കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. കര്‍ശന നിയന്ത്രണങ്ങളാണ് കടകള്‍ തുറക്കുന്നതിന്റെ ഭാഗമായി മിഠായിത്തെരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നരമാസത്തിലധികമായി കടകള്‍ അടച്ചിട്ടതിനാല്‍ മിക്കകടകളിലും ഇന്ന് രാവിലെ മുതല്‍ ശുചീകരിക്കുന്ന ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. പാതി ഷട്ടര്‍ തുറന്നിട്ട നിലയിലാണ് ഈ കടകള്‍.
അതേസമയം നേരത്തെ ശുചീകരണം പൂര്‍ത്തിയാക്കിയ കടകള്‍ തുറന്നു വില്‍പ്പന ആരംഭിച്ചു. കടകളുടെ പുറത്ത് കടയുടെ വിസ്തീര്‍ണ്ണവും ഒരേ സമയം ഏത്രപേരെ പ്രവേശിപ്പിക്കാമെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിങ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതിയുള്ളത്. പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയായി ക്രമീകരിച്ചിട്ടുണ്ട്.
ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്. പോലീസ് അനുമതിപത്രം നല്‍കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ഇതിനായി ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പോലീസിന് നല്‍കണം. ഈ ഡിക്ലറേഷന്‍ സമര്‍പ്പിച്ച ശേഷം മാത്രമേ കട തുറക്കാന്‍ പാടുള്ളൂ. കടകകളുടെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രവേശനം. ഓരോ കടയും അവിടേക്ക് പ്രവേശിപ്പിക്കാനാവുന്നവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. എല്ലാ കടകളിലും ബ്രെയ്ക് ദ ചെയിന്‍ പദ്ധതിക്ക് ആവശ്യമായ സംവിധാനം ഒരുക്കണം.
കടകളിലെ സിസിടിവി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കേണ്ടതും തിരക്ക് വിശകലനം ചെയ്യാനായി ഇവ പരിശോധനയ്‌ക്ക് വിധേയമാക്കുകയും വേണം. മിഠായിത്തെരുവിലേക്ക് സാധനങ്ങള്‍ വാങ്ങാനല്ലാതെ ആരെയും പ്രവേശിപ്പിക്കുന്നില്ല. പ്രവേശനകവാടത്തില്‍ പോലീസ് പരിശോധന നടത്തിയാണ് ആളുകളെ കടത്തിവിടുന്നത്. സാധനങ്ങള്‍ വാങ്ങി മടങ്ങുന്നവരുടെ ബില്ലുകള്‍ പരിശോധിക്കുന്നുമുണ്ട്. ബില്ലുകള്‍ ഹാജരാക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. നിബന്ധനകള്‍ ലംഘിച്ചാല്‍ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ പ്രധാന വാണിജ്യ കേന്ദ്രം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടും എന്നുള്ളതിനാല്‍ കോഴിക്കോട്ടെ മറ്റ് കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയപ്പോഴും മിഠായി ത്തെരുവില്‍ കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം ജനപ്രതിനിധികളും വ്യാപാരികളും ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: