മനുഷ്യജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍വയ്യാത്ത ഭാഗമാണ് പ്രശ്നങ്ങളും വെല്ലുവിളികളും. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ചിലപ്പോള്‍ നമ്മള് പതറിപ്പോകാം. ചിലപ്പോള്‍ നിരാശയിലും ഭയത്തിലും ആണ്ടുപോകാം. എന്നാല്‍ ഒരു കാര്യം നമ്മള് മറക്കരുത്, പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള ശക്തി നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. പ്രയത്നം ചെയ്യാനുള്ള മനസ്സും ശുഭാപ്തി വിശ്വാസവുമുണ്ടെങ്കില്‍ ആ ശക്തിയെ നമുക്ക് ഉണര്‍ത്താന്‍ സാധിക്കും.
നല്ല ആരോഗ്യമുള്ള ഒരു മനുഷ്യന് ഭക്ഷണം കഴിയ്ക്കാതെ നാല്പത് ദിവസംവരെ ജീവിയ്ക്കാന്‍ കഴിയും. എന്നാല്‍ വെള്ളം കിട്ടിയില്ലെങ്കില്‍ അവന് കുറച്ചു ദിവസംപോലും ജീവന് നിലനിര്‍ത്താന്‍ കഴിയില്ല. പ്രാണവായു ഇല്ലെങ്കിലോ? ഏറിയാല്‍ എട്ടു മിനിറ്റ് നമുക്ക് ജീവന് പിടിച്ചുവയ്ക്കാന്‍ കഴിഞ്ഞേയ്ക്കും. പക്ഷെ, പ്രതീക്ഷ നഷ്ടമായാല്‍ ആ നിമിഷം മരിച്ചതിനുതുല്യമാണ്.
ഒരിക്കല്‍ ഒരു തവള റോഡിലൂടെ ചാടിച്ചാടി നടക്കുന്നതിനിടയില്‍ ഒരു കുഴിയില്‍ വീണുപോയി. കുഴിയില്‍നിന്നു പുറത്തു കടക്കാന്‍ അത് ആവുന്നത്ര ശ്രമിച്ചു. പക്ഷെ, സാധിച്ചില്ല. അപ്പോള്‍ അതുവഴിവന്ന ഒരു മുയല് തവളയുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ് അതിനെ സഹായിയ്ക്കാന്‍ മുന്നോട്ടുവന്നു. പക്ഷേ തവളയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുയല് പോയി മറ്റു മൃഗങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവരും തവളയെ പുറത്തെത്തിക്കാന്‍ ആവതു ശ്രമിച്ചു. സാധിച്ചില്ല. എല്ലാവരും തളര്‍ന്നു. പോരാത്തതിന് വിശപ്പും. ആ മൃഗങ്ങള്‍ പറഞ്ഞു, ‘ഞങ്ങള്‍ പോയി വല്ലതും കഴിച്ച് നിനക്കുള്ള ആഹാരവുമായി വരാം. അതുവരെ ക്ഷമിച്ചിരിക്ക്.’ ഇത്രയും പറഞ്ഞ് ആ മൃഗങ്ങള്‍ പിരിഞ്ഞു. എന്നാല്‍ അവര്‍ അധികം ദൂരം ചെന്നില്ല. അതിനു മുന്‍പ് അവരുടെ മുന്പില് അതാ നമ്മുടെ തവള ചാടി വീഴുന്നു! എല്ലാവരും ഒറ്റശ്വാസത്തില്‍ ചോദിച്ചു, ”നീയെങ്ങനെ ഇത്ര പെട്ടന്ന് പുറത്തുകടന്നു?” തവള പറഞ്ഞു. ”പുറത്തു കടക്കാന്‍ കഴിയില്ലെന്നുകരുതി ഞാന്‍ വിഷമിച്ചിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് ഒരു ട്രക്ക് എന്റെ നേരെ പാഞ്ഞു വരുന്നത് കണ്ടത്. ഞാന്‍ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ഒറ്റച്ചാട്ടം, ദാ, ഇവിടെയെത്തി!”
ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ നമ്മളിലെ ശക്തി ഉണര്‍ത്തുന്നതിനുവേണ്ടി ഈശ്വരന് ഒരുക്കുന്ന സാഹചര്യങ്ങളാണെന്നു കാണണം. കാലില്‍ ചെറിയ മുള്ളു തട്ടുമ്പോള്‍, നാം ഒന്നുകൂടി ശ്രദ്ധയോടെ നടക്കും. വലിയ കുഴിയില്‍ വീഴുന്നതില്‍നിന്നും അതു നമ്മെ രക്ഷിക്കും. മുന്നിലൊരു പാമ്പുണ്ടെങ്കിലും ശ്രദ്ധിച്ചുനടക്കുന്നതുകൊണ്ടു അതിന്റെ കടിയില്‍നിന്നു രക്ഷപെടാന്‍ നമുക്കു കഴിയും.
എന്നും ചെറിയ ചെറിയ ഭാരംമാത്രം പൊക്കിക്കൊണ്ടിരുന്നാല് ചാമ്പ്യനാകാന്‍ സാധിക്കില്ല. ചാമ്പ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ ഉയര്‍ത്തുന്ന ഭാരം ക്രമേണ വര്‍ദ്ധിപ്പിക്കണം. ആദ്യം ഇരുപത്തഞ്ചു കിലോ, പിന്നെ മുപ്പതുകിലോ, പിന്നെ നാല്പത്, പിന്നെ അമ്പതു് ഇങ്ങനെ കൂട്ടിക്കൂട്ടി പോകണം. അങ്ങനെ നിരന്തരം ശ്രമിക്കുന്നവര്‍ മാത്രമേ ഏതു രംഗത്തും വിജയിച്ചുകാണുന്നുള്ളു. നദി നീന്തിക്കടക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവന് പ്രയത്നം വിടാതെ തുടര്‍ന്നാല്‍ പിന്നീട് അവനു കടലിടുക്ക് കടക്കുവാന്‍ കഴിയും.
നമ്മളില്‍ അത്ഭുതകരമായ ശക്തിയുണ്ട്. എന്നാല്‍ നമ്മള് അത് മനസ്സിലാക്കുന്നില്ലെന്നു മാത്രം. പ്രശ്നങ്ങളും പ്രതിസന്ധികളും ആ ശക്തിയെ കണ്ടെത്തുവാനും ഉണര്‍ത്താനുമുള്ള നിമിത്തങ്ങള്‍ മാത്രമായി കാണാന്‍ ശ്രമിക്കണം. ഈയൊരു കാഴ്ചപ്പാടോടെ ഓരോ പ്രതിസന്ധിയെയും സ്വീകരിക്കുവാന്‍ നമുക്കു കഴിയണം. സ്വീകരിക്കല്‍ മനോഭാവമുണ്ടെങ്കില്‍ ഏതു പ്രയാസഘട്ടത്തെയും തരണംചെയ്യാന്‍ സാധിക്കും. ഗര്‍ഭിണിയായ അമ്മ സന്തോഷപൂര്‍വ്വം പത്തുമാസം കുഞ്ഞിനെ തന്റെ ഉദരത്തില്‍ വഹിക്കാറുണ്ടല്ലോ. എവിടെ പ്രതീക്ഷയും പ്രയത്നവും ഉണ്ടോ അവിടെ വിജയം സുനിശ്ചിതമാണ്. നമുക്ക് പ്രതീക്ഷ കൈവിടാതിരി്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: