മുക്കം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജന്‍ ഔഷധി മരുന്ന് ഷോപ്പ് അടച്ച്പൂട്ടി. മണാശേരി കെഎംസിടി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ച മരുന്ന് ഷോപ്പാണ് മരുന്നില്ലെന്ന് പറഞ്ഞ് അടച്ചു പൂട്ടിയത്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നടപ്പിലാക്കിയ പദ്ധതിയാണ് ജന ഔഷധി മരുന്ന് ഷോപ്പുകള്‍.
നിത്യരോഗികള്‍ക്കും ജീവിത ശൈലി രോഗങ്ങളും കൊണ്ടും ദുരിതം അനുഭവിക്കുന്നവര്‍ക്കും സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ വളരെ കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മരുന്ന് ഷോപ്പ് ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജന ഔഷധിക്ക് 2016ല്‍ തന്നെ കെഎംസിടി.മെഡിക്കല്‍ കോളേജില്‍ അനുമതി ലഭിച്ചു.
ആശുപത്രിയുടെ രണ്ടാം നിലയില്‍ ഇരുട്ട് നിറഞ്ഞ ഭാഗത്ത് ആരുടേയും ശ്രദ്ധയില്‍ പെടാത്ത രീതിയില്‍ ചെറിയ ബോര്‍ഡ് വെച്ചാണ് ആദ്യകാലത്ത് ഷോപ്പ് തുറന്നിരുന്നത്. പിന്നീട് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നും സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലും മൂലം ബോര്‍ഡ് കുറച്ച് കൂടി വലുപ്പത്തില്‍ സ്ഥാപിക്കുകയായിരുന്നു.എന്നാല്‍ രോഗികള്‍ക്ക് മരുന്ന് ലഭ്യമായിരുന്നില്ല. രാവിലെ വാങ്ങിയ മരുന്ന് ഉച്ചകഴിഞ്ഞ് വാങ്ങാന്‍ ചെന്നാല്‍ കിട്ടുമായിരുന്നില്ല. ഇത് ഫാര്‍മസിയില്‍ നിന്ന് വാങ്ങാന്‍ ആവശ്യപ്പെടുകയാണ് പതിവ്.
കഴിഞ്ഞ വര്‍ഷം വരെ മരുന്ന് ശീട്ടുമായി വരുന്ന രോഗികളോട് മരുന്ന് ഇല്ലന്ന് പറയാന്‍ ഒരു ജീവനക്കാരനുണ്ടായിരുന്നു. കോവിഡ് 19 കാരണം ജോലി ഇല്ലാതെ ഒഴിച്ചുകൂടാനാകാത്ത മരുന്നുകള്‍ വാങ്ങാന്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസമാകേണ്ട കെഎംസിടിയിലെ ജന ഔഷധി മെഡിക്കല്‍ ഷോപ്പില്‍ ആവശ്യത്തിന് മരുന്ന് എത്തിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതിയെ ദുരുപയോഗം ചെയ്യുന്ന നടപടികളില്‍ നിന്ന് ആശുപത്രി അധികൃതര്‍ പിന്മാറണമെന്നും മുക്കത്തെ സാംസ്ക്കാരിക കൂട്ടായ്മയായ ജ്വാല ആവശ്യപ്പെട്ടു.ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുകള്‍ ഉണ്ടായില്ലെങ്കില്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് കൊണ്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തിരുമാനിച്ചു.പി.സി.രഘുപ്രസാദ് അദ്ധ്യക്ഷനായി.ശശി വെണ്ണക്കോട്, രാഗേഷ് തൊണ്ടിമ്മല്‍,ടി.പ്രസാദ്, പി.സജീവന്, മനു കൊടിയങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: