കട്ടപ്പന: കേരള- തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ കാട്ടുപാതകളിലൂടെയുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. നെറ്റിതൊഴുകൊച്ചറ പാലത്തിന് സമീപം ബുധനാഴ്ച്ച കാനനപാതവഴി 1.7 കിലോ ഗ്രാം കഞ്ചാവുമായെത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി എക്സെസിനെ ഏല്‍പ്പിച്ചു. ഗൂഡല്ലൂര്‍ സ്വദേശി ഈശ്വരന്(55) ആണ് പിടിയിലായത്.
ഗൂഡല്ലൂരില്‍ നിന്നും അരിപ്പാതകള് എന്നറിയപ്പെടുന്ന നിരവധി കാട്ടു പാതകളാണ് കേരളത്തിലേക്കുള്ളത്. ഇതു വഴി അരി തലച്ചുമടായി തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചിരുന്നതാണ് അരിപ്പാതയെന്ന് വിളിപ്പേരു സമ്മാനിച്ചത്.ഈ നടപ്പാതകളിലൂടെ ഇപ്പോള്‍ കഞ്ചാവടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വ്യാപകമായി കേരളത്തിലേക്ക് എത്തിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പിടിയിലായ ഈശ്വരന് ഇടനിലക്കാരന് മാത്രമാണെന്നും ഇയാളെ പണം വാഗ്ദാനം ചെയ്ത് കഞ്ചാവ് അതിര്‍ത്തി കടത്തികൊടുക്കുവാന് മാത്രമാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് ഇയാളില്‍ നിന്നു ലഭിക്കുന്ന വിവരം.
തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് കാട്ടുവഴികളിലൂടെ ഈശ്വരനെ പോലെയുള്ള ആളുകളെ ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ അന്തര്‍ സംസ്ഥാന ലഹരി മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്ന് എന്നതിന് തെളിവാണ്. കൊറോണ പശ്ചാത്തലത്തില്‍ വനം -വന്യ ജീവി വകുപ്പിന്റെയും പോലീസിന്റെയുമടക്കം കണ്ണുവെട്ടിച്ച് ഇത്തരക്കാര്‍ കേരളത്തിലേക്കെത്തുന്നത് ആശങ്കയുളവാക്കുന്നു.
ബുധനാഴ്ച പ്രദേശത്ത് സംശയാസ്പദമായ നിലയില്‍ ഒരു സംഘം യുവാക്കള്‍ കാറില്‍ കറങ്ങി നടന്നിരുന്നതായും ഈശ്വരനെപ്പറ്റി സമീപത്തെ വീടുകളില്‍ തിരക്കിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ സംഘം രക്ഷപ്പെടുകയും മുന്‍ധാരണ പ്രകാരം കഞ്ചാവു കൈമാറ്റം നടത്തുന്നതിനായി ഇവിടെ എത്തിയ ഈശ്വരന് നാട്ടുകാരുടെ പിടിയാവുകയുമായിരുന്നു. നാട്ടുകാര്‍ വിവരം ധരിപ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് പൊലീസും എക്സൈസും സ്ഥലത്തെത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഈ മേഖലയില്‍ ലഹരി മാഫിയ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നെടുങ്കണ്ടം എക്സെസ് ഇന്‍സ്പെക്ടര്‍ സെബാസ്റ്റിന് ജോസഫ്, എക്സെസ് ഇന്റലിജന്‍സ് ഓഫീസര്‍ പ്രമോദ് എം ബി, പ്രിവന്റീവ് ഓഫീസര്‍മാരായ ജെ. പ്രകാശ്, എന്‍.വി. ശശീന്ദ്രന്, എം.കെ. ഷാജി, സിവില്‍ എക്സെസ് ഓഫീസര്‍ ജോഷി വി ജെ എന്നിവര്‍ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: