ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 10 ശതമാനം വരുന്ന, എല്ലാ മേഖലകള്‍ക്കും പ്രധാന്യം നല്കുന്ന പാക്കേജാണ് മൂന്നാം ഘട്ട ലോക്്ഡൗണ്‍ അവസാനിക്കാനിരിക്കെ രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന പാക്കേജിന്റെ വിശദാംശങ്ങള്‍ ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വിശദീകരിക്കും.
കൊറോണയില്‍ തളര്‍ന്ന സാമ്പത്തിക മേഖലയ്ക്ക് പാക്കേജ് ഉത്തേജനം പകരും. രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും, സത്യസന്ധമായ നികുതി നല്കുന്ന മധ്യവര്‍ഗത്തിനും, വികസനമെത്തിക്കുന്ന വ്യവസായികള്‍ക്കും പ്രയോജനം ലഭിക്കും. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും മത്സ്യമേഖലയ്ക്കും പ്രത്യേക പരിഗണനയുണ്ടാകും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും ഇതിന്റെ അടിസ്ഥാനമാകും ഈ പാക്കേജെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
നാല് മാസത്തോളമായി ലോകം കൊറോണയ്ക്കെതിരെ പൊരുതുകയാണ്. വൈറസ് ലോകത്തെ മുട്ടുകുത്തിച്ചു. മൂന്ന് ലക്ഷത്തോളമാളുകളെ നഷ്ടപ്പെട്ടു. യുദ്ധത്തിന് നടുവിലാണ് രാജ്യം. ഉപേക്ഷിക്കാനുള്ള സമയമല്ല. അതിജീവിക്കേണ്ടതുണ്ട്. ഇന്ത്യക്ക് ഇത് അവസരം കൂടിയാണ്. കൊറോണ പോരാട്ടത്തിന്റെ തുടക്കത്തില്‍ പിപിഇ കിറ്റുകള്‍ നമ്മള് നിര്‍മിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദിവസേന രണ്ട് ലക്ഷത്തിലധികം പിപിഇ കിറ്റുകളും അത്രത്തോളം എന്‍95 മാസ്കും നിര്‍മിക്കുന്നുണ്ട്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയാണ് ചെയ്യേണ്ടത്. സ്വയംപര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിന്റെ പ്രതീക്ഷയാണ് ഇന്ത്യ. മനുഷ്യനന്മയ്ക്കായി നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ലോകം തിരിച്ചറിഞ്ഞു. ഈ പ്രതികൂല അവസ്ഥയിലും രാജ്യത്തിന്റെ സംവിധാനം കൂടുതല്‍ കാര്യക്ഷമമാണ്. സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ, ഉത്പാദന വിതരണ ശൃംഖല, സാമൂഹിക വൈവിധ്യം എന്നീ അഞ്ച് തൂണുകളാണ് ഇന്ത്യയുടെ ശക്തി, പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണ വ്യാപനത്തില്‍ അഞ്ചാമത്തെ തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്ത് ബിഎംഎസ്. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പരിഗണന നല്‍കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് അഡ്വ. സജി നാരായണന് പറഞ്ഞു. പാക്കേജ് സമസ്ത ജനവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞു.
ലോക്ഡൗണ്‍ നീളും
ലോക്ഡൗണ്‍ നീട്ടുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നാലാമത്തെ ലോക്ഡൗണ്‍ മുന്‍പത്തേതില്‍നിന്നും വ്യത്യസ്തമായിരിക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. സംസ്ഥാനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് 18ന് മുന്‍പായി ഇതിന്റെ പ്രഖ്യാപനം നടത്തും, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: