നെയ്യാറ്റിന്‍കര: യൂത്ത്കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഡിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വേദിയില്‍. മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി ജനറല്‍ സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.
ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷിനെയാണ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാനെ ചുമതലപ്പെടുത്തിയതായും കെപിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിയിലാണ് മാരായമുട്ടം സുരേഷിന് മുന്‍നിര നല്കി പാര്‍ട്ടിയിലെ ഒരു സംഘം നേതാക്കള്‍ വരവേല്‍പ്പ് നല്‍കിയത്.
പെരുങ്കടവിള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇടവനിക്കരെ ജയനാണ് ക്രൂര മര്‍ദനമേറ്റത്. ജയനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമുട്ടം സഹകരണ ബാങ്കിനു മുന്നിലാണ് സംഭവം നടന്നത്. സുരേഷിന്റെ സഹോദരന് മാരായമുട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജയന് വിജിലന്‍സിനടക്കം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടന്നു വരികയാണ്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരന്മാരും പലതവണ ജയനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. സുരേഷും സുഹൃത്ത് ചേര്‍ന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ബോധംകെട്ടുവീണ ജയനെ മാരായമുട്ടം സുരേഷ് ക്രൂരമായി മര്‍ദിക്കുന്നതു ബാങ്കിലെ തന്നെ സിസി ക്യാമറയില്‍ പതിയുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറികള്‍ക്കും വഴിയൊരുക്കി.
സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സുരേഷിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. സുരേഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചാണ് ജാമ്യം നേടിയതെന്നു ആക്ഷേപമുണ്ട്. 307 വകുപ്പു ചേര്‍ത്താണ് സുരേഷിനെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നത്. ജയനെ കൊല ചെയ്യാന്‍ ശ്രമിച്ച സുരേഷിന്റെ സുഹൃത്ത് ഇന്നും ഒളിവിലാണ്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പട്ടാപ്പകല്‍ കൊല ചെയ്യാന്‍ ശ്രമിച്ച കേസിലെ ഡിസിസി ജനറല്‍ സെക്രട്ടറിക്ക് ജാമ്യം ലഭിച്ച ഉടനെ തന്നെ യൂത്ത് കോണ്‍ഗ്രസ് വേദി നല്‍കിയത് വലിയ ചര്‍ച്ചകള്‍ക്കു പൊട്ടിത്തെറികള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: