കാസര്‍കോട്: അവസാന കോവിഡ് രോഗിയും ചികിത്സ കഴിഞ്ഞ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ പടിയിറങ്ങിയതോടെ കാസര്‍കോടിന് ഇത് ചരിത്രനേട്ടം. ചെങ്കള സ്വദേശിയായ ഷെറീഫ്(47) മാത്രമാണ് കഴിഞ്ഞ മൂന്നു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ ഫലവും നെഗറ്റീവ് ആയതോടെയാണ് ജില്ല കോവിഡ് മുക്തമായത്.
ഗള്‍ഫില്‍ നിന്ന് വന്ന ഇയാളെ രോഗവിമുക്തനായി ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഏപ്രില്‍ 14 ന് ആണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് 19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍കോട് മാറിയിരിക്കുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 178 രോഗികളില്‍ അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായി.
ആദ്യഘട്ടത്തില്‍ ഒരോറ്റ രോഗിമാത്രമേ ജില്ലയില്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടാംഘട്ടത്തിലാണ് 177 രോഗബാധിതര്‍ ഉണ്ടായത്. ആകെയുളള രോഗബാധിതരില്‍ 108 പേരും വിദേശത്തു നിന്ന് വന്നരാണ്. സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരുമാണ്. കാസര്‍കോട് ജില്ലാശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 24 പേരെയുമാണ് ചികിത്സിച്ചത്. അതോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ 20 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 പേരെയുമാണ് ചികിത്സിച്ചത്.
ചെമ്മനാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉണ്ടായത് 39 പേര്. കാസര്‍കോട് നഗരസഭാ 34, ചെങ്കള 25, മൊഗ്രാല്‍പൂത്തൂര്‍ 15, ഉദുമ 14, മധൂര്‍ 13, മുളിയാര്‍ എട്ട്, കാഞ്ഞങ്ങാട് നഗരസഭാ ഏഴ്, പള്ളിക്കര ആറ്, കുമ്പള, അജാനൂര്‍ നാല് വീതം, ബദിയടുക്ക മൂന്ന്, പുല്ലൂര്‍പെരിയ രണ്ട്, പൈവളിഗൈ, പടന്ന, മംഗല്‍പ്പാടി, മീഞ്ച ഒരോന്ന് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗിബാധിതരുടെ കണക്ക്.
കാസര്‍കോട് ജില്ലയില്‍ നിലവില്‍ ആകെ 1070 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 965പേരും ആശുപത്രികളില്‍105 പേരുമാണ് നിരീക്ഷണത്തിലുണ്ട്. തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ 5105 സാമ്പിളുകളാണ് അയച്ചത്. 4503 സാമ്പിളുകളുടെ പരിശോധനഫലം നെഗറ്റീവാണ്.181 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതിയതായി 85 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുള്ള നാലു പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായ ജില്ലയായിരുന്നു കാസര്‍കോട്. അതുകൊണ്ടു തന്നെ കേരളത്തില്‍ കോവിഡ് വ്യാപനം തുടങ്ങി ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പേ ജില്ല റെഡ്സോണായി പ്രഖ്യാപിച്ചതോടെ കാസര്‍കോട് ഭീതിയുടെ മുള്‍മുനയിലായി. ഹോട്ട്സ്പോട്ട് ഏരിയകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തീര്‍ത്താണ് പോലീസ് ബന്തവസ്സാക്കിയത്. ഒരു ഘട്ടത്തില്‍ 11,000 ത്തിലധികം പേര് നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നു. കേരളത്തില്‍ ആദ്യം കോവിഡ് ബാധ സിഥിരീകരിച്ചപ്പോള്‍ മൂന്നാമത്തെ രോഗി കാഞ്ഞങ്ങാട്ടുകാരനായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ഇയാള്‍. ഫെബ്രുവരി മൂന്നിനാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
രണ്ടാം ഘട്ടത്തില്‍ മാര്‍ച്ച് 16ന് കളനാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 19ന് ഏരിയാല്‍ സ്വദേശിക്കും പോസിറ്റീവായി. പിന്നീടങ്ങോട്ട് ഓരോ ദിവസവും നിരവധിപ്പേര്‍ക്ക് വൈറസ് ബാധിച്ചു. ഒരു ഘട്ടത്തില്‍ 34 പേര്‍ക്ക് വരെ പോസിറ്റീവ് കണ്ടെത്തി. ദുബായിയില്‍ നിന്ന് വന്നവരെ ഹോം ക്വാറന്റൈനെന്നത് റൂം ക്വാറന്റൈനെന്ന രീതിയിലേക്ക് മാറ്റി അതിജാഗ്രതയോടുള്ള പ്രതിരോധ പ്രവര്‍ത്തനള്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത് ഫലവത്തായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസിന്റെയും കോവിഡ് നിരീക്ഷണ സെല്‍ ഓഫീസര്‍ ഡോ .എ.ടി. മനോജിന്റേയും നേതൃത്വത്തിലുള്ള ചിട്ടയായ ആരോഗ്യപ്രവര്ത്തനവും ഫലപ്രദമായി. രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനമുണ്ടായപ്പോള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ സ്പെഷ്യല്‍ ഓഫീസറായെത്തി.
ഐജി വിജയ് സാഖ്റെയുടെ നേതൃത്വത്തില്‍ പോലീസ് ലോക്ഡൗണ്‍ ശക്തിപ്പെടുത്തി പുറത്തിറങ്ങുന്നത് കര്‍ശനമായി വിലക്കി. നിര്‍മാണം അന്തിമഘട്ടത്തിലായിരുനന ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജ് പെട്ടെന്ന് പണി പൂര്‍ത്തിയാക്കി കോവിഡ് ആശുപത്രിയാക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയും കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പരിയാരം ഗവ.മെഡിക്കല്‍ കോളേജിലും കാസര്‍കോട്ടെ കോവിഡ് ബാധിതരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുണ്ടായ പഞ്ചായത്തായ ചെമ്മനാടും നഗരസഭയായ കാസര്‍കോടും ഈ ജില്ലയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് കേരളത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കിയത്.
81 വയസുള്ള സംസ്ഥാനത്തെ മൂന്നാമത്തെ വയോധികയും കാസര്‍കോടായിരുന്നു. ഒരാളില്‍ നിന്ന് 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചിരുന്ന ഏക പ്രദേശവും ഈ ജില്ലയിലായിരുന്നു. ഓരോ ദിവസവും രോഗബാധിതര്‍ സുഖംപ്രാപിച്ചു. ഏറ്റവുമൊടുവില്‍ മൂന്നു രോഗികള്‍ മാത്രമായി. കഴിഞ്ഞ ആഴ്ച രണ്ടുപേരും രോഗമുക്തമായതോടെയാണ് ഷെറീഫ് മാത്രം ബാക്കിയായത്. നിലവില്‍ ഓറഞ്ച് സോണിലാണ് ജില്ല. തുടര്‍ച്ചയായി പത്തു ദിവസവും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന പ്രത്യേകതയും കാസര്‍കോടിനുണ്ട്.
നിലവില്‍ കോവിഡ് ബാധ് സ്ഥിരീകരിച്ചയെല്ലാവരും രോഗമുക്തരായെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ല. ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത് മുഴുവന്‍ രോഗികളും രോഗമുക്തി നേടുമ്പോഴും നാളെ കൂടുതല്‍ രോഗികള്‍ ഉണ്ടായിക്കൂടെന്നില്ല. ഇനി രോഗം വരാതിരിക്കാന്‍ ഇതുവരെ തുടര്‍ന്നതിനേക്കാള്‍ കൂടിയ ജാഗ്രത നാം പുലര്‍ത്തണം. ചെറിയ ജാഗ്രതക്കുറവ് മതി പ്രശ്നം രൂക്ഷമാകാനെന്ന് അനുഭവത്തിലൂടെ നാം പഠിച്ചു കഴിഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരേ മനസ്സോടെ മഹാമാരിക്കെതിരയുള്ള പോരാട്ടം കാസര്‍കോട് ജില്ലയില്‍ തുടരുക തന്നെ വേണമെന്നാണ് കഴിഞ്ഞ കാല അനുഭവങ്ങളിലൂടെ നാം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: