കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും പിടിമുറുക്കിയ കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന് പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ വ്യക്തമാക്കി. കഞ്ചാവ് മാഫിയയെ വേരോടെ പിഴുതെടുക്കുന്നതിന് പ്രത്യേക പോലീസ് ടീമിനെ തന്നെ നിയോഗിച്ചു. കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് മാഫിയ കുറേ വര്‍ഷങ്ങളായി സജീവമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് അടുത്തിടെയായി കഞ്ചാവിന്റെ വരവ് ചെറിയ തോതിലെങ്കിലും കുറഞ്ഞിരുന്നു.
എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് മദ്യവില്‍പ്പന നിര്‍ത്തിവെച്ചതിന് പിന്നാലെ വീണ്ടും കഞ്ചാവ് സംഘം തലപൊക്കി. പാന്‍ ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പനയും വ്യാപകമായി.
പ്രധാനമായും യുവാക്കളെ കേന്ദ്രീകരിച്ചാണ് ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചത്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ലഹരി ഉപഭോക്താക്കളെ തേടി കര്‍ണാടകയില്‍ നിന്ന് ഊടുവഴികളിലൂടെ മദ്യവുമെത്തിയിരുന്നു. കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വരവ് വര്‍ധിക്കുകയും ഉപയോഗിക്കുന്നവരുടെ എണ്ണമേറുകയും ചെയ്തതോടെ സംഘത്തെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ജൂണ്‍ തുടക്കത്തില്‍ കുമ്പളയില്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവാണ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തിനും പോന്ന ചെറുപ്പക്കാരെ കാരിയര്‍മാരായി നിയമിച്ചാണ് കഞ്ചാവ് ലോബി പിടിമുറുക്കുന്നത്. കുമ്പളയില്‍ വെച്ച് കഞ്ചാവുമായി പിടിയിലായ മൂന്നുപേരില്‍ രണ്ടുപേരെ കോവിഡ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.
പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ രണ്ടുപേരെയും മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു. കഞ്ചാവ് ലോബിയെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുമെന്നും ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: