കണ്ണൂര്‍: ലോക്ഡൗണ്‍ കണക്കിലെടുത്ത് ജനങ്ങളെടുത്ത വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം തങ്ങള്‍ക്ക് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാരിനു കീഴിലെ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ. മൂന്നു മാസത്തോളമായി ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്ന വായ്പയെടുത്തവര്‍ ഇതോടെ ബുദ്ധിമുട്ടിലായി.
കഴിഞ്ഞ മൂന്നു മാസത്തെ വീഴ്ച വന്ന വായ്പ ഗഡുക്കള്‍ ഒന്നിച്ചടയ്ക്കണമെന്നാണ് കെഎസ്എഫ്ഇ അധികൃതര്‍ രേഖാമൂലവും അല്ലാതെയും അറിയിക്കുന്നത്. വീഴ്ച വരുത്താത്ത വായ്പകള്‍ക്ക് മൂന്ന് മാസം വരെയാണ് ആദ്യ ഘട്ടത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലേക്കു കൂടി നീട്ടി. ഈ ആനുകൂല്യം ലഭിക്കാന്‍ വായ്പയെടുത്തവര്‍ക്ക് അര്‍ഹതയുണ്ടെന്നിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം തന്നെ ഒന്നിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.
വീടിനായി പത്ത് ലക്ഷം രൂപയെടുത്ത ഒരാള്‍ക്ക് നാലു മാസത്തെ അടവ് 50,000 രൂപയോളം വരും. നിത്യവരുമാനക്കാരും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുമടക്കം കൃത്യമായ വരുമാനമില്ലാത്ത സ്ഥിതിയാണ്. ഇത്രയും വലിയ തുക എങ്ങനെ ഒന്നിച്ചടയ്ക്കുമെന്നത് ഇവരെ ആശങ്കയിലാക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ഉത്തരവ് അട്ടിമറിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം തന്നെ രംഗത്തു വന്നത് ചര്‍ച്ചയായിട്ടുണ്ട്. എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും നാട്ടില്‍ ഇവര്‍ നേതൃത്വം നല്കുന്ന ധനകാര്യ സ്ഥാപനം തന്നെ മൊറട്ടോറിയം ബാധകമല്ലാതാക്കുന്നതിലെ വിരോധാഭാസം ചര്‍ച്ച ചെയ്യപ്പെടുന്നു.
കുടിശിക തിരിച്ചുപിടിക്കാനുള്ള പരിശ്രമം സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാണെന്നാണ് സൂചന. കെഎസ്എഫ്ഇക്ക് സമാനമായി സഹകരണബാങ്കുകളും കുടിശിക നിര്മാര്ജ്ജനത്തിനിറങ്ങിയതായി പരാതികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: