ചൈനയിലെ വരണ്ട പാടങ്ങളുടെ പശ്ചാത്തലത്തില്‍ ഗുഡ് എര്‍ത്ത് എന്ന നോവലെഴുതി നോബേല്‍ സമ്മാനം നേടിയ പേള്‍ എസ്. ബക്ക് പറയുന്നു, കൃഷിഭൂമി വില്ക്കാന് തുടങ്ങിയാല്‍ ആ കുടുംബത്തിന്റെ പതനം അടുത്തു എന്ന്. കാര്‍ഷിക-സാമ്പത്തികശാസ്ത്ര രംഗത്ത് സംഭാവനകള്‍ നല്കിയ നോബല്‍ സമ്മാന ജേതാവായ തിയോഡോര്‍ ഷള്‍ട്സ് അഭിപ്രായപ്പെട്ടതനുസരിച്ച് ‘പൊതു സാമ്പത്തിക ശാസ്ത്രം പ്രധാനമായും കാര്‍ഷിക സാമ്പത്തികശാസ്ത്രവുമായായി ബന്ധപ്പെട്ടാണിരിക്കുന്നത്. ലോകത്തെ ദരിദ്രരില്‍ ഏറിയ പങ്കും കൃഷിയില്‍ നിന്നാണ് വരുമാനം ഉണ്ടാക്കുന്നത്. അതുകൊണ്ട് കൃഷിയുടെ സാമ്പത്തികശാസ്ത്രം മനസിലാക്കിയാല്‍ നാം അറിയേണ്ട സാമ്പത്തിക ശാസ്ത്രമെല്ലാം അതില്‍ നിന്നും ലഭിക്കും. ഇത് തന്നെയല്ലേ പരശുരാമന് കൃഷിഗീതയില്‍ പറയുന്നത്. ‘നശിച്ചു കൃഷി ചെയ്യുന്ന കാലത്തു പണക്കാരനും വീഴും കടത്തിന്മേല്’
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന ഗുജറാത്ത് മോഡലിന്റെ അടിത്തറ കാര്‍ഷികരംഗത്ത് വരുത്തിയ ചടുലവും ചലനാത്മകവുമായ നീക്കങ്ങളാണ്. പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം പറഞ്ഞു, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന്. ഇതിന് നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം 2022 ആണ്. ഇതു നേടിയെടുക്കുക ക്ഷിപ്രസാധ്യമല്ല. പക്ഷെ അസാധ്യവുമല്ല. നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കങ്ങളും ഭാവനാപൂര്‍ണമായ പദ്ധതികളും അര്‍പ്പണബോധത്തോടെയുള്ള നിര്‍വഹണവും ഉണ്ടെങ്കില്‍ രാജ്യത്തിന് നേടാവുന്ന ഒരു ലക്ഷ്യമാണ് ഇത്.
ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ലേഖകന്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ മേല്‍ത്തട്ടില്‍ 3 വര്‍ഷക്കാലം ഉണ്ടായിരുന്നു. പല ദേശീയ പദ്ധതികളുടെയും മേല്‍നോട്ടം വഹിക്കാനുള്ള അവസരമുണ്ടായി. മന്‍മോഹന്‍സിംഗായിരുന്നു പ്രധാനമന്ത്രി. കാര്‍ഷികരംഗത്ത് അവഗാഹമുള്ള ശരദ് പവാറായിരുന്നു കാബിനറ്റ് മന്ത്രി. അന്ന് കിട്ടിയ ചില ഉള്‍ക്കാഴ്ചകളുടെ വെളിച്ചത്തില്‍ പറയുകയാണ്, കൃഷിയോടുള്ള മോദി സര്‍ക്കാരിന്റെ സമീപനം വ്യത്യസ്തമാണ്, യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്. വയലിന്റെ ഗന്ധമുള്ള, കര്‍ഷക മനസ്സിനെ തൊട്ടറിഞ്ഞ ഒട്ടനവധി പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കിവരുന്നു. വിസ്താരഭയം കൊണ്ട് ഓരോന്നും നീട്ടുന്നില്ല.
എന്താണ് ഒരു കര്ഷകന് വേണ്ടത്, യഥാസമയത്ത് വിത്തിറക്കാന്‍ പറ്റണം, നല്ല വിത്ത് കിട്ടണം, ജലസേചന സൗകര്യം വേണം. ഇന്ത്യയിലെ കൃഷി മണ്‍സൂണിനെ ആശ്രയിച്ചാണ് എന്ന് പറയാറുണ്ടെങ്കിലും മഴയില്ലാത്തപ്പോഴും വെള്ളം കിട്ടിയല്ലേ കഴിയൂ. അപ്പോള്‍ മിതമായ തോതിലും, നിരക്കിലും വെള്ളം കിട്ടണം. വൈദ്യുതി, യൂറിയ, കൂടാതെ മറ്റു വളങ്ങളും വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാസവളം, കീടനാശിനി, കുമിള്‍നാശിനി വേണം, പണം വേണം.ഇന്‍പുട്ടിനുള്ള ചെലവ് കുറഞ്ഞാല്‍ മാത്രമേ ഔട്ട്പുട്ട്
ആദായകരമാവൂ. മോദി സര്‍ക്കാരിന്റെ അടിസ്ഥാനപരമായ സമീപനം ഇതാണ്. കൃഷിച്ചെലവ് കുറയ്ക്കുക, അതിനുള്ള ധനസഹായം ചെയ്യുക. കൃത്യസമയത്ത് കൃഷിക്കാവശ്യമായ കാര്യങ്ങള്‍ കോപ്പുകൂട്ടാന്‍ മിതമായ നിരക്കില്‍, ഉദാര വ്യവസ്ഥയില്‍ ബാങ്കുകളില്‍ നിന്ന് വായ്പ ഏര്‍പ്പെടുത്തുക, അത് വിതയ്ക്കും കൊയ്ത്തിനുമിടയ്ക്കുള്ള കാര്യം. ഇതിനിടയില്‍ കൃഷിയുടെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞു എന്ന് കരുതരുത്. വിളവെടുപ്പിന് ശേഷമാണ് കര്‍ഷകന്റെ വ്യഥകള്‍ കൂടുന്നത്. വിളവ് കുറഞ്ഞോ, വലിയ നഷ്ടം. വിളവ് കൂടിയോ, അതും നഷ്ടം. ഈ വൈരുധ്യം എന്തെന്നല്ലേ, വിള കൂടിയാല്‍ നൂറുമേനി, ബംപര്‍ ക്രോപ് ഉണ്ടായാല്‍ കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക് വില കിട്ടില്ല.
അരി, ഗോതമ്പ്, പയര്‍ എന്നിവയെല്ലാം ധാരാളം കിട്ടാനുണ്ടെന്ന നില വന്നാല്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് അത് വാങ്ങാനാണ് കമ്പോളം ശ്രമിക്കുക. കമ്പോളത്തിലെ ചൂഷണത്തെ ചെറുത്തു നില്ക്കാന് സാധാരണ കര്ഷകന് കഴിയില്ല. എന്തു ചെയ്യും? താങ്ങുവില കൊടുത്ത് സര്‍ക്കാര്‍ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങും. ഇത്കര്ഷകന് ഒരു ചെറിയ കൈത്താങ്ങ് മാത്രം. വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരിക്കാനുള്ള ഒരു പരിച. എന്നാല്‍ താങ്ങുവില ന്യായമായി കൂട്ടിക്കൊടുത്താല്‍ കര്ഷകന് അത് വലിയ ആശ്വാസമായിരിക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവിന്റെ 150 ശതമാനം കിട്ടത്തക്ക രീതിയിലാണ് താങ്ങുവില ഉയര്‍ത്തിയത് (എംഎസ്പി). വിളവെടുപ്പിനുശേഷം പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് എന്നൊരു ഘട്ടമുണ്ട്. ഇതിന് പല തലങ്ങളുണ്ട്.
കളക്ഷന്‍, ഗ്രേഡിങ്, ട്രാന്സ്പോര്ട്ടേഷന്. ഇത് പാടത്തുനിന്ന് സംഭരണശാലകളിലേക്ക് കൊണ്ടു പോകണം. അതിന് വാഹനങ്ങള്‍ വേണം. മിതമായ നിരക്കില്‍ കിട്ടണം. പഴം, പച്ചക്കറി (പെട്ടെന്ന് നശിച്ചു പോകുന്ന കാര്‍ഷിക വിളകള്‍) സംഭരിക്കാനുള്ള ശീതീകരണ സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് അപര്യാപ്തമാണ്. നമ്മടെ രാജ്യത്തുണ്ടാകുന്ന പഴം,പച്ചക്കറി (50,000 കോടി രൂപ വിലമതിക്കുന്നത്) ചീഞ്ഞുപോവുകയാണ്. മതിയായ സംഭരണ സംവിധാനമില്ല. ഭക്ഷ്യസംസ്കരണ സംവിധാനവും അപര്യാപ്തമാണ്. ഒരു ഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്ന പഴവര്ഗങ്ങളില് മൂന്ന് ശതമാനം മാത്രമേ സംസ്കരിക്കപ്പെട്ടിരുന്നുള്ളൂ. ബാക്കിയെല്ലാം ചീഞ്ഞുപോവുന്നു. ഇനി, ഇവ വിപണിയില്‍ വിറ്റഴിക്കണമല്ലോ. അവിടെയാണ് കര്‍ഷകര്‍ ഏറെ ചൂഷണത്തിനിരയാകുന്നത്. മോദി സര്‍ക്കാര്‍ ഇനാം (ENational Agriculture Market)- എന്നൊരു പദ്ധതി വളരെ വിജയകരമായി നടപ്പാക്കിവരുന്നു. ഓണ്‍ലൈനായി കാര്‍ഷിക വിളകള്‍ക്ക് ഒരു പാന്‍ഇന്ത്യാ മാര്‍ക്കറ്റ്, ഇന്ത്യ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന വിപണന ശൃംഖല ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.
2010 ല്‍ നാഫെഡ് എന്ന സ്ഥാപനം മുന്നോട്ടുവച്ച ഒരാശയമാണ് ശീതീകരിച്ച ട്രെയിനുകള്‍. കാര്‍ഷിക വിളകള്‍ ഇന്ത്യയുടെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് കേടുകൂടാതെ കൊണ്ടുപോയി വിപണനം ചെയ്യാനുള്ള റെയില്‍വെ സംവിധാനമാണ് അത്. ശീതീകരിച്ച കാര്‍ഷിക തീവണ്ടികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം ഓടുക, അപ്പോള്‍ കാര്‍ഷികവിളകളുടെ വിപണനവുമാകും, അവയുടെ സംഭരണവുമാകും. കാര്‍ഷിക വിളകളുടെ നാശവും ഇല്ലാതാവും. ഇപ്പോള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു, കാര്‍ഷിക വിളകളെത്തിക്കാന് ചലിക്കുന്ന മാര്‍ക്കറ്റ് എന്ന നിലയില്‍ ശീതീകരിച്ച ട്രെയിനുകള്‍ ഏര്‍പ്പെടുത്തുമെന്ന്. നമ്മുടെ കാര്‍ഷിക വിളകള്‍ക്ക് ധാരാളം കയറ്റുമതി സാധ്യതകള്‍ ഉണ്ട്. പക്ഷെ, അതിനുള്ള വിമാന സംവിധാനം കുറവാണ്. അതുള്‍ക്കൊണ്ടാണ് മോദി സര്‍ക്കാര്‍ ‘കിസാന്‍ ഉഡാന്‍’ എന്ന പ്രത്യേക വിമാനസര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.
കൊറോണ പ്രതിസന്ധികള്‍ക്കിടയിലും നമുക്ക് അഭിമാനത്തോടെ പറയാം, നമ്മുടെ ധാന്യപ്പുരകള്‍ നിറയുകയാണ്. ഒരു രാജ്യത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുന്നത് അവിടുത്തെ കര്‍ഷകരാണ്. 110 ദശലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങളാണ് നമ്മുടെ ധാന്യപ്പുരകളില്‍ ഉള്ളത്. എഫ്സിഐയാണ് മുന്നില്‍. ഇന്ത്യയെ ആപത്കാലത്ത് രക്ഷിച്ച കര്‍ഷകര്‍ക്കായിരിക്കണം കൊറോണാനന്തര ഭാരതത്തില്‍ മുന്‍തൂക്കം നല്‍കേണ്ടത് എന്ന് മനസ്സിലാക്കി ഉത്തേജന പാക്കേജില്‍ തന്നെ പ്രധാനമന്ത്രി കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ധാരാളം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
കാര്‍ഷിക രംഗത്ത് അനുബന്ധ മേഖലകളുമുണ്ട്. ക്ഷീര വികസനം, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയവ. ഗ്രാമീണ ജീവിതത്തിന്റെ പുരോഗതിയുടെ സ്രോതസ്സുകളാണ് അവ. മത്സ്യമേഖലക്കായി ഒരു പുതിയ മന്ത്രാലയം തന്നെ മോദി സര്‍ക്കാര്‍ ആരംഭിച്ചു. നമ്മുടെ മത്സ്യസമ്പത്ത്, പ്രത്യേകിച്ച് സമുദ്രോത്പന്നങ്ങള്‍ -മുങ്ങിക്കിടക്കുന്ന സ്വത്ത് എന്നാണ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്ഗനൈസേഷന് പറയുന്നത്. മത്സ്യബന്ധന മേഖലയില്‍ ഉത്പാദനം ഇരട്ടിയാക്കാനും കയറ്റുമതി മൂന്നിരട്ടിയാക്കാനുമുള്ള ‘നീല വിപ്ലവം’ എന്ന പദ്ധതി നടപ്പാക്കിവരുന്നു. ഉത്തേജന പാക്കേജില്‍ മത്സ്യമേഖലക്ക് 20,000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
ഹരിതവിപ്ലവത്തില്‍ ഉത്പാദനം കൂടിയെങ്കിലും അമിതമായ രാസവള, കീടനാശിനി പ്രയോഗംമൂലം നാം നമ്മുടെ കൃഷിഭൂമിയെ മലീമസമാക്കി, വിഷലിപ്തമാക്കി. പുരോഗമനത്തിന്റെ പേരില്‍ നാം ഭൂമിക്ക് ചരമഗീതമെഴുതി. ഹരിതവിപ്ലവത്തിന്റെ നെടുനായകത്വം വഹിച്ച ഡോ. എം.എസ്. സ്വാമിനാഥന് ഇത് തിരിച്ചറിയുകയും തിരുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ അദ്ദേഹം പറയുന്നത് നിത്യഹരിത വിപ്ലവമാണ്. ലോകത്തെ മുഴുവന്‍ തീറ്റിപ്പോറ്റാന്‍ കഴിയുന്ന ഓര്‍ഗാനിക് ഹബ്ബാക്കി ഇന്ത്യയെ മാറ്റാന്‍ നമുക്ക് കഴിയും. പ്രധാനമന്ത്രിയുടെ ദര്‍ശനത്തില്‍ ജൈവകൃഷിക്കാണ് ഊന്നല്‍. നമ്മുടെ കുഞ്ഞുങ്ങളെ നാം അറിഞ്ഞുകൊണ്ട് വിഷം തീറ്റിക്കുന്ന ശൈലി മാറ്റി നമ്മുടെ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും മടങ്ങി ഭാരതീയമായ ഭക്ഷണരീതിയിലേക്ക് തിരിച്ചുകൊണ്ടുവരണം. നമ്മുടെ രുചിഭേദങ്ങള്‍ തീരുമാനിക്കേണ്ടത് നമ്മുടെ അടുക്കളകളില്‍ തന്നെയായിരിക്കണം, മക്ഡൊണാള്‍ഡോ കെഎഫ്സിയോ അല്ല. നാം
ഏത് വിത്ത് വിതയ്ക്കണം എന്ന് തീരുമാനിക്കേണ്ടത് പരശുരാമന് നല്കിയ കൃഷിഗീത നോക്കി വേണം. മണ്ണിനെ വിണ്ണിനോട് ബന്ധിപ്പിക്കുന്ന മാരിവില്‍ പാലമാണ് കൃഷി എന്നുമനസ്സിലാക്കണം.
നരേന്ദ്ര മോദിക്കറിയാം പാവപ്പെട്ടവന്റെ പരിദേവനങ്ങള്‍. കര്‍ഷകനെ തൊട്ടറിഞ്ഞ, മണ്ണിനെ കണ്ടറിഞ്ഞ ഒരു സാധാരണക്കാരന് രൂപം നല്കിയ പദ്ധതികളാണ് ഇന്ന് ഭാരത സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയെ നയിക്കുന്ന സൂചികകള്‍. അതില്‍ നമുക്ക് ആശ്വസിക്കാം, അഭിമാനിക്കാം.
പ്രധാന കാര്‍ഷിക പദ്ധതികള്‍
- പ്രധാനമന്ത്രി കൃഷി വികാസ് യോജന
- പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി
- പ്രധാനമന്ത്രി കാര്‍ഷിക ജലസേചന പദ്ധതി
- പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതി
- ഓണ്‍ലൈന്‍ ദേശീയ കാര്‍ഷിക വിപണി
- സൂക്ഷ്മ ജലസേചന ഫണ്ട്
- കാര്‍ഷിക ആകസ്മികത പദ്ധതി
- പരമ്പരാഗത കാര്‍ഷിക വികസന പദ്ധതി
- വൃഷ്ടിപ്രദേശ വികസന പരിപാടി
- മണ്ണിന് ഹെല്‍ത്ത് കാര്‍ഡ് പദ്ധതി
- മഴവെള്ള പ്രദേശങ്ങള്‍ക്കായുള്ള ദേശീയ നീര്‍ത്തട വികസന പദ്ധതി
- സുസ്ഥിരകൃഷിക്കായുള്ള ദേശീയ ദൗത്യം
- ഗ്രാമീണ സംഭരണ പദ്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: