ഇരിട്ടി: ഇരിട്ടി പട്ടണം ഉൾപ്പെടുന്ന നഗരസഭയിലെ ഒൻപതാം വാർഡിലെ പയഞ്ചേരിയൽ 70 കാരൻ കോവിഡ് ബാധിച്ച് മരിച്ചത് പ്രദേശത്തെ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കി. കഴിഞ്ഞ ആഴ്ചയാണ് പയഞ്ചേരിൽ പ്രവാസിയായി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് . ഇയാളും ഇപ്പോൾ മരിച്ച ഇയാളുടെ പിതാവും ഉൾപ്പെടെയുള്ള അഞ്ചംഗ കുടുംബം മസ്‌ക്കറ്റിൽ നിന്നും എത്തി ഒരുമിച്ച് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതിനാൽ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. എന്നാൽ നാലു ദിവസം കഴിഞ്ഞ് ഇരിട്ടി നഗരം ഉൾപ്പെടുന്ന വാർഡിനെ കണ്ടയിമെന്റ് സോണാക്കി അടച്ചിടൽ പ്രഖ്യാപിച്ചു. ഇരിട്ടി ബസ്റ്റാന്റ് ഉൾപ്പെടെ അടച്ചിട്ടുകൊണ്ടായിരുന്നു നിയന്ത്രണം.
രാഷ്‌ട്രീയ പാർട്ടികൾ ചേരിതിരിഞ്ഞ് ഇതിനെതിരെ ആരോപണ പ്രത്യോരോപണങ്ങൾ ഉയർത്തുന്നതിനിടയിലാണ് കോവിഡ് ബാധിതന്റെ പിതാവ് രോഗം ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ മാസം 22നാണ് ഇവരുടെ കുടുംബം മസ്‌ക്കറ്റിൽ നിന്നും നാട്ടിലെത്തിയത്. പയഞ്ചേരിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ 70കാരന്റെ മകന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ആശുപതിയിലേക്ക് മാറ്റിയിട്ടും കൂടെ താമസമാക്കിയ കരൾ രോഗത്തിന് ഉൾപ്പെടെ തുടർ ചികിത്സ നടത്തുന്ന 70 കാരനെ മറ്റ് കുടുംബാംഗങ്ങളേയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിൽ വീഴ്‌ച്ചയുണ്ടായി.
എന്നാൽ ഇതിനിടയിൽ ഇവർ അധികൃതരെ ആരേയും ഒന്നും അറിയിക്കാതെ കൂത്തുപറമ്പിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവർ ക്വാറന്റയിൻ വ്യവസ്ഥകൾ പാലിച്ചു കൊണ്ടാണ് അവിടെ കഴിഞ്ഞിരുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചത്. ബുധനാഴ്‌ച്ച റിസർട്ട് വന്നപ്പോൾ 70കാരനും അയാളുടെ ഭാര്യക്കും മകന്റെ ഭാര്യക്കും രോഗം സ്ഥീരികരിച്ചു. ഇതോടെ മാസങ്ങളായി ലോക്ക്ഡൗണിൽ കിടക്കുന്ന നഗരം പൂർവ്വ സ്ഥിതിയിലാകണമെങ്കിൽ ഇനിയും ഏറെ വൈകുമെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്.
മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടച്ചിടലിന്റെ ഗുണ ദോഷങ്ങളെപ്പറ്റിയുള്ള വാദപ്രതിവാദങ്ങളും നിറയുകയാണ്. തില്ലങ്കേരിയിൽ സമ്പർക്കം വഴി രോഗം ഉണ്ടായ ഒരാൾ ഇരിട്ടിയിൽ വ്യാപാരിയായിരുന്നുവെന്നതും സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്കയും ഏറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: