ലോകം മഹായുദ്ധങ്ങള്‍ക്ക് മുമ്പും ശേഷവും എന്ന വ്യാഖ്യാനങ്ങള്‍ പലരുടേതായുമുണ്ട്. ഭാവിയിലേത് ലോകം കൊറോണയ്ക്ക് മുമ്പും ശേഷവും എന്ന് വായിക്കേണ്ടിവരും. ലോകത്ത് ഇത്രമാത്രം വ്യാപിച്ച മറ്റൊരുരോഗം ഇല്ലെന്ന് പറയാം. വികസിതമെന്ന് പെരുമ്പറയടിച്ച് നടന്ന രാജ്യങ്ങള്‍ പലതും ഈ മഹാമാരിക്ക് മുന്നില്‍ അന്ധാളിച്ചുനിന്നപ്പോള്‍ നെഞ്ചുറപ്പോടെ അതിനെ നേരിടുന്ന ഒരേ ഒരു രാജ്യം ഇന്ത്യയാണെന്ന് ലോകം വിലയിരുത്തുന്നു. തുടക്കം മുതല്‍ പ്രതിരോധ നടപടി സ്വീകരിക്കുന്നതിലും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നതിനേക്കാള് ശക്തിയായി അയല്‍ രാജ്യങ്ങളേയും അകലമേറെയുള്ള രാഷ്ട്രങ്ങളെയും തട്ടി ഉണര്‍ത്തിയത് നമ്മുടെ പ്രധാനമന്ത്രിയും ഭരണകൂടവുമാണല്ലോ.
രോഗഭീഷണി നേരത്തെ അറിഞ്ഞ് നാടണയാന്‍ ആഗ്രഹിച്ചവര്‍ക്കെല്ലാം പ്രത്യേക വിമാനങ്ങള്‍ അയച്ചു. ഗൗരവം മനസ്സിലാക്കാന്‍ വൈകിപ്പോയപ്പോള്‍ പലര്‍ക്കും നില്‍ക്കുന്നിടത്ത് നിന്ന് അനങ്ങാന്‍ പറ്റാത്ത സ്ഥിതിയുമായി. എവിടെ നില്ക്കുന്നുവോ അവിടെ തന്നെ ത്യാഗം സഹിച്ച് തുടരാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രോഗംമൂലവും യാത്ര തുടങ്ങാനോ തുടരാനോ പറ്റാതെ കഷ്ടപ്പെട്ടവരോടെല്ലാം നരേന്ദ്രമോദി ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായി. ലോകം മുഴുവന്‍ കെട്ടിയടച്ചപ്പോള്‍ പലര്‍ക്കും നാടുപിടിക്കാന്‍ കലശലായ ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികം. എന്നിട്ടും രാജ്യത്തിനകത്തുള്ളവരുടെ യാത്രാമോഹത്തിന് ചില സംസ്ഥാനങ്ങള്‍ പരിമിതമാണെങ്കിലും സംവിധാനമുണ്ടാക്കി. ദല്‍ഹിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് ആദ്യമായി 1300 ബസുകള്‍ ഏര്‍പ്പെടുത്തി യു.പി. സര്‍ക്കാര്‍ മാതൃക കാട്ടി. രാജസ്ഥാനില്‍ കുടങ്ങിപ്പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനും യോഗി സര്‍ക്കാരിന് മുന്നില്‍ ഒരുപാര്‍ട്ടിക്കും സമ്മര്‍ദ്ദം ചെലുത്തേണ്ടിവന്നില്ല. ആഗ്രഹിക്കുന്നവരെയെല്ലാം സഹായിക്കാനും സംരക്ഷിക്കാനും ഒട്ടുമിക്ക സംസ്ഥാന സര്‍ക്കാരും ശ്രദ്ധിച്ചിരുന്നു. കേരളം ഉള്‍പ്പെടെ ചിലര്‍ അക്കാര്യത്തില്‍ അല്പത്തം കാട്ടിയത് വിസ്മരിക്കുന്നില്ല. ഭക്ഷണം തന്നത് ഇവിടത്തെ മുഖ്യമന്ത്രി, കിടക്കാനിടം നല്കിയ മുഖ്യമന്ത്രിയുടെ പേരറിയാലോ? തീവണ്ടി ഏര്‍പ്പാടാക്കിയതും സംസ്ഥാന സര്‍ക്കാര്‍ എന്നൊക്കെ പറഞ്ഞ് പഠിപ്പിച്ച് നാട്ടില്‍ പോയാല്‍ ഇതൊക്കെ പാടിനടക്കണമെന്ന് നിര്‍ദ്ദേശിച്ചതൊന്നും മറക്കാനാവില്ല.
ഇതൊക്കെയാണെങ്കിലും പോകാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം സംവിധാനം ബന്ധപ്പെട്ട സര്‍ക്കാര്‍ ഒരുക്കുമ്പോഴാണ് കണ്ണുവരെ മൂടുന്ന മാസ്ക് ധരിച്ചുറങ്ങിയ ചിലര്‍ പെട്ടെന്ന് ചാടി എഴുന്നേറ്റ് കോപ്രായങ്ങള്‍ തുടങ്ങിയത്. അതാരൊക്കെയാവുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലെങ്കിലും പാര്‍ട്ടിയുടെ പേരുപറഞ്ഞേ പറ്റൂ. ആ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അണയാന്‍ നേരം ആളിക്കത്തും എന്നുപറയാറില്ലെ. അതുപോലെ. ആളിക്കത്താനൊന്നും ത്രാണിയില്ലെങ്കിലും അങ്ങിനെ സ്വയംഭാവിക്കുകയാണ്. സംസ്ഥാന പിസിസികളെല്ലാം കുടിയേറ്റ തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ സംവിധാനമൊരുക്കണമെന്ന് അമ്മ. നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തി കുശലം പറയാന്‍ മകന്. ഇരുവരും മടുത്തപ്പോള്‍ മകള്‍. അമ്പമ്പോ എന്തൊരു പുകിലാണ് കണ്ടത്. ആയിരം ബസിന്റെ മേനിപറഞ്ഞ് വിലസാന്‍ നോക്കിയ മകള്‍ പ്രിയങ്ക ഇപ്പോള്‍ വല്ലാത്തൊരു വയ്യാവേലിയിലുമായി.
കുടിയേറ്റ അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്കിയ പ്രിയങ്ക യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനുമെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നു. ഓട്ടോകള്‍, ഇരുചക്രവാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന് നമ്പരുകള്‍ ഉള്‍പ്പെടുത്തി ബസുകളുടെ പട്ടിക അയച്ചുകൊണ്ട് കോണ്‍ഗ്രസ് തട്ടിപ്പ് നടത്തിയെന്ന് യുപി സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
അതിഥി തൊഴിലാളികളെ സഹായിക്കാന്‍ രാഷ്ട്രീയഭിന്നത മറന്നു പ്രവര്‍ത്തിക്കേണ്ട സമയത്ത് സാധ്യമായ എല്ലാ തടസങ്ങളും സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിങ്ങള്‍ വേണമെങ്കില്‍ ബിജെപിയുടെ ബാനര്‍ ബസുകളില്‍ വച്ചുകൊള്ളൂ കൊടികെട്ടിക്കോളൂ എങ്കിലും ബസുകള്‍ വേണ്ടെന്നു വയ്ക്കരുത്. കോണ്‍ഗ്രസിന്റെ കൊടിയും ബാനറും കെട്ടിയാല്‍ ബസില്‍ കയറാന്‍ ആളെ കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് ചുവടുമാറ്റമെന്ന് വ്യക്തം. തൊഴിലാളികള്‍ക്കായി 1,000 ബസുകള്‍ സര്‍വീസ് നടത്താമെന്ന് പ്രിയങ്ക വാഗ്ദാനം ചെയ്തിരുന്നു. പ്രിയങ്കയുടെ അഭ്യര്‍ഥനയ്ക്ക് യുപി സര്‍ക്കാര്‍ അനുവാദം നല്കി. ബസുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയ്ക്കു കത്തും നല്കി. ലക്നൗവില്‍ ബസുകള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് മറുപടി കത്തു നല്കി. പിന്നാലെ 500 ബസുകള്‍ വീതം നോയിഡ, ഗാസിയാബാദ് അതിര്‍ത്തികളിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു സര്‍ക്കാര്‍ മറ്റൊരു കത്തു നല്കി. രേഖകള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് ബസുകള്‍ ഉപയോഗിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് നല്കിയ പട്ടികയില്‍ പറയുന്ന രജിസ്ട്രേഷന് നമ്പരുകള്‍ ബസുകളുടേതല്ലെന്നറിഞ്ഞപ്പോള്‍ താളം തെറ്റി. റായ് ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ദുരന്ത സമയത്ത് ഇത്ര താഴ്ന്ന നിലവാരമുള്ള രാഷ്ട്രീയം വേണ്ടെന്ന് അവര്‍ പ്രതികരിച്ചു.
കൊറോണയുടെ പിതൃത്വം ചൈനയാണെന്ന് ലോകരെല്ലാം തിരിച്ചറിഞ്ഞിട്ടും അതൊന്നും കേട്ടിരിക്കാന്‍ സിപിഎം നേതൃത്വത്തിനാവുന്നില്ല. പോളണ്ടിനെക്കുറിച്ച് മിണ്ടരുത് എന്നപോലെ ചൈനയെപ്പറ്റി പറയരുതെന്ന് ഉറക്കെ പറയുകയാണ് പ്രകാശ്കാരാട്ട്. പണിയൊന്നുമില്ലാതെ പാലയില്ലാതായി അലയുന്ന ഈ പാര്‍ട്ടി നേതാവിന് പാര്‍ട്ടി നയത്തെക്കുറിച്ച് തന്നെ നിശ്ചയമില്ലെന്നുണ്ടോ? ചൈനമാറി. മുതലാളിത്തത്തെയാണിന്ന് മുറുകെ പിടിക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരുടെ നല്ല കാലത്ത് ചൈനയ്ക്ക് ഒത്താശ ചെയ്തപ്പോള്‍ അഞ്ചാം പദ്ധതികളെന്ന ഓമന പേരുകിട്ടി. ചൈനാ ചാരന്മാരെന്ന് പാര്‍ട്ടി ശത്രുക്കളും ചാര്‍ത്തിക്കൊടുത്തു. സ്വദേശികള്‍ക്കും പരദേശികള്‍ക്കും വേണ്ടാത്ത സ്ഥിതിയായിട്ടും ചൈനക്കുവേണ്ടി വിടുപണി ചെയ്യുമ്പോഴാണ് അത്ഭുതമുണ്ടാവുക.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണസംവിധാനവും ചൈനയ്ക്കെതിരെ കുപ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്നാണ് കാരാട്ട് പറയുന്നത്. കോവിഡ് അമേരിക്കയില്‍ സൃഷ്ടിച്ച നാശനഷ്ടത്തിന് ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുന്നുണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ മിസോറി, ഫ്ളോറിഡ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ കോടതികളില്‍ ചൈനയ്ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ജൈവായുധം നിര്‍മിക്കാന്‍ ചൈന ബോധപൂര്‍വം കൊറോണ വൈറസിനെ വികസിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലെ ഒരു അഭിഭാഷകന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹര്‍ജി നല്കി. ഇത് പാശ്ചാത്യ മാധ്യമങ്ങളും വിവിധതലത്തിലുള്ള രാഷ്ട്രീയ നിരീക്ഷകരും ചൈനയെ ബലിയാടാക്കാനുള്ള പ്രചാരണങ്ങളില്‍ ഒന്നിച്ചിരിക്കയാണെന്നാണ് കാരാട്ടിന്റെ ഭാഷ്യം. കേരളത്തിലെ തന്റെ സഹപ്രവര്‍ത്തകരും സര്‍ക്കാരും അമേരിക്കന്‍ മാധ്യമങ്ങളുടെ ശ്രദ്ധ നേടാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് കാരാട്ട് അറിഞ്ഞതായേ ഭാവിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: