കോട്ടയം: കോട്ടയത്ത് രാവിലെ മുതല്‍ തന്നെ ബാറുകള്‍ക്ക് മുന്നില്‍ നീണ്ട നിരയായിരുന്നു. ബവ് ക്യൂ ആപ്പില്‍ രാവിലെയും സാങ്കേതിക തകരാര്‍ തുടര്‍ന്നതോടെ ബാറുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നവര്‍ രോക്ഷാകുലരായി. ഇവര്‍, ബാര്‍ ജീവനക്കാര്‍ക്ക് നേരെ തിരിയുകയും ചെയ്തു. ഇതോടെ കോട്ടയം നഗരത്തിലെ ചില ബാറുകള്‍ ടോക്കണില്ലാതെ മദ്യം വില്‍പ്പന നടത്തി.
ബവ് ക്യൂ ആപ്പ് പൊളിഞ്ഞതോടെയാണ് ടോക്കണില്ലാതെ മദ്യം വില്‍പ്പന നടത്തിയതെന്നാണ് ബാറുകളുടെ വിശദീകരണം. മദ്യ വില്‍പ്പന ആരംഭിച്ചപ്പോള്‍ മുതല്‍ ബവ് ക്യൂ ആപ്പില്‍ വലിയ സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. കോട്ടയത്ത് നിന്ന് മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് ആലപ്പുഴയിലെ ബാറില്‍ നിന്ന് വാങ്ങാനാണ് ആപ്പ് നിര്‍ദേശിച്ചത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.
അതേപോലെ ബിവറേജുകളെ ആപ്പ് പൂര്‍ണ്ണമായും തഴയുകയും ചെയ്തു. ഈ നടപടിയില്‍ ബിവറേജസ് കോര്പ്പറേഷന് വലിയ അതൃപ്തിയാണുള്ളത്. ഇന്നലെ ജില്ലയില്‍ 52 ബാറുകളിലാണ് മദ്യവില്‍പ്പന നടത്തിയത്. എന്നാല്‍ 27 ബിവറേജുകള്‍ മാത്രമാണ് ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചത്. ബിവറേജുകള്‍ ഇന്നലെയും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. ബിവറേജുകളെ ഒഴിവാക്കി ബാറുകളെ സഹായിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തട്ടിക്കൂട്ട് കമ്പനിയെക്കൊണ്ട് തയ്യാറാക്കിച്ചതാണ് ആപ്പെന്ന് ഇതിനോടകം ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു.
ആപ്പ് തലവേദന എക്സൈസ്
ബവ് ക്യൂ ആപ്പ് തങ്ങള്‍ക്ക് വലിയ തലവേദനയായിരിക്കുകയാണെന്ന് എക്സൈസ്. ആപ്പ് ഉപയോഗിച്ച് മദ്യ വില്‍പ്പന നടത്തുന്നതിനാല്‍ സ്റ്റോക്കെടുപ്പ് അടക്കം പ്രതിസന്ധിയാകും. ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ആപ്പില്‍ നിന്നുള്ള സന്ദേശം ലഭിക്കുന്നത്. ഇത് എക്സൈസ് എങ്ങനെ കണ്ടുപിടിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ആപ്പില്‍ സാങ്കേതിക പ്രശ്നങ്ങള്‍ കൂടി ഉണ്ടായതോടെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ പ്രവര്‍ത്തിക്കുന്ന എക്സൈസിന് പൊല്ലാപ്പായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: