തിരുവനന്തപുരം: കേരളത്തില്‍ കൊറോണ നിയന്ത്രണങ്ങള്‍ തോന്നിയതുപോലെ. ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുന്നത് അത്യാപത്തിലേക്ക്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും കൊറോണ നിയന്ത്രങ്ങളില്‍ അയവു വരുത്തരുതെന്ന് കേന്ദ്ര സര്‍ക്കാരും ആരോഗ്യ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ല.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അടിക്കടി വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ കണക്കുകൂട്ടലുകളെയല്ലാം തെറ്റിച്ചു. അതിനാല്‍, ഇനി നിയന്ത്രണങ്ങളില്‍ ഒരു കാര്യവുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്നു. പൊതുഗതാഗതം റൂട്ടിലായി. പണം ലക്ഷ്യമിട്ട് ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം. മാളുകളും ഹോട്ടലുകളും പ്രവര്‍ത്തനം തുടങ്ങി. തങ്ങള്‍ കെട്ടിയുയര്‍ത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചീട്ടു കൊട്ടാരമായതോടെയാണ് സര്‍ക്കാര്‍ എല്ലാം കൈവിട്ടത്.
തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ച രണ്ടുപേര്‍, വൈറസ് പിടിപെട്ട റിമാന്‍ഡ് പ്രതികള്‍ തുടങ്ങി 33 പേര്‍ക്ക് വൈറസ് എവിടെ നിന്ന് പിടിപെട്ടുവെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഉറവിടം കണ്ടെത്താനായില്ലെങ്കിലും സമൂഹവ്യാപനമല്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ ആളുകള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് ദിനംപ്രതി ശൂന്യമാകുന്നതാണ് ഇനിയെന്തുമാകട്ടെയെന്ന സര്‍ക്കാര്‍ നിലപാടിനുള്ള മറ്റൊരു കാരണം. ഖജനാവ് നിറയ്ക്കാന്‍ ജനങ്ങളുടെ ജീവന് പന്താടുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങുന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ സമൂഹവ്യാപനമെന്നത് ഭംഗിവാക്കായി മാറും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗവ്യാപനം കൂടുന്നു. നഴ്സുമാരുടെ ക്വാറന്റൈന് എടുത്ത് കളഞ്ഞു. പ്രവാസികളുടേത് വീടുകളിലാക്കി. സംസ്ഥാനത്ത് ആകെയെത്തിയിട്ടുള്ള പ്രവാസികളാകട്ടെ 1,93,363 പേര്. നോര്‍ക്ക കണക്കില്‍ ഇനിയെത്താനുള്ളത് മൂന്ന് ലക്ഷത്തോളം പേര്. അവരവരുടെ സുരക്ഷിതത്വം അവരവര്‍ തന്നെ നോക്കണമെന്ന അറിയിപ്പാകും ഇനി മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. ഇതോടെ കൊറോണ ബോധവത്കരണത്തിന് സര്‍ക്കാര്‍ ഇറക്കിയ പരസ്യവാചകത്തിലെ തുപ്പല്ലേ തോറ്റു പോകുമെന്നത് ‘സൂക്ഷിക്കണേ ഇല്ലെങ്കില്‍ ജീവന് അപകടത്തിലാകും’ എന്ന അവസ്ഥയിലാകും സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: