തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ ചേരിതിഞ്ഞ് ഏറ്റുമുട്ടി. ഒറ്റവാതില്‍കോട്ട എന്ന സ്ഥലത്താണ് സംഘര്‍ഷം ഉണ്ടായത്. അറുനൂറിലധികം തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പേട്ട സിഐയുടെ തലയ്ക്ക് പരിക്കേറ്റു. ഇന്നു വൈകിട്ട് ഏഴോടെയാണ് സംഭവം.
പോലീസ് നടത്തിയ ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ക്യാമ്പിന് മുന്നില്‍ കൂട്ടം കൂടി നിന്ന ഇതര സംസ്ഥാന തൊഴിലാളികളോട് പോലീസ് അകത്തു കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അതിന് തയ്യാറായില്ല. തിരികെ നാട്ടിലേയ്ക്ക് മടങ്ങണമെന്ന് തൊഴിലാളികളില്‍ ചിലര്‍ ആവശ്യപ്പെട്ട് പോലീസിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിനിടെ തൊഴിലാളികളില്‍ ചിലര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.
മാളിന്റെ നിര്മ്മാണപ്രവര്ത്തനത്തിനെത്തിയ തൊഴിലാളികളാണ് പ്രതിഷേധവുമായെത്തിയത്. പലര്‍ക്കും അസുഖമുണ്ട്. പലരുടെയും കുടുംബാംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവര്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ശംഖുമുഖം എസിപി സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തി.ഇതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാന്‍ അവസരമുണ്ടാക്കാമെന്ന് എസിപി ഇവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പോലീസ് സംഘമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: