പാലക്കാട്: ഭാരതീയവിചാരകേന്ദ്രം, ഭാരതീയ വിദ്യാനികേതന്‍, സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്നിവയുടെ സംസ്ഥാനാധ്യക്ഷനും, പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എഞ്ചിനീയറിങ് കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. വി.ബി. പണിക്കര്‍ നവതിയിലേക്ക്.
ആര്‍എസ്എസ് പാലക്കാട് ജില്ലാസംഘചാലകായും ചുമതലവഹിച്ചിട്ടുണ്ട്. ചേര്‍ത്തല സ്വദേശിയായ പണിക്കരുടെ സ്കൂള്‍വിദ്യാഭ്യാസം ചേര്‍ത്തല ഗവ. സ്കൂളുകളിലും, ഇന്റര്‍മീഡിയേറ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജിലുമായിരുന്നു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും , ബിരുദാനന്തരബിരുദവും ഒന്നാംറാങ്കോടെ വിജയിച്ചു. ബെംഗ്ലുരുവിലെ ഇന്ത്യന്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് ശബ്ദനിയന്ത്രണശാസ്ത്രത്തില് ഡോക്ടറേറ്റ് നേടിയത്. തിരുവനന്തപുരം എഞ്ചി. കോളേജില്‍ അധ്യാപകനായിട്ടായിരുന്നു തുടക്കം.
പാലക്കാട് എന്‍എസ്എസ് എഞ്ചി. കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം പ്രൊഫസറായും, പിന്നീട് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചശേഷം 1985ല്‍ വിരമിച്ചു. പിന്നീട് കാസര്‍കോട് എല്‍ബിഎസ് എഞ്ചി.കോളേജ്, കുറ്റിപ്പുറം കെഎംസിടി ലോ കോളേജ്, പോളിടെക്നിക് എന്നിവയുടെ പ്രിന്‍സിപ്പലും, ഡയറക്ടറുമായും സേവനം ചെയ്തു. പൊതുമരാമത്ത് വകുപ്പില്‍ നയ്യാര്‍, ഭൂതത്താന്‍കെട്ട്, തണ്ണീര്‍മുക്കം ബണ്ട്, പാലക്കാട് ദേശീയപാത എന്നീ പ്രൊജക്ടുകളിലും പ്രവര്‍ത്തിച്ചു. പാലക്കാട്ടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എഫ്സിആര്‍ഐയുടെ സ്ഥാപകമേധാവിയായിരുന്നു.
വിദേശ സാങ്കേതിക സഹായമില്ലാതെ വിവിധ പരീക്ഷണസംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും, ഏറ്റവും കുറഞ്ഞചെലവിലും സമയത്തും ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതില്‍ പണിക്കരുടെ പങ്ക് ശ്രദ്ധേയമാണ്. പാലക്കാട് വിദ്യാനികേതന്‍ ബിഎഡ് കോളേജിന് നേതൃത്വം നല്കി. തുടര്‍ന്ന് ഇന്സ്റ്റിറ്റിയൂഷന് ഓഫ് എഞ്ചിനീയേഴ്സ്, ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയേഴ്സ് എന്നിവയുടെ ഫെല്ലോ, ഭാരതീയ വിദ്യാഭവന്, ചിന്മയമിഷന് എന്നിവയില്‍ സജീവമായിരുന്നു.ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടെ 15ളം
പുസ്തകങ്ങളും, നിരവധി പ്രബന്ധങ്ങളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ:പത്മാവതി അമ്മ. മക്കള്‍, മരുമക്കള്‍ പേരക്കുട്ടികള്‍ എന്നിവരോടൊപ്പം റെയില്‍വേ കോളനി സായ്ബാബ കോളനി മഞ്ജുഷയില്‍ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: