കോഴിക്കോട്: സഹകരണബാങ്കിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങിയതിനെ ചൊല്ലി സിപിഎമ്മില്‍ കലാപം. സ്ഥലത്തിന് വിലകൂട്ടി കാണിച്ച് രജിസ്‌ട്രേഷന്‍ നടത്തി ഇടനിലക്കാര്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് വിഷയത്തില്‍ പാര്‍ട്ടി ജില്ലാകമ്മറ്റി ഇടപെട്ടു.
കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണബാങ്കിനുവേണ്ടി കണ്ണൂര്‍ റോഡില്‍ 69 സെന്റ് സ്ഥലം വാങ്ങിയതിലാണ് കമ്മീഷന്‍ കൈപ്പറ്റിയതായി പരാതിയുള്ളത്. പാര്‍ട്ടിക്കുള്ളിലും ബാങ്ക് അംഗങ്ങള്‍ക്കിടയിലും വിഷയം ചര്‍ച്ചയായതോടെ പാര്‍ട്ടിത ലത്തില്‍ സിപിഎം അന്വേഷണം ആരംഭിച്ചു. ബാങ്ക് ഭരണ സമിതിയിലെ ചിലരുടെ അറിവോടെയാണ് വില കൂട്ടി കാണിച്ച് വില്‍പ്പന നടത്തിയതെന്നാണ് ആരോപണം. സെന്റിന് 19 ലക്ഷം രൂപയ്‌ക്കാണ് സ്ഥലം വാങ്ങിയത്.
ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി. ലക്ഷ്മണനും ചില ഡയറക്ടര്‍മാരും ഉള്‍പ്പെട്ട പര്‍ച്ചേയ്‌സ് കമ്മറ്റിയാണ് ഭൂമി ഉടമകളുമായി സംസാരിച്ച് സ്ഥലം വാങ്ങുന്നതിന് നേതൃത്വം നല്‍കിയത്. സെന്റിന് 13 ലക്ഷം വില്‍പനയ്‌ക്കുവെച്ച ഭൂമിയാണ് 19 ലക്ഷത്തിന് വാങ്ങിയ തെന്നും ഈയിനത്തില്‍ മൂന്നു കോടിയോളം രൂപ ഇടനിലക്കാര്‍ കൈപ്പറ്റിയെന്നുമാണ് ആരോപണം.
അന്യായമായി വില വര്‍ദ്ധിപ്പിച്ച് ഭൂമി വാങ്ങിയത് ബാങ്കിന്റെ സാമ്പത്തികഭദ്രതയെ തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ജീവനക്കാര്‍ക്കെതിരെ മറ്റു പലകാരണങ്ങള്‍ പറഞ്ഞ് അച്ചടക്ക നടപടി സ്വീകരിച്ചതായും ആക്ഷേപമുണ്ട്. വില കൂട്ടി ആധാരത്തില്‍ കാണിച്ച് രജിസ്‌ട്രേഷന്‍ നടത്തിയതില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും നഷ്ടമുണ്ടായതായും ആരോപണമുണ്ട്. പരാതി വ്യാപകമായതിനെതുടര്‍ന്ന് സിപിഎം ജില്ലാകമ്മറ്റി വിഷയത്തില്‍ ഇടപെട്ടു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ജീവനക്കാരില്‍ നിന്ന് തെളിവെടുക്കാനുമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.പി. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്കിന്റെ ഉത്തരവാദിത്വപ്പെട്ട ചിലര്‍ നടത്തിയ ദുബായ് യാത്രയും വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: