കോട്ടയം: കൊറോണ ലോക്ഡൗണ്‍ പ്രതിസന്ധിയുടെ മറവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര സ്വത്തുക്കള്‍ വിറ്റു തുലയ്ക്കുന്നു. വലിയ ക്രമക്കേടിനും അഴിമതിക്കുമാണ് ഇതിലൂടെ വഴിയൊരുക്കിയിരിക്കുന്നതും. ക്രമേണ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണത്തില്‍ കണ്ണുവച്ചാണ് ഇടതു നീക്കം.
പല ക്ഷേത്രങ്ങളിലെയും നൂറു കണക്കിന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും എല്ലാം ഉപയോഗ ശൂന്യമെന്ന് മുദ്രകുത്തിവില്‍ക്കാന്‍ തുടങ്ങുകയാണ്. നടവരവായി ലഭിച്ച സ്വര്‍ണവും വില്ക്കാന് നീക്കമുണ്ടെന്നാണ് സൂചന. കൊറോണ മൂലമുണ്ടായ പ്രതിസന്ധിയില്‍ ഭക്തര്‍ക്കും വിഷമമുണ്ട്. എന്നാല്‍ ഭക്തര്‍ കാണിക്ക വയ്ക്കുന്ന ക്ഷേത്ര സ്വത്ത് വിറ്റാണോ പരിഹാരം കണ്ടെത്തേണ്ടതെന്നാണ് ചോദ്യം.
ലോക്ഡൗണ്‍ മൂലം ക്ഷേത്രങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. മിക്ക ക്ഷേത്രങ്ങളിലും നിത്യ പൂജകള്‍ പോലും പരിമിതമായാണ്് നടക്കുന്നത്. വരുമാനം പൂര്‍ണമായും നിലച്ചു. ചെറിയ ക്ഷേത്രങ്ങളില്‍ അന്തിത്തിരിക്കു പോലും വകയില്ലാതായി. ഇതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് നിലവിളക്കുകളും ഓട്ടു പാത്രങ്ങളും കിണ്ടികളും വില്‍ക്കുന്നത്.
ക്ഷേത്രങ്ങളില്‍ നടയ്ക്ക് വയ്ക്കുന്ന നിലവിളക്കുകള്‍ക്കും ഓട്ടു പാത്രങ്ങള്‍ക്കും മറ്റും ക്ഷേത്ര അധികൃതരുടെ കൈയിലോ ബോര്‍ഡിന്റെ കൈവശമോ യാതൊരു രേഖകളും ഇല്ല. ഭക്തര്‍ അവ നടയ്ക്കല്‍ സമര്‍പ്പിക്കുമ്പോള്‍ ചിലപ്പോള്‍ രസീത് ലഭിച്ചേക്കാം, അത്രമാത്രം. ഇങ്ങനെ ലഭിച്ച നിലവിളക്കുകളുടെ എണ്ണം രജിസ്റ്ററില്‍ ചേര്‍ക്കാറില്ല. അവയുടെ തൂക്കമോ വലിപ്പമോ പോലും രേഖപ്പെടുത്തുന്നില്ല. അതിനാല്‍ ഇങ്ങനെ ലഭിക്കുന്നവയുടെ കണക്കില്ല. ആരെങ്കിലും എടുത്തു കൊണ്ടുപോയാല്‍ പോലും അറിയില്ല.
നടയ്ക്ക് വയ്ക്കുന്ന വിളക്കുകളും മറ്റും അതത് ദിവസത്തെ ഉപയോഗത്തിനു ശേഷം കഴുകി വൃത്തിയാക്കി വയ്ക്കണം. എന്നാല്‍ അധികൃതര്‍ അതിനൊന്നും മുതിരാറില്ല. ഉപയോഗിച്ച ശേഷം എണ്ണയും കത്തിത്തീര്‍ന്ന തിരിയും അടക്കം വിളക്കുകള്‍ മൂന്നും നാലും ഭാഗങ്ങളായി അഴിച്ചെടുത്ത് ക്ഷേത്രത്തില്‍ എവിടെയെങ്കിലും തള്ളും. അവ ക്ലാവു പിടിച്ച് നിറം മങ്ങി അവിടെക്കിടക്കും. മിക്ക വലിയ ക്ഷേത്രങ്ങളിലും ചെറുതും വലുതുമായ നൂറു കണക്കിന് നിലവിളക്കുകളും ഓട്ടു പാത്രങ്ങളുമാണ് കെട്ടിക്കിടക്കുന്നത്. വിളക്കിന്റെ തലയും കാലും പോലും കണ്ടെത്താന്‍ കഴിയാതെ കിടക്കുന്ന ഇവ ഉപയോഗ ശൂന്യമെന്ന് രേഖപ്പെടുത്തി വില്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നല്ല തൂക്കമുള്ള വലിയ ശില്പ ഭംഗിയുള്ള വിളക്കുകള്‍ വരെ വില്‍ക്കുന്നവയിലുണ്ട്. എണ്ണമോ തൂക്കമോ ഒന്നും നോക്കാതെ വില്ക്കുമ്പോള് വാങ്ങുന്നവര്‍ക്ക് ലക്ഷങ്ങളുടെ ലാഭമാണ്. ഇവയില്‍ പലതും മിനുക്കിയെടുത്താന്‍ പുതുപുത്തനാണ്. ഇവ ഇങ്ങനെ വില്ക്കുമ്പോള് ബന്ധപ്പെട്ട പലര്‍ക്കും ലാഭ വിഹിതം ലഭിക്കുമെന്നാണ് ആരോപണം.
നെയ്യാറ്റിന്‍കര വീരണകാവ് സബ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് നൂറു കണക്കിന് നല്ല നിലവിളക്കുകള്‍ പോലും തൂക്കി വില്‍ക്കുകയാണ്. കരുനാഗപ്പള്ളി പുലിയന്‍ കുളങ്ങര ക്ഷേത്രത്തില്‍ ആയിരക്കണക്കിന് വിളക്കുകളും കിണ്ടികളും വില്ക്കാന് ചാക്കില്‍ കെട്ടിവച്ചരിക്കുകയാണ്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, മുണ്ടക്കയം വള്ളിയാങ്കാവ് ദേവീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ നൂറുകണക്കിന് നിലവിളക്കുകളും ഓട്ടു പാത്രങ്ങളും വില്ക്കാന് നീക്കമുണ്ട്. ഏറ്റുമാനൂരില്‍ ഇവയെല്ലാം ചാക്കിലാക്കി തൂക്കിവെച്ചിരിക്കുകയാണ്.
ഹരിതം പദ്ധതിയുടെ മറവില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഭൂമി പച്ചക്കറി കൃഷിക്ക് പാട്ടത്തിന് നല്കാന് ഒരുങ്ങുകയാണ് ബോര്‍ഡധികൃതര്‍. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചെടുക്കാന്‍ പോലും കഴിയാത്ത ബോര്‍ഡാണ് ഉള്ള ഭൂമി പോലും വീണ്ടും പാട്ടത്തിന് നല്‍കുന്നത്. ഇക്കാര്യം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോടതിയുടെ അനുമതി വാങ്ങി ലേലം: ബോര്‍ഡ്
കോട്ടയം: ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന നിലവിളക്കുകളുടെയും ഓട്ടു പാത്രങ്ങളടെയും സ്വര്‍ണത്തിന്റെയും കണക്കെടുപ്പ് മാ്രതമാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ബോര്‍ഡ് പ്രതിസന്ധിയിലാണ്. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഇവ ലേലം ചെയ്യും, ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: