ന്യൂദല്‍ഹി : ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച ചൈനയ്ക്ക് തിരിച്ചടി നല്കിയ സൈന്യത്തെ പ്രശംസിച്ച് ഇട്ട ട്വീറ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ്.ലോക്സഭാ എംപികൂടിയായ അധീര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററിലുടെ ചൈനയെ വിഷപ്പാമ്പുകളെന്ന് വിളിച്ചുകൊണ്ടുള്ള ട്വീറ്റാണ് പിന്‍വലിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ട്വീറ്റ് പിന്‍വലിച്ചതെന്നും ആരോപണമുണ്ട്.
ഇന്ത്യ- ചൈന അതിര്‍ത്തിയായ ലഡാക്കിലെ നിയന്ത്രണരേഖയില്‍ കഴിഞ്ഞദിവസം ചൈനീസ് ഹെലിക്കോപ്ടര്‍ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് വ്യോമസേനയുടെ ശ്രദ്ധയില്‍ പെടുകയും യുദ്ധവിമാനങ്ങള്‍ അയച്ച് തുരത്തി ഓടിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അധീര്‍ ചൗധരി ട്വീറ്റ് ചെയ്തത്.
ചൈനയെന്ന വിഷപ്പാമ്പിന്റെ പല്ല് പറിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനാകുമെന്നും ചൈനയുടെ നെറികെട്ട നടപടികള്‍ ലോകം മുഴുവന്‍ കാണുന്നുണ്ട്. കൊറോണ വൈറസ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം നില്ക്കുന്ന തായ്വാനെ അംഗീകരിക്കണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു ട്വീറ്റ്.
എന്നാല്‍ ട്വീറ്റ് പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം ഉയരുന്നത്. കോണ്‍ഗ്രസിന്റെ ചൈനയുമായുള്ള നയമാണ് ട്വീറ്റ് പിന്‍വലിക്കാനുള്ള പ്രധാന കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ അധീര്‍ രഞ്ജന്‍ ചൗധരിയുടെ ട്വീറ്റിനെ തള്ളിപ്പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ എംപിയുമായ ആനന്ദ് ശര്‍മ്മയും രംഗത്ത് വന്നിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തെ തന്റെ പാര്‍ട്ടി വിലമതിക്കുന്നു എന്നായിരുന്നു ശര്‍മ്മയുടെ ട്വീറ്റ്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിലാണ് ട്വീറ്റ് പിന്‍വലിച്ചതെന്ന ആരോപണങ്ങള്‍ ശക്തമാകുന്നുണ്ട്. ട്വീറ്റ് പിന്‍വലിച്ചതില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും അധീര്‍ ചൗധരിയെ വിമര്‍ച്ചിരുന്നു.
2017ല്‍ ധോക്ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്ന സമയത്ത് രാഹുല്‍ ഗാന്ധി ചൈനീസ് പ്രതിനിധി ലൂ ഷാഹുയിയുമായി ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസ്സ് പാര്‍ട്ടി ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് ചൈന തന്നെ വിശദാംശങ്ങള്‍ പുറത്തുവിടുകയായിരുന്നു. ഇത്കൂടാതെ 2018ല്‍ കൈലാസ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ വീണ്ടും ചൈനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയും ആദ്യം കോണ്‍ഗ്രസ്സ് രഹസ്യമാക്കി വെച്ചു. പിന്നീട് രാഹുല്‍ തന്നെ ഇക്കാര്യം പുറത്തുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: