പന്തീരാങ്കാവ്: ഒളവണ്ണ കുന്നത്തുപാലം വാലിക്കല്‍ മണിയുടെ ലോക്ഡൗണ്‍ കാലം വെറുതെയായില്ല. കാലങ്ങളായുള്ള ആഗ്രഹമായിരുന്നു ഒരു തോണി നിര്‍മ്മിക്കുകയെന്നത്. നിത്യ കൂലിയില്‍ നിന്ന് മിച്ചം പിടിച്ച് കുറച്ച് മരവും സംഘടിപ്പിച്ചു. പക്ഷേ തോണി നിര്‍മ്മിക്കുന്നതിനുള്ള ചെലവറിഞ്ഞതോടെ ആഗ്രഹം പാതിവഴിയിലവസാനിപ്പിച്ചതാണ്. ഇതിനിടയിലാണ് ലോക്ഡൗണിന്റെ വരവ്.
ജോലിക്ക് പോകാനാവാതെ വീട്ടിലിരിക്കു മ്പോഴാണ് എന്തുകൊണ്ട് തോണി ഒറ്റയ്ക്ക് നിര്‍മ്മിച്ച് കൂടെന്ന ചിന്ത മനസ്സിലുദിച്ചത്.മാമ്പുഴയോട് ചേര്‍ന്നാണ് മണിയുടെ വീട്. മഴ ശക്തി കൂടിയാല്‍ വെള്ളം കയറും. കഴിഞ്ഞ പ്രളയകാലത്തെല്ലാം വീടൊഴിഞ്ഞ് താമസം ക്യാമ്പിലായിരുന്നു. പ്രളയ ഭീതിയാണ് തോണി നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലെത്തിച്ചത്. മുന്‍പ് തന്നെ കടലുണ്ടിയില്‍ പോയി നിര്‍മ്മാണ രീതികള്‍ മനസ്സില്‍ പകര്‍ത്തിയിരുന്നു. ലോക്ഡൗണില്‍ വീട്ടിലായതോടെ രണ്ടും കല്‍പ്പിച്ച് പണി തുടങ്ങി. അടുത്ത തടിമില്ലില്‍ നിന്നും 7000 രൂപയ്ക്ക് ബാക്കി മരം കൂടി വാങ്ങി. തോണിയുടെ മാതൃകയില്‍ ഇരുമ്പില്‍ ഫ്രെയിം ഒരുക്കി. അതിലേക്ക് അക്കേഷ്യ പലകകള്‍ ചേര്‍ത്ത് വെച്ച് പ്ലാസ്റ്റിക്ക് കയറ് കൊണ്ട് പലകകള്‍ തുന്നിചേര്‍ത്തു. തോണിയുടെ മാതൃക പൂര്‍ത്തിയായതോടെ ഇരുപുറവും ഫൈബര്‍ കോട്ട് ചെയ്ത് വെള്ളം കയറാതെ സുരക്ഷിതമാക്കി. ഒന്നര ആഴ്ച കൊണ്ട് തോണി തയ്യാര്‍. ചിലവ് 25000 രൂപ മാത്രം.
നിര്‍മ്മാണ തൊഴിലാളിയായ മണിക്ക് മരപ്പണിയില്‍ മുന്‍ പരിചയവുമില്ല. കോണ്‍ ക്രീറ്റിനുള്ള അടി പലകയൊരുക്കുന്നതാണ് മരവുമായുള്ള ബന്ധം. ബാക്കിയൊക്കെ ആത്മവിശ്വാസവും ഭാര്യ വിജയകുമാരിയും മക്കളായ മാവിയയും മാവിഷയും നല്കിയ പിന്തുണയും മാത്രം. തോണി പുഴയിലിറക്കിയതോടെ ജീവിക്കാന്‍ മറ്റൊരു വഴിയുമായി.
ഒഴുക്ക് വല തുന്നി തയ്യാറാക്കിയിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂര്‍ ചിലവിട്ടാല്‍ അത്യാവശ്യത്തിന് മത്സ്യം ലഭിക്കും. കരിമീന്‍, ചെമ്പല്ലി, പൂമീന്‍ തുടങ്ങിയവയൊക്കെ സുലഭമായുണ്ട്. ആദ്യ പരീക്ഷണം വിജയിച്ചതോടെ വലിയ ഒരു തോണി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: