ന്യൂദല്‍ഹി: രാജ്യത്തെ പ്രതിരോധരംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന സൈന്യത്തിന്റെ നിര്‍ദേശം സ്വാഗതം ചെയ്ത് രാജ്യം. യുവാക്കള്‍ക്ക് മൂന്നു വര്‍ഷം സൈനിക സേവനത്തിനു വഴിയൊരുക്കുന്ന ഈ നിര്‍ദേശത്തെ അഭിനന്ദിച്ചും ഇവര്‍ക്ക് ജോലി നല്‍കുമെന്ന് അറിയിച്ചും പ്രമുഖരടക്കം രംഗത്തെത്തി.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് സൈനിക സേവനം നടത്തുന്ന യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യമറിയിച്ച് അദ്ദേഹം സൈന്യത്തിന് കത്തയച്ചു. സൈന്യത്തില്‍ ഓഫീസര്‍മാരായും സൈനികരായും ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെ നിയമിക്കുന്നത് അവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ നേട്ടമാകും. സൈന്യത്തിലേക്കുള്ള പരിശീലനവും പ്രവര്‍ത്തനവും കണക്കിലെടുത്ത് അവരെ ജോലിക്ക് പരിഗണിക്കും, കത്തില്‍ ആനന്ദ് വ്യക്തമാക്കുന്നു.
പദ്ധതിയെക്കുറിച്ചുള്ള വിശദമായ മാര്‍ഗരേഖ സൈന്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളിലെയും, കേന്ദ്ര പോലീസ് സേനയിലെയും ജവാന്മാര്ക്ക് ഏഴ് വര്‍ഷം സൈന്യത്തില്‍ ഡെപ്യൂട്ടേഷന് അവസരമുണ്ടാകുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
സാധാരണ സൈനികരുടേതു പോലെ മുന്നണിയിലടക്കം പ്രവര്‍ത്തിക്കേണ്ടിവരും. ശമ്പളവും പെന്ഷന് ആനുകൂല്യങ്ങളുമടക്കം അതേ രീതിയില്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ആദ്യഘട്ടത്തില്‍ 100 ഓഫീസര്‍മാരെയും 1000 സൈനികരെയും നിയമിക്കും. റിക്രൂട്ട്മെന്റ് നടപടികള്‍ സാധാരണ സൈനിക റിക്രൂട്ട്മെന്റുകള്‍ പോലെയാണ്. അക്കാര്യത്തില്‍ ഇളവില്ല. ആദ്യം കരസേനയിലാകും നിയമനം. തുടര്‍ന്ന് നാവിക, വ്യോമസേനകളിലും. ടൂര്‍ ഓണ്‍ ഡ്യൂട്ടി എന്നാണ് ഇതിന് പേര് നിര്‍ദേശിച്ചിട്ടുള്ളത്.
പത്തു വര്‍ഷം വരെയുള്ള ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് വിഭാഗത്തില്‍ ഒരു ഉദ്യോഗസ്ഥന്റെ പരിശീലനം, ശമ്പളം, തുടര്‍ന്നുള്ള ചെലവുകളടക്കം 5.12 കോടി രൂപ വേണം. സര്‍വീസ് 14 വര്‍ഷമാകുമ്പോള്‍ ഇത് 6.83 കോടിയായി ഉയരും. മൂന്നു വര്‍ഷത്തേക്കാകുമ്പോള്‍ ചെലവ് 80 മുതല്‍ 85 ലക്ഷം വരെയായി കുറയും. 17 വര്‍ഷം സര്‍വീസുള്ള ജവാന് 11.5 കോടിയാണ് ചെലവിടുന്നത്. പുതിയ പദ്ധതിയില്‍ 1000 ജവാന്മാര്ക്ക് 11,000 കോടി ചെലവിട്ടാല്‍ മതി.
അര്‍ധസൈനിക വിഭാഗങ്ങളിലെയും കേന്ദ്ര പോലീസ് സേനകളിലെയും ജവാന്മാര്ക്ക് ഏഴു വര്‍ഷം സൈന്യത്തില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കാം. അതിനുള്ള പരിശീലനവും സൈന്യം നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ മാതൃസേനയിലേക്ക് മടങ്ങാം. സൈനികരുടെ ശമ്പളത്തിനും പെന്‍ഷനുമടക്കം ചെലവിടേണ്ടിവരുന്ന ചെലവുകള്‍ കുറച്ച് സൈന്യത്തിന്റെ ആധുനികവത്കരണത്തിന് കൂടുതല്‍ തുക നീക്കിവയ്ക്കുകയെന്നതും പുതിയ നിര്‍ദേശങ്ങള്‍ക്കു പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: