പള്ളുരുത്തി: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യമേഖല ട്രോളിങ് നിരോധനത്തിന് ശേഷവും സജീവമാകുമോയെന്ന ആശങ്കയില്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ ബോട്ടുടമകളും തൊഴിലാളികളും. കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെയെത്താന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കൊച്ചിയിലെ മത്സ്യമേഖല.
കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതില്‍ ഭൂരിഭാഗവും ഗില്‍നെറ്റ്, ട്രോള്‍ നെറ്റ് ബോട്ടുകളാണ്. ഇതില്‍ 650 ഓളം വരുന്ന ഗില്‍നെറ്റ് ബോട്ടുകളില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികളും തമിഴ്നാട് കുളച്ചല്‍, പുത്തൂര്‍ സ്വദേശികളാണ്. മുന്നൂറോളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളില്‍ 25 എണ്ണത്തില്‍ മാത്രമാണ് മലയാളികള്‍ ജോലി ചെയ്യുന്നത്. ബാക്കിയുള്ള മുഴുവന്‍ ബോട്ടുകളിലും പ്രവര്‍ത്തിക്കുന്നത് തമിഴ്നാട് സ്വദേശികളാണ്. ഇവരെല്ലാം ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം വരുന്നത്.
എന്നാല്‍ രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനാല്‍ ഓഗസ്റ്റ് ഒന്നിന് അവസാനിക്കുന്ന ട്രോളിങ് നിരോധനത്തിന് മുമ്പ് ഇവര്‍ക്ക്് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുമോയെന്നതാണ് പ്രശ്നം. പ്രത്യേകിച്ച് റെഡ് സോണായ തമിഴ്നാട്ടില്‍ നിന്ന് ഇവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെങ്കില്‍ അത് കൊച്ചി ഫിഷറീസ് ഹാര്‍ബറിന്റെ സ്തംഭനത്തിനിടയാക്കും. കാരണം 75ഓളം വരുന്ന പേഴ്സിന് നെറ്റ് ബോട്ടിനേയും 25ഓളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളേയും മാത്രം ആശ്രയിച്ചാകും ഹാര്‍ബറിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം. ഇത് ബോട്ടുടമകളെ മാത്രമല്ല ഹാര്‍ബര്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന അനുബന്ധ തൊഴിലാളികള്‍ക്കും കനത്ത തിരിച്ചടിയാകും.
സംസ്ഥാനത്തെ 4,200 ഓളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളില്‍ മൂവായിരം ബോട്ടുകളിലും തൊഴിലാളികള്‍ തമിഴ്നാട് സ്വദേശികളാണ്. ഈ ബോട്ടുകളെല്ലാം വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് മത്സ്യ ബന്ധനത്തിന് പോകുന്നത്. അതുകൊണ്ട് തന്നെ ഇവരെ മടക്കി കൊണ്ട് വരേണ്ടത് സംസ്ഥാനത്തെ ബോട്ടുടമകളുടേയും അനുബന്ധ തൊഴിലാളികളുടേയും പ്രധാന ആവശ്യമാണ്.
ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടക്കിയെത്തിക്കാനാവശ്യമായ നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി. ഇവരെ പതിനാല് ദിവസം നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിനും തയാറാണെന്ന് കോര്‍ഡിനേഷന്‍ ജനറല്‍ സെക്രട്ടറി എം. മജീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: