വൈക്കം: വൈക്കത്തപ്പന്റെ സന്നിധാനത്ത് പൂക്കള്‍ക്കൊപ്പം സംഗീതം കൊണ്ടും അര്‍ച്ചന നടത്താന്‍ അസുലഭ ഭാഗ്യം ലഭിച്ച മേല്‍ശാന്തിയായിരുന്നു അന്തരിച്ച ടി.എന്‍. ദാമോദരന്‍ നമ്പൂതിരി. അഷ്ടമി ഉത്സവനാളുകളില്‍ വൈക്കത്തപ്പന്റെ തിരുമുന്നില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കച്ചേരി ആസ്വദിക്കുവാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്.
പാരമ്പര്യമായി കിട്ടിയ പൂജാദികര്‍മ്മങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് അദ്ദേഹം നിര്‍വഹിച്ചിരുന്നത്. 54 വര്‍ഷത്തോളം വൈക്കത്തപ്പനെ പൂജിച്ച അദ്ദേഹം സംഗീത പ്രിയന്‍ കൂടിയായിരുന്നു.
വൈക്കത്തപ്പന്റെ ഉപാസകനായിരുന്ന അദ്ദേഹം നിരവധി കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്. കെ.സി. കല്യാണസുന്ദരത്തിന്റെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച വൈക്കത്തപ്പന്‍ സുപ്രഭാതം എറെ പ്രശസ്തമാണ്. വിവിധ ദേവി ദേവന്‍മാരെ പ്രകീര്‍ത്തിച്ചുള്ള ഭക്തി, രസപ്രധാനമായ മലയാളഗാനങ്ങളും ദാമോദരന്‍ നമ്പൂതിരി രചിച്ചിട്ടുണ്ട്. രണ്ടു പ്രാവശ്യം ഹിമാലയ യാത്ര ചെയ്ത് അവിടുത്തെ വിവരങ്ങള്‍ സംസ്‌കൃത പദ്യരുപത്തില്‍ രചിച്ചു.
വൈക്കം ക്ഷേത്രത്തിലെ മാന്യ സ്ഥാനത്ത് വൈക്കത്തപ്പന് പാര്‍വതി ദേവി വിളമ്പി കൊടുക്കുന്ന ചിത്രം തയ്യാറാക്കി വച്ചതും ദാമോദരന്‍ നമ്പൂതിരിയാണ്. ഒരു ദേശത്തിന്റെ ഉന്നതിക്കായി ഹൃദയ നാഥന്റെ തൃപ്പാദ സേവ ചെയ്ത് അനേകം കീര്‍ത്തനങ്ങള്‍ എഴുതി. അതില്‍ ഏറെയും വൈക്കത്തപ്പനെയും പുത്രാനായ ഉദയനാപുരത്തപ്പനെ സ്തുതിച്ചും. ഉദയനാപുരത്തപുരത്തപ്പന്‍ സുപ്രഭാതം എഴുതണമെന്ന് സുഹൃത്തായ ഉദയനാപുരം വിളങ്ങാട് ബാബുവിന്റെ അഭിപ്രായ പ്രകാരം രചന പൂര്‍ത്തിയാക്കി. ഈ ഗാനം പരേതനായ കലാക്കല്‍ സോമന്‍ സംഗീതം ചെയ്ത് വിളങ്ങാട് ശ്രീദേവി ആലപിച്ച് റിക്കോര്‍ഡ് ചെയ്ത് പ്രകാശനം ചെയ്യിക്കുവാനും നമ്പൂതിരി മുന്‍കൈയെടുത്തിരുന്നു. ദാമോദരന്‍ നമ്പൂതിരി വിട വാങ്ങുമ്പോള്‍ വൈക്കത്തിന് നഷ്ടമാകുന്നത് സംഗീത പ്രിയനായ വൈക്കത്തെ സ്നേഹിക്കുന്ന ഒരു കലാകാരന്‍കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക