കോഴിക്കോട്: ഐഎസ്എല്‍ മത്സരങ്ങളുടെ ഹോം ഗ്രൗണ്ടായി കൊച്ചി തന്നെ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ ഐഎസ്എല്‍ കളികള്‍ മലബാര്‍ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോടിനെ സെക്കന്റ് ഹോം ഗ്രൗണ്ടാക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോടിനെ സെക്കന്റ് ഹോം ഗ്രൗണ്ടാക്കുന്നതില് തടസ്സമില്ലെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ചര്‍ച്ചകള്‍ തുടരുന്നതെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ അറിയിച്ചതായി ഇന്നലെ ബ്ലാസ്റ്റേഴ്സ് അധികൃതരുമായി നടന്ന രണ്ടാംവട്ട ചര്‍ച്ചക്ക് ശേഷം കോര്പറേഷന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട്ട് സെക്കന്‍ഡ് ഹോം ഗ്രൗണ്ടായി പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ പറഞ്ഞതായി കോര്പറേഷന് അറിയിച്ചു. മത്സരം നടത്താനാവശ്യമായ സംവിധാനം സ്റ്റേഡിയത്തിലുണ്ടെന്നും അവ പുതുക്കി പണിയുകയോ മെച്ചപ്പെടുത്തുകയോ ചെയ്യണമെന്നും ക്ലബ് അധികാരികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മെയ് മാസത്തിനകം ഐഎസ്എല്‍ അധികൃതര്‍ക്ക് പരിശോധന നടത്താനാകുന്ന രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയവും ഗ്യാലറിയും വെളിച്ച സംവിധാനങ്ങളും ഉള്‍പ്പെടെ അറ്റകുറ്റപ്പണി നടത്താന്‍ 13 കോടി രൂപ ചെലവുവരുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു. ക്ലബിന്റെ ഉന്നത സാങ്കേതിക വിഭാഗം ഈ ആഴ്ച തന്നെ വിശദ പരിശോധന നടത്തും. വലിയതോതില്‍ പണംമുടക്കാനാവില്ലെന്നും ക്ലബ് പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി. ഹരിദാസന്, ബ്ലാസ്റ്റേഴ്സ് പ്രതിനിധികളായ മുഹമ്മദ് റഫീക്, സിദ്ധാര്‍ത്ഥ് പി. ശശി, ആന്‍ ജോസഫ്, കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഉദയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: