തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രയാസത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെലവ് ചുരുക്കും. ഇതെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ലോക്ഡൗണ്‍ കാരണം സംസ്ഥാനത്തിന്റെ എല്ലാ പ്രധാന വരുമാന മാര്‍ഗങ്ങളും ഇല്ലാതായിരിക്കുകയാണ്. ലോട്ടറി വില്പന നിര്‍ത്തലാക്കി. മദ്യശാലകള്‍ പൂട്ടി. ജി.എസ്.ടി. വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി. ഈ സാഹചര്യത്തില്‍ പുതിയ വരുമാന മാര്‍ഗം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.
സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വ്യവസായ വകുപ്പ് തയ്യാറാക്കിയ പ്രത്യേക പാക്കേജായ ഭദ്രതയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്.
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന് വിരമിക്കുന്നവരുമായി സ്ഥരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ റിട്ടയര്‍മെന്റ് ആനുകൂല്യം ലഭ്യമാക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.
മാങ്കുളം ജലവൈദ്യുത പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന പുഴ പുറമ്പോക്കിലും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കുന്ന പുറമ്പോക്കിലും അധിവസിക്കുന്ന 70ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി ഏഴു കോടി രൂപ നല്‍കുന്നതിന് കെ.എസ്.ഇ.ബിക്ക് അനുമതി നല്കാന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: