചാത്തലത്തില്‍ തികച്ചും യുക്തിഭദ്രമായ ഭാരതീയസൗന്ദര്യദര്‍ശനത്തിന് അവിടെയും ആരാധകര്‍ ഏറി വരുകയാണ്.











