ഇത് കേരളം. ദൈവത്തിന്റെ സ്വന്തം നാട്. മലയാളികള്‍ കാലങ്ങളായി ഉച്ചരിക്കുന്ന വിശേഷണമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വിശേഷണവും മറിച്ചല്ല. ഈ വിശേഷണം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അനുദിനം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് മാത്രമല്ല കടുത്ത ആശങ്കയിലാക്കുന്നതുമാണ്. പത്തുവയസ്സുപോലുമെത്താത്ത കുരുന്നുകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ടാകുന്നു. ഭാര്യയെ അടിച്ചുകൊല്ലുന്ന ഭര്‍ത്താവ്. അച്ഛനെ അടിച്ചുകൊല്ലുക മാത്രമല്ല, കുടുംബത്തെ ഒന്നടങ്കം കൊന്ന് വെട്ടിനുറുക്കുന്ന മകന്. അങ്ങനെ സംഭവപരമ്പരകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സ്ത്രീ സമത്വത്തിനായി ഏറെ ശബ്ദമുയര്‍ത്തുന്ന സംസ്ഥാനമാണിത്. ആചാരങ്ങളും മര്യാദകളും പാരമ്പര്യവുമൊക്കെ സ്ത്രീ സമത്വത്തിനായി ലംഘിക്കണമെന്നുപോലും ഔദ്യോഗികമായി ആഹ്വാനം ചെയ്യുന്ന പ്രദേശം കൂടിയാണിത്. എന്നാല്‍ സ്ത്രീ പീഡനങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ വര്‍ഷവും കാണാന്‍ കഴിയുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാണ്. എന്നിട്ടും അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാര്‍ നിലപാട് നിഷേധാത്മകമാണ്. എന്നാലും ഔദ്യോഗികമായി നിരത്തുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. 2016ല്‍ 15,114 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ പേരിലുണ്ടായത്. 2017ല്‍ അത് 14,263, 2018ല്‍ 13,643, 2019ല്‍ 14,293. എണ്ണത്തില്‍ നേരിയ കുറവ് കാണാമെങ്കിലും ക്രൂരതയുടെ കാര്യത്തില്‍ ഒട്ടും കുറവ് കാണാനേയില്ല. സമീപകാല സംഭവങ്ങള്‍ അത് ശരിവയ്ക്കുന്നതാണ്. കൊല്ലം ജില്ലയില്‍ ഭാര്യയുടെ നൂറുപവനോളമുള്ള സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തശേഷം വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവം ഏത് കഠിന ഹൃദയനേയും ദുഃഖത്തിലാഴ്ത്തുന്നതാണല്ലോ. പഴച്ചാറില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്കി മയക്കിക്കിടത്തിയ ശേഷം പാമ്പിനെ ഭാര്യയുടെ ദേഹത്തിട്ട് കടിപ്പിച്ച് കൊല്ലുന്ന ക്രൂരത ആദ്യ സംഭവമാണ്.
തിരുവനന്തപുരം നഗരപ്രാന്തത്തില്‍ ഭര്‍ത്താവ് ഭാര്യയെ തന്റെ സുഹൃത്തുക്കള്‍ക്കായി വില്‍ക്കുന്ന സംഭവമുണ്ടായി. നിര്‍ബന്ധിച്ച് ഭാര്യയെ മദ്യം കുടിപ്പിച്ചശേഷം അഞ്ചുവയസ്സുള്ള മകന്റെ മുന്നിലിട്ട് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുക. മദ്യലഹരിയില്‍ സംഭവിച്ചതാണിതെന്ന് പറഞ്ഞൊഴിയാന്‍ പറ്റുന്നതല്ല. ആസൂത്രിതമായ അതിക്രമമാണിത്. എന്താണിതിന് പേരിടുക എന്നുപോലും ചിന്തിക്കാന്‍ സാധിക്കുന്നില്ല. കോട്ടയത്ത് ഒരു സ്ത്രീയെ കൊലപ്പെടുത്തിയശേഷം കവര്‍ച്ച നടത്തിമുങ്ങുക. ക്രൂരത കാട്ടിയ വീട്ടിലെ കാറുമായി കടന്നുകളയുക. ആ വീട്ടിലെ പരിചയക്കാരന് തന്നെയാണ് പ്രതിയെന്നതും ശ്രദ്ധേയമാണ്. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കുന്ന സംഭവമാണിതെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേരളത്തില്‍ ഒരു വനിതാ കമ്മീഷനുണ്ട്. പ്രതിമാസം ലക്ഷക്കണത്തിന് രൂപ നല്കി ചെല്ലും ചെലവും വഹിച്ച് നിയോഗിച്ച കമ്മീഷന്റെ പ്രവര്‍ത്തിയും പെരുമാറ്റവും ഇതിനകം വിമര്‍ശന വിധേയമായതാണ്. ഭരണകക്ഷിക്കാര്‍ പ്രതികളാണെങ്കില്‍ കമ്മീഷന്റെ സ്വരവും നടപടികളും കേട്ടുകേള്‍വിയില്ലാത്തതാണ്. കമ്മീഷന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന മഹതിയുടെ ഏറ്റവും ഒടുവിലത്തെ വാക്കുകള്‍ അതിന് തെളിവാണ്. ”പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് ഇര പറഞ്ഞാല്‍ വനിതാ കമ്മീഷന് അന്വേഷിക്കേണ്ട കാര്യമില്ല”. പാര്‍ട്ടി പ്രവര്‍ത്തകയെ കയറിപ്പിടിച്ച എംഎല്‍എക്കെതിരായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദുഷ്ടലാക്കോടെ അവരുടെ മറുപടി. പാര്‍ട്ടി ഒരേ സമയം കോടതിയും പോലീസുമാണത്രേ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അത് നിഷേധിച്ചെങ്കിലും ഉള്ളിലിരിപ്പ് വ്യക്തമാണല്ലോ.
ഗര്‍ഭിണിയായ ആനയെ സ്ഫോടക വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമുള്ള വിവാദവും കേരളത്തിലേതുപോലെ മറ്റെവിടെയും നടക്കില്ല. മലപ്പുറത്താണ് സംഭവമെന്ന് പറഞ്ഞതിന്റെ പേരില്‍ സര്‍ക്കാരും പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉണ്ടാക്കിയ പുകിലിന്റെ ദുര്‍ഗന്ധം ഇപ്പോഴും മാറിയിട്ടില്ല. മലപ്പുറത്തല്ല ആന ചരിഞ്ഞത് പാലക്കാട്ടാണത്രെ. മലപ്പുറത്താണെന്ന് പറയുന്നത് കേരളത്തിനപമാനമാണുപോലും. പാലക്കാട് കേരളത്തിന് പുറത്തും മലപ്പുറം അകത്തുമാണോ? ആനയെ കൊന്നതിലല്ല നാടിന്റെ പേര് മാറിയതാണ് കുഴപ്പം. എന്നാല്‍ പ്രതികള്‍ മലപ്പുറത്തുകാരെന്ന് വ്യക്തമാവുകയും ചെയ്തു. ഇതൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇത് ദൈവത്തിന്റെ നാടോ അതോ ഭ്രാന്താലയമോ? ഭരണ നേതൃത്വത്തിലുള്ളവരെങ്കിലും വകതിരിവോടെ പെരുമാറിയില്ലെങ്കില്‍ കേരളം മുഴുഭ്രാന്താലയമായി മാറുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: