ലോകം മുഴുവന്‍ ഏറെക്കുറേ ആതുരാലയമായി മാറിയ കൊറോണക്കാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്തതും ചെയ്യുന്നതും ആശുപത്രികളെക്കുറിച്ചാണ്. കാരണം, ആരോഗ്യ പരിചരണ ഹബ്ബായി കേരളത്തെ മാറ്റാനും സംസ്ഥാനത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാധ്യത അവസരമാക്കാനുമുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു അത്. എങ്കിലും എല്ലാവരും വിമര്‍ശിച്ചും പരിഹസിച്ചും വിസ്മയപ്പെട്ടും അന്വേഷിച്ചത്, ഇത്രയേറെ ചെറുതും വലുതും ‘സ്പെഷ്യലു’കളുമായ ആശുപത്രികളില്‍ ഒന്നിലും രോഗികള്‍ എത്താഞ്ഞതിനെയാണ്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഓപ്പറേഷന് തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാതെ പൂട്ടിയിടേണ്ടിവന്നതെന്താണ്? അപ്പോള്‍ സംസ്ഥാനത്ത് നടന്ന വിദഗ്ധ ചികിത്സകളും ആശുപത്രികളിലെ തിരക്കുകളും എല്ലാം കൃത്രിമ സൃഷ്ടിയായിരുന്നോ? അനാവശ്യമായിരുന്നോ? ആശുപത്രികള്‍ അനാവശ്യമാകുകയാണോ? എന്നിങ്ങനെ…
വാസ്തവമാണ്. ആശുപത്രികളില്‍ മാര്‍ച്ച് അവസാനത്തോടെ രോഗികള്‍ ഇല്ലാതായി. കിടത്തിച്ചികിത്സയോ പരിശോധനയോ പോലും ഇല്ലാതെവന്നു. എറണാകുളം ജില്ലയില്‍ 20ല്‍ ഏറെ അതി സൗകര്യമുള്ള സൂപ്പര്‍ സ്പെഷ്യല്‍ ആശുപത്രികളില്‍ പലതിലും ചെറു സര്‍ജറി പോലും നടന്നില്ല. പ്രതിദിനം 1200 ഔട്പേഷ്യന്റുകള് എത്തിയടത്ത് ഒറ്റയാള്‍ ചെന്നില്ല എന്ന് ഒരു പ്രമുഖ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. നാല് കാരണങ്ങളാണ്- ഒന്ന്: ആശുപത്രിയില്‍ പോകാനും കൊറോണ ഭയം. രണ്ട്: ഗതാഗതം നിയന്ത്രിക്കപ്പെട്ടിരുന്നതിനാല് റോഡപകടങ്ങളുടെ കുറവ്. മൂന്ന്: അടിയന്തിര സ്വഭാവമില്ലാത്ത ചികിത്സകളും ശസ്ത്രക്രിയകളും നീട്ടിവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നാല്: സാമ്പത്തിക ഭദ്രതയിലെ ആശങ്ക.
അപ്പോള്‍ ആളുകള്‍ക്ക് രോഗം ഉണ്ടായില്ലെന്നാണോ? കൊറോണ വൈറസ് വന്നപ്പോള്‍ മറ്റു രോഗങ്ങള്‍ ഇല്ലാതായോ? ഇങ്ങനെയെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ബഹുജനങ്ങളുടെ അഭിപ്രായങ്ങളില്‍ വന്ന ഒരു സംശയം ആശുപത്രികള്‍ അനാവശ്യ ചികിത്സ നടത്തുന്നോ എന്നാണ്. അത് മുമ്പും ചര്‍ച്ച ചെയ്ത സംശയങ്ങളാണ്. ആരോഗ്യ മേഖലയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് സംവിധാനം ഉണ്ടാക്കിയ അപകടമെന്നും ആതുരാലയങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമെന്നും ആളുകള്‍ക്കിടയില്‍ ഉണ്ടാക്കുന്ന അനാവശ്യമായ ആകാംക്ഷകളെന്നുമെല്ലാം ആശുപത്രികളിലെ തിരക്കിന് വിമര്‍ശനം വന്നു. പക്ഷേ, ആധുനിക കാലത്തെ വിദഗ്ധ ചികിത്സാ പദ്ധതികള്‍, രോഗ നിര്‍ണയ സംവിധാനങ്ങള്‍, സാങ്കേതിക സൗകര്യങ്ങള്‍, ആഡംബര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെയെല്ലാമുള്ള വിശദീകരണങ്ങള്‍ ആശുപത്രികളും നല്കി. രണ്ടു വാദങ്ങളും ശരിയെന്ന് സമ്മതിക്കുന്നവരും അത്ഭുതപ്പെട്ടുപോയ കാലമാണ് കൊറോണക്കാലം. രോഗം ഭയപ്പെടുത്തുമ്പോഴും രോഗ മുക്തികേന്ദ്രത്തെ രോഗികളും ഭയക്കുന്ന കാലം.
ഇതിന് സാമ്പത്തിക തലത്തില്‍ വലിയ പ്രത്യാഘാതങ്ങളുമുണ്ടായി. വൈറസിനെ തോല്‍പ്പിക്കാന്‍ ‘ബ്രേക് ദ ചെയിന്‍’ നടപ്പാക്കിയപ്പോള്‍ മെഡിക്കല്‍ മേഖലയിലെ ‘ചങ്ങലയും പൊട്ടി’. മെഡിക്കല്‍ ഉപകരണങ്ങളുടെ, മരുന്നുകളുടെ, മറ്റു ചികിത്സാ സാമഗ്രികളുടെ വിപണനവും വിതരണവും സ്തംഭിച്ചു.
സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നീക്കിയാലും ജനങ്ങളുടെ മനസിലുണ്ടായിപ്പോയ വിലക്കു മാറാന്‍ കാലമേറെയെടുക്കും. അതിന് കൂട്ടായ ചില നിര്‍ണായക തീരുമാനം എടുക്കേണ്ടിവരും- സര്‍ക്കാര്‍ തലത്തിലും സ്വകാര്യ ചികിത്സാ മേഖലയിലെ സ്ഥാപനങ്ങളുടെ തലത്തിലും. ഉദാഹരണത്തിന്, കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ പത്തോളം ഡോക്ടര്‍മാര്‍ ഒരു ലക്ഷം രൂപ പ്രതിമാസം ശമ്പളം വാങ്ങുന്നു. 25 പേര് അരലക്ഷം രൂപയിലേറെ ശമ്പളം കിട്ടുന്നവരാണ്. ഇതിനു പുറമേയാണ് അവര്‍ക്ക് ഓപ്പറേഷന് പോലുള്ള പ്രത്യേക ചികിത്സയ്ക്ക് നല്കുന്ന പ്രത്യേക വിഹിതം. ആശുപത്രികള്‍ തമ്മിലുള്ള മത്സരത്തില്‍ മിടുക്കരേയും പ്രശസ്തരേയും അമിത ആനുകൂല്യങ്ങള്‍ വാരിക്കോരിക്കൊടുത്തവര്‍ ഇപ്പോള്‍ അവരെ നിലനിര്‍ത്താന്‍ വിയര്‍ക്കുകയാണ്.
എന്നിരുന്നാലും ചില പ്രശസ്ത ഡോക്ടര്‍മാര്‍ക്ക് ‘കുലുക്ക’മില്ല, ഉറപ്പായും അവരെ മാത്രം തേടിവരുന്ന രോഗികളുണ്ട്. വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും ഇങ്ങനെ പ്രത്യേക ഡോക്ടറെ തേടി ആശുപത്രികളില്‍ എത്തുന്ന രോഗികളാണ് അവരുടെ പിടിവള്ളി. ആധുനിക ചികിത്സാ സംവിധാനങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്ന മത്സരത്തില്‍ ഈ രംഗത്തെ ധന നിക്ഷേപം വലുതാണ്. ആ ഉപകരണങ്ങള്‍ പഴഞ്ചനായിക്കൊണ്ടിരിക്കുമ്പോള് ഇനി പുതിയ നിക്ഷേപത്തിന് സാധ്യത കുറയും.
ആരോഗ്യ-ചികിത്സാ രംഗത്തെ നയവും നടപടികളും സംബന്ധിച്ച മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം. ഗോപകുമാര്‍ വയ്ക്കുന്ന ചില നിര്‍ദേശങ്ങള്‍:
ചികിത്സാ ചെലവ് കുറയ്ക്കാന്‍ ചികിത്സയില്‍ സുതാര്യതയും പൊതു നിലവാരവും മാനദണ്ഡവും ഉണ്ടാകണം.
ചികിത്സയുടെ ചെലവ് നിലവാരം ആളുകള്‍ക്ക് ബോധ്യമാകണം. താരതമ്യത്തിന് അവസരം ഒരുങ്ങണം.
സര്‍ക്കാര്‍ ചികിത്സാ മേഖലയില്‍ കൂടുതല്‍ ഇടപെടണം. സ്വകാര്യ ചികിത്സാ മേഖലയ്ക്കും ചില സഹായങ്ങളും സൗജന്യങ്ങളും നല്‍കണം, പക്ഷേ ചെലവു ചുരുക്കലിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കണം. സ്വകാര്യ മേഖലയിലും ശമ്പളക്കാര്യത്തില്‍ ഏകീകൃത വ്യവസ്ഥ വരുത്തണം.ചികിത്സാ ചെലവ് റഗുലേറ്റ് ചെയ്യണം.
വീഴ്ചയില്ലാത്ത, സൂക്ഷ്മമായി നിരീക്ഷിച്ചുള്ള റേറ്റിങ് ആശപത്രികള്ക്ക് സര്‍ക്കാര്‍ നടത്തണം.
പക്ഷേ, ഇതൊക്കെക്കൊണ്ടായോ. വീടുകളിലിരുന്നും യോഗയും നാട്ടു ചികിത്സയും ശീലിച്ചും ജീവിത ശൈലി മാറ്റിയും പുതിയ ആരോഗ്യ പരിപാലനം നടത്തിയും വലിയൊരു വിഭാഗം ആശുപത്രി വിമുക്തരാകില്ലേ?
ആശുപത്രികളില്‍ ചിലത് പറയുന്ന വിശദീകരണമിങ്ങനെ: ശസ്ത്രക്രിയകള്‍ പോലുള്ളവ മാറ്റി വച്ചതാണ്. ഇനിയും ദന്ത ചികിത്സ, ത്വക് രോഗ ചികിത്സ തുടങ്ങിയ ചില മേഖലകളിലൊഴികെ പഴയ സ്ഥിതി വൈകാതെ വീണ്ടെടുക്കും. കോസ്മറ്റിക് ചികിത്സയായിരിക്കും ഒഴിവാക്കുക. വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതോടെ ആരോഗ്യ സംരക്ഷണത്തിന് ആശുപത്രികളെ സമീപിക്കും. പഴയ ജീവിത ശൈലിയിലേക്ക് മടങ്ങേണ്ടി വരുമ്പോള്‍ അവര്‍ക്ക് അത് അനിവാര്യമാകും. മാറ്റിവച്ചതും നീട്ടിവച്ചതുമായി ശസ്ത്രക്രിയകള്‍ നടക്കും. അവര്‍ പറയുന്നു.
ആശുപത്രികളിലേക്ക് രോഗികള്‍ എത്താതെ വന്നപ്പോള്‍ രോഗികളെ അന്വേഷിച്ച് ആശുപത്രികള്‍ വീടുകളിലേക്കെത്തി. ‘ഒന്നു ഫോണ്‍ വിളിച്ചാല്‍ ഡോക്ടറും ചികിത്സയും വീട്ടുപടിക്കല്‍ തയാറെ’ന്നാണ് പരസ്യം. മാനേജ്മെന്റുകളുടെ തന്ത്രം പക്ഷേ, മറ്റു രണ്ടു കൂട്ടര്‍ക്കും പ്രിയമല്ല, രോഗിയെ ചികിത്സിക്കുന്നവര്‍ക്കും രോഗികളുടെ വീട്ടുകാര്‍ക്കും ആശങ്കകളുണ്ട്.
ജനങ്ങള്‍ ചികിത്സയിലും മാറ്റങ്ങള്‍ വരുത്തും. അവര്‍ യോഗ ശീലിച്ചും നാട്ടുവൈദ്യവും പാരമ്പര്യ-പൈതൃക വൈദ്യം അനുഭവിച്ചും ബദല്‍ മാര്‍ഗം അവലംബിച്ചേക്കും. ആയൂര്‍വേദവും ഹോമിയോയും യുനാനിയും സിദ്ധയും മറ്റും പരീക്ഷിച്ച് നോക്കും. പ്രതിരോധവും രോഗം വരാതെ നോക്കാനും മനസുവയ്ക്കും. അതിനിടെ ചില സ്വകാര്യ സംരംഭകര്‍ വീട്ടുമുറ്റത്ത് ഓപ്പറേഷന് തീയേറ്റര്‍ വരെയുള്ള സഞ്ചരിക്കുന്ന ആശുപത്രി അവതരിപ്പിച്ചേക്കും. വീഡിയോ കോണ്‍ഫറന്‍സിലും തത്സമയ സംപ്രേഷണത്തിലും ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയേക്കും. കൂടുതല്‍ സൗകര്യമുള്ളവര്‍ വീടുകളില്‍ ആശുപത്രി- പരിചരണ മുറികള്‍ ഉണ്ടാക്കിയേക്കും. നഴ്സുമാര്‍, ഹോം നഴ്സുമാര്‍ തുടങ്ങിയ പാരാ മെഡിക്കല്‍ വിഭാഗത്തിന് തൊഴില്‍ സാധ്യത കൂടും. അവരുടെ തൊഴില്‍ അപകട സാധ്യതയും കൂടാം.
ഇതെല്ലാം ചികിത്സാ ചെലവു കൂട്ടും. അവിടെയാണ് സര്‍ക്കാരുകളുടെ ഇടപെടല്‍ വരേണ്ടത്. പക്ഷേ, ”ആയുര്‍വേദ ആശുപത്രികളില്‍ കിടത്തിച്ചികിത്സയാകാം, എന്നാല്‍, രോഗികയെ തൊട്ടുപോകരുത്” എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം തിരുമണ്ടന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതുപോലെയാണ് നടപടിയെങ്കില്‍ എല്ലാം കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: