ബെര്‍ലിന്‍: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ജര്‍മന്‍ ലീഗായ ബുന്ദസ് ലിഗ പുനരാരംഭിക്കുന്നു. നാളെ ബൊറൂസിയ ഡോര്‍ട്ടമുണ്ട് സ്വന്തം തട്ടകത്തില്‍ ഷാല്‍ക്കെയുമായി ഏറ്റുമുട്ടും. കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് മത്സരങ്ങള്‍ നടത്തുക. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകകായിക രംഗം നിശ്ചലമായതിനുശേഷം പുനാരാരംഭിക്കുന്ന ആദ്യത്തെ ടോപ്പ് ലീഗാണ് ബുന്ദസ് ലിഗ. കളിക്കാര്‍ എല്ലാവരും തന്നെ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകില്ല. എണ്‍പതിനായിരം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍, കളിക്കാരും പരിശീലകരും മാധ്യമ പ്രവര്‍ത്തകരും അടക്കം മുന്നൂറ് പേരാണ് ഉണ്ടാകുക.ചരിത്രത്തിലെ ഏറ്റവും അസാധാരണമായ ഡെര്ബിയായിരിക്കും ഇതെന്ന് ഡോര്‍ട്ട്മുണ്ട് തലവന്‍ സെബാസ്റ്റിയന് പറഞ്ഞു. കാണികള്‍ ഇല്ലാത്ത് ഈ മത്സരത്തില്‍ കളിക്കാര്‍ക്ക് പ്രചോദമാകുന്ന അന്തരീക്ഷം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹചര്യം എന്തു തന്നെയായാലും വിജയം തന്നെയാണ് ഡോര്‍ട്ട്മുണ്ട് ലക്ഷ്യമിടുന്നത്. ഒമ്പത് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഡോര്‍ട്ട്മുണ്ട് അമ്പത്തിയൊന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബയേണ്‍ മ്യൂണിച്ചാണ് ഒന്നാം സ്ഥാനത്ത്. അവര്‍ക്ക് ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ അമ്പത്തിയഞ്ച് പോയിന്റുണ്ട്.
ഡോര്‍ട്ട്മുണ്ട് വിജയം നേടുമെന്നാണ് പ്രതീക്ഷ. ലീഗിലെ അവസാന എട്ട് മത്സരങ്ങളില്‍ ഏഴിലും അവര്‍ വിജയം നേടിയിരുന്നു. ജനുവരിക്കുശേഷം എറിക് ഹാലാന്‍ഡും ജാഡന്‍ സാഞ്ചോസും കൂടി ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്. പരിക്കേറ്റ് ക്യാപ്റ്റന്‍ മാര്‍ക്കോ റൂസ്, പ്രതിരോധനിരക്കാരന്‍ ഡാന്‍ അക്സല്‍, മധ്യനിരക്കാരായ അക്്സല് വിസ്റ്റല്‍, എംറേ കാന്‍ എന്നിവര്‍ കളിക്കുന്ന കാര്യം സംശയമാണ്.
അവസാനം കളിച്ച ഏഴ് ലീഗ് മത്സരങ്ങളില്‍ ഒരു വിജയം പോലും നേടാത്ത ടീമാണ് ഷാല്‍ക്കെ. ഈ മത്സരങ്ങളില്‍ ആകെ രണ്ട് ഗോളുകള്‍ മാത്രമാണ് അവര്‍ നേടിയത്്. ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ മുപ്പത്തിയേഴു പോയിന്റുമായി അവര്‍ ആറാം സ്ഥാനത്താണ്.
നാളെ നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ആര്.ബി. ലീപ്സിഗ് ഫ്രീബര്‍ഗിനെയും ആഗസ്ബര്ഗ് വൂള്ഫ്സ്വര്ഗിനെയും ഹോഫിന്ഹീം ഹെര്‍ത്ത ബിഎസ് സിയേയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: