ആറ്റിങ്ങൽ: തോട്ടയ്ക്കാട് ഗവ. എൽപിഎസിലെ കുട്ടികൾ വായനാ പുസ്തകങ്ങൾ വാങ്ങുവാനായി പുസ്തക കുടുക്കകളിൽ ശേഖരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി ആറ്റിങ്ങൽ എംഎൽഎ അഡ്വ. ബി. സത്യന് കൈമാറി. വായനാ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ കുടുക്കകളിൽ വീഴുന്ന നാണയങ്ങൾ പുസ്തകങ്ങൾ വാങ്ങുവാനാണ് ഉപയോഗിക്കുന്നത്.
ഈ വർഷം ഫെബ്രുവരി മാസത്തിലാണ് വിദ്യാലയത്തിൽ എത്തിയ പുസ്തകവണ്ടിയിൽ നിന്നും കുട്ടികൾ അവസാനമായി പുസ്തകങ്ങൾ സ്വന്തമാക്കിയത്. അതിനുശേഷം സ്വരൂപിച്ച 10,000 രൂപയാണ് കുട്ടികൾ നാടിന്റെ നന്മക്കായി നൽകി മാതൃകയായത്. കഴിഞ്ഞ പ്രളയകാലത്തും കുട്ടികൾ ഇത്തരത്തിൽ സംഭാവന നൽകുകയും അധ്യാപകർ അവരുടെ ഒരു മാസത്തെ ശമ്പളം നൽകുകയും ചെയ്തിരുന്നു.
അവധിക്കാലം ആനന്ദകരമാക്കുവാൻ ഓൺലൈൻ സർഗാത്മക പ്രവർത്തനങ്ങൾ കൂടാതെ വായനാപുസ്തകങ്ങൾ, കളർ ബുക്കുകൾ, ക്രയോൺസ് തുടങ്ങിയവയൊക്കെ അധ്യാപകർ കുട്ടികൾക്ക് വീട്ടിലെത്തിച്ചു നൽകിയിരുന്നു. ചടങ്ങിൽ പഞ്ചായത്തു വൈസ് പ്രസിഡന്റ് സുരേഷ്കുമാർ, പ്രഥമാധ്യാപിക ജയശ്രീ ഇ.ആർ., പിടിഎ പ്രസിഡന്റ് റിജു, സീനിയർ അധ്യാപിക ഷമീന എം.എൽ. തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: