ബെംഗളൂരു: വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പ്ലാസ്മ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടെ സംസ്ഥാനത്തു പ്ലാസ്മ തെറാപ്പിയിലൂടെ ജിവന് തിരിച്ചുകിട്ടുന്ന കൊറോണ ബാധിതരുടെ എണ്ണം രണ്ടായി.
ഹുബ്ബള്ളി കിംസ് ആശുപത്രിയിലായിരുന്നു ആദ്യമായി പ്ലാസ്മ തെറാപ്പി വിജയകരമായി പരീക്ഷിച്ചത്. പ്ലാസ്മ തെറാപ്പി ഫലം ചെയ്ത രണ്ടാമത്തെ വ്യക്തിയെ വിക്ടോറിയ ആശുപത്രിയിലെ ഐസിയു വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
മേയ് മാസമാണ് മധ്യവയസ്കനെ കൊറോണ രോഗലക്ഷണങ്ങളോടെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇയാള്‍ക്ക് ഉയര്‍ന്ന തോതിലുള്ള പ്രമേഹവും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നു.
മേയ് 27നാണ് കൊറോണ ബാധിതനില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഇയാള്‍ തുടര്‍ച്ചയായ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ രണ്ടാം തീയതിയോടെ ഇയാള്‍ക്ക് നല്‍കിയിരുന്ന നേസല്‍ ഓക്സിജന്‍ ഡോക്ടര്‍മാര്‍ എടുത്തുമാറ്റി. മെച്ചപ്പെട്ട അവസ്ഥയിലാണ് രോഗിയെന്ന് ബെംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി ആര് ജയന്തി പറഞ്ഞു.
രോഗിയെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിക്ടോറിയ ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പി പരീക്ഷണം നടത്തിയ എല്ലാ മെഡിക്കല്‍ അംഗങ്ങളേയും ആരോഗ്യ മന്ത്രി ബി. ശ്രീരാമലു അഭിനന്ദിച്ചു.
ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് പ്ലാസ്മ തെറപ്പി വിജയിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രയില്‍ ചികിത്സയിലായിരുന്ന രോഗിയും പ്ലാസ്മ തെറപ്പിയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: