പട്ടണത്തിലെ കോണ്‍വെന്റ് സ്‌കൂളിലേക്ക് അഡ്മിഷന്‍ തുടങ്ങിയിട്ടുണ്ട് അവിടെ അഡ്മിഷന്‍ കിട്ടുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്. എല്‍കെജിയിലേക്കുള്ള അഡ്മിഷനു വരെ എംഎല്‍എയും എംപിയുമൊക്കെയാണ് ശുപാര്‍ശ. ഇത് വല്ലതും അറിയുമോ ഗള്‍ഫിലുള്ള എന്റെ കെട്ടിയോന്‍ എന്നിങ്ങനെ ആലോചിച്ച് ഓഫീസില്‍ ഇരിക്കുമ്പോഴാണ് നിന്റെ മകന്റെ അഡ്മിഷന്‍ റെഡിയായോ എന്ന് ചോദിച്ചുകൊണ്ട് മാനേജര്‍ വന്നത്.
ഇല്ല എന്നും ഞാന്‍ തലയാട്ടി.
”ഞാന്‍ ഒന്നു ശ്രമിച്ച് നോക്കാം. അടുത്താഴ്ചയാണ് കോണ്‍വെന്റിലെ ഇന്റര്‍വ്യൂ. എന്തായാലും നീ പോകണം. അവിടെ അഡ്മിഷന്‍ കിട്ടിയാല്‍ നിന്റെ മകന്റെ ഭാവി പിന്നെ ഒന്നും നോക്കണ്ട. ആ പിന്നെ ഇന്‍ര്‍വ്യൂവിന് നല്ല മത്സരം ഉണ്ടാവും. കിട്ടാന്‍ ബുദ്ധിമുട്ടാ” എന്നു പറഞ്ഞ് അദ്ദേഹം പോയി.
പട്ടണത്തിലെ പ്രശസ്ത പ്രൈവറ്റ് സ്ഥാപനത്തിലെ സീനിയര്‍ അക്കൗണ്ടന്റാണ് ഞാന്‍. രാവിലത്തെ ആദ്യ ബസില്‍ കയറിയാലെ ഓഫീസ് തുറക്കുമ്പോഴേക്കുമെങ്കിലും എത്തുകയുള്ളൂ.
ഞാന്‍ ഓഫീസില്‍ പോയാല്‍ കുട്ടന്റെ എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കാറ്. തിരിച്ചു വരുമ്പോഴേക്കും അവന്‍ മിക്കവാറും ഉറങ്ങിയിട്ടുണ്ടാവും. ഒഴിവുള്ള ദിനങ്ങള്‍ മാത്രമാണ് എനിക്ക് മകനെ ഒന്നു കിന്നരിക്കാന്‍ പറ്റുന്നത്.
ദിവസങ്ങള്‍ കടന്നു പോയി. അങ്ങനെ ഇന്റര്‍വ്യൂവിന്റെ സമയമായി.
മൂന്നുനാലു ദിവസം ലീവെടുത്ത് അവനെ ഞാന്‍ എബിസിഡിയും സണ്‍ഡേ, മണ്‍ഡേ തുടങ്ങിയ എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട്. അത് അവന്‍ ഹൃദ്യസ്ഥമാക്കിയിട്ടുമുണ്ട്. ആ ആത്മവിശ്വാസത്തിലാണ് ഇന്റര്‍വ്യൂവിനു പോയത്. കൂടെ എന്റെ അമ്മയും വന്നിരുന്നു.
ഇന്റര്‍വ്യൂ ഹാളില്‍ പ്യൂണ്‍ വന്ന് പേര് വിളിച്ചു.
ഞങ്ങള്‍ക്ക് പ്രിന്‍സിപ്പാളിന്റെ മുറി കാണിച്ചു തന്നു.
അകത്ത് കടക്കുന്നതിന് അനുവാദം ചോദിച്ചു. ( ഒരു മതിപ്പ് ഉണ്ടാവട്ടെ എന്ന് വിചാരിച്ചു)
കുട്ടിയെ തനിച്ച് ഒരു കസേരയില്‍ ഇരുത്തി. ഇടതുവശം ഞാനും വലതു അമ്മയും ഇരുന്നു.
ബയോഡാറ്റ നോക്കിയ ശേഷം പ്രന്‍സിപ്പാള്‍ എന്ന നോക്കിയിട്ട് ചോദിച്ചു. ഹസ്ബന്റ് ദുബായില്‍ എവിടെയാ?
(അപ്പോഴാണ് എനിക്ക് മനസ്സിലായത് ദുബായ് എന്നത് ഗള്‍ഫിന് മൊത്തമായി പറയുന്ന പേരല്ലെന്ന്)
ദുബായ് തന്നെ എന്ന് തറപ്പിച്ചു പറഞ്ഞു.
”ഓ ബുര്‍ദ്ദ ബായ് അല്ലെ”
എനിക്ക് അവിടെയൊക്കെ അറിയാം എന്ന ഭാവത്തില്‍ ചെറുപുഞ്ചിരിയോടെ പ്രിന്‍സിപ്പാള്‍ കയ്യിലിരുന്ന പേന മേശയില്‍ കുത്തി രസിച്ചു.
ഒരു ടീച്ചര്‍ വന്ന് ”മോനെ നിന്റെ പേരെന്താ” എന്ന് ചോദിച്ചു.
മകന്‍ കൃത്യമായി പേര് പറഞ്ഞു.
”ആദര്‍ശ്”
എനിക്ക് സന്തോഷം തോന്നി.
”നിങ്ങളുടെ മാനേജര്‍ എനിക്ക് വളരെ വേണ്ടപ്പെട്ടവനാണ്. അവന്‍ പറഞ്ഞാ എനിക്ക് ഒഴിവാക്കാന്‍ അവില്ല, കേട്ടോ” പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അഡ്മിഷന്‍ റെഡിയായി എന്ന സമാധാനത്തില്‍ ഇരിക്കുമ്പോഴാണ് അവന്റെ ഭാവി ക്ലാസ് ടീച്ചര്‍ അവനോട് ”ആദര്‍ശേ, ആദര്‍ശിന്റെ കൂടെ ആരൊക്കെയാ വന്നത്” എന്നു ചോദിച്ചത്.
”അമ്മയും ആന്റിയും” അവന്‍ ഉത്തരം പറഞ്ഞു.
”മോനെ ഇതില്‍ മോന്റെ അമ്മ ഏതാ? ടീച്ചര്‍ക്ക് ഒന്നു കാണിച്ച് തരാമോ?”
അവന്‍ ഉടനെ എന്റെ അമ്മയെ ചൂണ്ടിക്കാണിച്ചു.
”മോനെ, അത് അമ്മൂമ്മയല്ലെ? അമ്മ ഏതാ ഇതില്‍?” ടീച്ചര്‍ വീണ്ടും ചോദിച്ചു.
അവന്‍ എന്റെ മുഖത്തേക്ക് നോക്കി വീണ്ടും എന്റെ അമ്മയെ കാണിച്ചിട്ട് പറഞ്ഞു, ”ഇതാണ് എന്റെ അമ്മ.”
”എനിക്ക് ചോറു തരുന്നതും എന്നെ കുളിപ്പിക്കുന്നതും ഉറക്കുന്നതെല്ലാം അമ്മയാണെന്ന് അങ്കണവാടിയിലെ ടീച്ചറ് പഠിപ്പിച്ചിനല്ലോ.”
നിഷ്‌ക്കളങ്കമായ മറുപടി.
എനിക്ക് ഒന്നു പൊട്ടിക്കരയണമെന്നുണ്ട്.
തിരക്കിനിടയില്‍ ഒരിക്കലെങ്കിലും അവന്റെ ‘അമ്മ’ ഞാനായിരുന്നുവെന്ന് അവനെ പഠിപ്പിച്ചിരുന്നെങ്കില്‍…
സജിന്‍ പാലക്കീല്‍
+965 69626549
പ്രതികരിക്കാൻ ഇവിടെ എഴുതുക: