വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനയെ ഇതുവരെ അളവറ്റ് സഹായിച്ച ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടനയുമായുള്ള എല്ലാബന്ധവും ഉപേക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാറുള്ള ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകള്‍ക്ക് നല്‍കും.
കൊറോണ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ നല്‍കെയെന്നും ട്രംപ് പറഞ്ഞു. നിലവില്‍ ലോകാരോഗ്യ സംഘടന ബീജിങിന്റെ നിയന്ത്രണത്തിലാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നിര്‍ബന്ധപ്രകാരം കൊറോണ വൈറസിനെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിനാല്‍ ഇനി ഈ സംഘടനയില്‍ അമേരിക്കയില്ലെന്നും അദേഹം വ്യക്തമാക്കി.
ചൈനയുടെ കളിപ്പാവയാണ് ലോകാരോഗ്യ സംഘടന. അമേരിക്ക ഓരോ വര്‍ഷവും 500 മില്യണ്‍ യുഎസ് ഡോളറാണ് ലോരോഗ്യ സംഘടനയ്ക്ക് കൊടുക്കുന്നത്. എന്നാല്‍ വെറും 38 മില്യണ്‍ ഡോളര്‍ നല്കുന്ന ചൈനയ്ക്കൊപ്പമാണ് ലോകാരോഗ്യ സംഘടന നിലകൊള്ളുന്നത്. ചൈന പറയുന്നതെല്ലാം ലോകാരോഗ്യ സംഘടന ശരി വയ്ക്കുന്നു. ചൈനയുമായി വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈനയുടെ പക്ഷത്ത് നില്‍ക്കുകയാണെന്നും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താത്ക്കാലികമായി നേരത്തെ നിര്‍ത്തി വച്ചിരുന്നു.
യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടും അമേരിക്ക സ്വീകരിച്ചിരുന്നു. ചൈനയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തുന്ന ലോകാരോഗ്യ സംഘടനയുടെ പേരു പോലും പ്രമേയത്തില്‍ പരാമര്‍ശിക്കരുതെന്നും പകരം യുഎന്‍ ആരോഗ്യ ഏജന്‍സി എന്നു വിശേഷിപ്പിക്കണമെന്നുമാണ് അമേരിക്ക നിലപാട് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: