എനിക്ക് കുട്ടിക്കാലം മുതലേ കലകളില്‍ കമ്പമുണ്ടായിരുന്നു. അച്ഛന് ഏര്‍പ്പാടാക്കിയ ഗുരുക്കന്മാര് എന്റെ ചേട്ടന്മാരെ കര്‍ണാടകസംഗീതവും കഥകളി സംഗീതവും മൃദംഗവുമൊക്കെ പഠിപ്പിക്കുന്നത് തീരേ കുഞ്ഞായിരുന്ന ഞാന്‍ വലിയ ഇഷ്ടത്തോടെ കേട്ടിരിക്കുമായിരുന്നു. മുതിരട്ടെ, ഞാനും ഇതെല്ലാം പഠിക്കും. ഞാന്‍ മനസ്സില്‍ പറയും. പക്ഷേ അതൊക്കെ പഠിക്കാന്‍ ഞാന്‍ പാകമായപ്പോഴേയ്ക്കും അച്ഛന് പെന്‍ഷനായി. വരുമാനം നിന്നു. അതോടെ ഗുരുക്കന്മാര് വരാതായി.
;അഭിനയത്തോടുള്ള കമ്പവും അക്കാലം മുതല്ക്കേ എന്നില്‍ ഉണ്ടായിരിക്കണം. ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠിക്കുന്ന കാലമായപ്പോഴേക്ക് എന്റെ നാടകപ്രവര്‍ത്തനം ജീവിതത്തെത്തന്നെ നിര്‍ണയിക്കുന്ന മട്ടില്‍ കതിരിടാന്‍ തുടങ്ങിയിരുന്നു. ഫാസിലാണ് അക്കാലത്ത് കോളേജില്‍ മത്സരങ്ങള്‍ക്കും മറ്റും നാടകങ്ങള്‍ തയ്യാറാക്കിയിരുന്നത്. അങ്ങനെ ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരു നാടകമത്സരം. പ്രധാന വിധികര്‍ത്താവായി മുന്നില്‍ ഇരിക്കുന്നു സാക്ഷാല്‍ കാവാലം നാരായണപ്പണിക്കര്‍. അന്നെനിക്ക് 22-23 വയസ്. കാവാലം സാറിന് ഏറിയാല്‍ 40 വയസ്സിനോടടുത്ത് പ്രായം. നീണ്ടുമെലിഞ്ഞ് ആറടിപ്പൊക്കത്തില് ആകര്‍ഷകമായ രൂപം. കാവാലത്തെക്കുറിച്ച് കേട്ടറിവും ദൂരെ നിന്ന് കണ്ടറിവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്ക് നല്ല നാടകത്തിനും ഫാസിലിന് നല്ല നടനുമുള്ള സമ്മാനംകിട്ടി. കാവാലം അണിയറയില്‍ വന്ന് ഞങ്ങളെയെല്ലാം പരിചയപ്പെട്ടിട്ടു പറഞ്ഞു: നാളെ നിങ്ങളെല്ലാം എന്റെ വീട്ടിലേക്ക വരണം. നമുക്ക് ചില കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്.;തകഴിയും നെടുമുടിയും കാവാലവുമൊക്കെ കുട്ടനാട്ടിലെ ഗ്രാമത്തുരുത്തുകളാണ്. വഞ്ചിയുടെ സഹായമില്ലാതെ അന്ന് ഈ തുരുത്തുകളിലൊന്നും എത്തിപ്പെടാന്‍ കഴിയില്ല. പിറ്റേന്ന് ഞങ്ങള്‍ കൃത്യമായി അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്റെ കൂടെ ഫാസില്‍, രാമചന്ദ്രന്, ഇ.സി. തോമസ്, ഉവൈസ് റഹ്മാന്, അഷ്റഫ് എന്നിവരുമുണ്ട്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനത്തില്‍ ഉന്നതബിരുദം നേടിയ കുമാരവര്‍മ എന്ന ചെറുപ്പക്കാരന് അന്ന് കാവാലത്തോടൊപ്പമുണ്ട്. കുറച്ചുദിവസത്തെ പരിശീലനത്തിന് ശേഷം തിരുവാഴിത്താന്‍ എനിക്കുശേഷംഎന്നീ നാടകങ്ങള്‍ ഞങ്ങള്‍ അരങ്ങിലേറ്റി.
പക്ഷേ തനതു നാടകവേദി എന്ന സങ്കല്പം പൂര്‍ണതയിലെത്തിയത് ദൈവത്താര്‍ എന്ന നാടകത്തിലൂടെയാണ്. അതിന്റെ തുടക്കം ഇന്നും എന്റെ ഓര്‍മയില്‍ നിറഞ്ഞുനില്ക്കുന്നു: ഒരു സന്ധ്യാനേരം. പെട്ടെന്ന് കാറില്‍ കയറാന്‍ കാവാലം എന്നോട് ആവശ്യപ്പെട്ടു. ഇടയ്ക്കിടെ അങ്ങനെ ചില യാത്രകളുണ്ടാകാറുണ്ട്. വണ്ടി നേരേ;പോയിനിന്നത് എസ്.ഡി. കോളേജിലെ മലയാളം പ്രൊഫസറും മഹാപണ്ഡിതനുമായ രാമവര്‍മത്തമ്പുരാന്‍ സാറിന്റെ വീട്ടിലാണ്. അദ്ദേഹം എന്റെ ബഹുമാന്യനായ ഗുരുനാഥനും ഞാന്‍ പ്രിയശിഷ്യനുമാണ്.
ചെന്ന ഉടനേ കാവാലം ഉമ്മറത്തൊരു നിലവിളക്ക് കൊളുത്തിവയ്ക്കാന്‍ പറഞ്ഞു. കുട്ടികള്‍ വിളക്കുവച്ചു. തോളിലുള്ള സഞ്ചിയില്‍ നിന്ന് ഒരു ഉടുക്കെടുത്ത് എന്റെ കൈയില്‍ തന്നു. ഉടുക്കിന്റെ നടുവില്‍ കുറുകെകെട്ടിയ ചരടിലൂടെ മൂന്ന് വിരലുകള്‍ അകത്തേയ്ക്ക് കടത്തി കൈവെള്ള ഒരാധാരമാക്കി വച്ച് തള്ളവിരല്‍ കൊണ്ട് ആ ചരടില്‍ വിരലുകളമര്‍ത്തി അതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് കാവാലം കാണിച്ചു തന്നു. കുട്ടിക്കാലത്ത് പഠിച്ചു മറന്ന താളങ്ങള്‍ എന്റെ വിരല്ത്തുമ്പിലുണര്ന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച്് ഗണപതിത്താളത്തിന്റെ വായ്ത്താരി ഞാന്‍ ഉറക്കെച്ചൊല്ലി. അതേതാളം ഉടുക്കില്‍ വായിച്ചു. കാലന് കണിയാന് എന്ന കഥാപാത്രത്തിന്റെയും ദൈവത്താര്‍ എന്ന നാടകത്തിന്റെയും തുടക്കമായിരുന്നു അത്!
അന്നൊരിക്കല്‍ കാവാലത്തിന്റെ എന്തോ ആവശ്യത്തിന് ചങ്ങനാശ്ശേരിയിലേക്ക് പോകുംവഴി ഞങ്ങള്‍ നെടുമുടികടവിലെത്തി. അന്ന് പാലമായിട്ടില്ല. കാവാലം സാറിന് ഒരു ഫിയറ്റ് കാര്‍ ഉണ്ട്. കാര്‍ കയറ്റാന്‍ ചങ്ങാടത്തിനായി കാത്തുനില്‍ക്കെ അദ്ദേഹം ചോദിച്ചു: വേണുവിന്റെ വീട് അടുത്തെവിടെയോ അല്ലേ?ഒരൊന്നൊന്നര മണിക്കൂര്‍ നടക്കണം ഞാന്‍ പറഞ്ഞു.നമുക്കെന്നാല്‍ തന്റെ വീട്ടില്‍ കയറിയിട്ടു വരാം
വഴിനീളെ ചെറിയ തോടുകളുണ്ട്. അതിന്റെയെല്ലാം കുറുകെ ഒറ്റത്തടിപ്പാലങ്ങള്‍. പിന്തിരിപ്പിക്കാന് ശ്രമിച്ചുനോക്കി. അപ്പോഴേക്കും അദ്ദേഹം കാര്‍ ലോക്ക് ചെയ്ത് നടന്നു തുടങ്ങിയിരുന്നു.നടന്നു തുടങ്ങിയാല്‍ ഒപ്പമെത്താന്‍ പ്രയാസമാണ്. അത്ര ചടുലമാണ് നീണ്ട കാലുകള്‍ വലിച്ചുവച്ചുള്ള ആ നടത്തം. ഏതായാലും വീട്ടില്‍ ചെന്നു. അച്ഛന് അന്ന് രോഗശയ്യയിലാണ്. അവരിരുവരും മാത്രമായി കുറെ നേരം സംസാരിച്ചിരുന്നു. അച്ഛന് കാവാലത്തിന്റെ കുടുംബമറിയാം. കാവാലത്തിന്റെ അമ്മാവനായ സര്‍ദാര്‍ കെ.എം. പണിക്കരും ഇടയ്ക്കിടെ വിരുന്നുവരാറുള്ള മഹാകവി വള്ളത്തോളും അടങ്ങുന്ന സദസ്സില്‍ അച്ഛന് പലപ്പോഴും സ്വന്തം കവിതകളവതരിപ്പിച്ചിട്ടുണ്ട്. തിരിച്ചുനടക്കുമ്പോള്‍ കാവാലം എന്നോടുപറഞ്ഞു: അച്ഛന് പറഞ്ഞതെന്താണെന്നറിയാമോ? അഞ്ചാണ്‍മക്കളില്‍ ഇളയവനായ അവനെ കലകളൊന്നും അഭ്യസിപ്പിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഇപ്പോള്‍ കാവാലത്തിന്റെ കൂടെയാണ് എന്നറിഞ്ഞപ്പോ എന്റെ മകന് എത്തേണ്ട കൈകളില്‍ എത്തി എന്ന് അതിയായ സമാധാനം, എന്ന്.കാവാലത്തിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്താകുമായിരുന്നു എന്നിപ്പോള്‍ തീരുമാനിക്കുക വയ്യ. എങ്കിലും ഒട്ടും ശുഭകരമായിരിക്കില്ല ആ ജീവിതയാത്ര എന്നെനിക്ക് തോന്നുന്നു.
ഏഴാം ക്ലാസിലോ എട്ടാംക്ലാസിലോ ശാകുന്തളത്തിലെ ഒരങ്കം പഠിക്കാനുണ്ടായിരുന്നു. ദുഷ്യന്തന് തേരില്‍ പ്രവേശിക്കുന്നതും രഥവേഗം നടിക്കുന്നതുമൊക്കെ എങ്ങനെയാണ് രംഗത്ത് അവതരിപ്പിക്കുക? എന്നെ ചിന്തിപ്പിച്ച വിഷയമാണ്. പിന്നീട് കലാനിലയം നാടകങ്ങള്‍ കണ്ടപ്പോള്‍ എന്തും അരങ്ങില്‍ കാണിക്കാനുള്ള പുതിയ പുതിയ വിദ്യകള്‍ ഉണ്ടല്ലോ എന്ന് തോന്നി. പക്ഷേ പണ്ട് കാളിദാസന്റെ കാലത്ത് ഇത്തരം സങ്കേതങ്ങള്‍ ഒന്നുമില്ലല്ലോ. പലരോടും സംശയങ്ങള്‍ ചോദിച്ചു. അവരെല്ലാം പറഞ്ഞത് അത്തരം നാടകങ്ങളൊന്നും അരങ്ങില്‍ അവതരിപ്പിക്കാനല്ല, വായിക്കാന്‍ മാത്രമുള്ളവയാണ് എന്നാണ്. പിന്നീട് കാവാലവുമായി ചേര്‍ന്നപ്പോള്‍, ശൂന്യതയില്‍ നിന്ന് എന്തും സൃഷ്ടിക്കുവാനുള്ള മിടുക്ക് കേരളീയ രംഗശീലക്രമത്തിനുണ്ടെന്ന് ബോധ്യമായി.
അവനവന് കടമ്പ, കല്ലുരുട്ടി, തെയ്യത്തെയ്യം തുടങ്ങിയ നാടകങ്ങള്‍ നമ്മുടെ നാടോടി സംസ്കൃതിയില്‍ ഊന്നി നില്ക്കുമ്പോള് സംസ്കൃത നാടകങ്ങള്‍ക്ക് രംഗഭാഷ്യമൊരുക്കാന്‍ സഹായകമായത് അതിസമ്പന്നമായ നമ്മുടെ പാരമ്പര്യകലകള്‍ തന്നെയാണ്. ഭാസന്റെയും കാളിദാസന്റെയും ഒക്കെ സംസ്കൃത നാടകങ്ങള്‍ക്ക് രംഗഭാഷ്യംചമയ്ക്കാന് ഔത്തരാഹന്മാര് വഴികിട്ടാതെ വലയുമ്പോള്‍ നമ്മുടെ സ്രോതസ്സില്‍ നിന്ന് ഊര്‍ജം കൈക്കൊണ്ട് കാവാലം അത് അരങ്ങില്‍ അയത്നം ചെയ്തു കാണിച്ചു. കേരളീയവും ഭാരതീയവുമായ നാടകസങ്കല്പങ്ങള്ക്കപ്പുറം കാലദേശഭാഷാതിവര്ത്തിയായ ലോകനാടകവേദിയിലേക്ക് നടന്നു കയറാനുള്ള ശ്രമത്തിനിടയിലാണ് കാലം കാവാലത്തിന് തിരശ്ശീലയിട്ടത്.1972 മുതല്‍ 80 വരെയുള്ള കാലഘട്ടങ്ങളില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ നാടകങ്ങളുമായി യാത്രകളിലായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം മാത്രമല്ല ഡല്‍ഹി, ഫരീദാബാദ്, ഉജ്ജയിനി… ഗുരുനാഥന്റെ പീഠം വലിച്ചിട്ട് ഇരിക്കുകയായിരുന്നില്ല അദ്ദേഹം. ഒരാളെയും ചെറുതായികണ്ടിട്ടുമില്ല.
ഏതെങ്കിലും ഒരു കോണില്‍നിന്നും മാത്രം അളന്നെടുക്കാന്‍ പറ്റുന്ന ഒരു വ്യക്തി പ്രഭാവമായിരുന്നില്ല അദ്ദേഹത്തിന്റേത്. കൈവച്ചതെല്ലാം പൊന്നാക്കിയ ഒരാള്‍. അറിഞ്ഞതെല്ലാം മറ്റുള്ളവരിലേയ്ക്ക്്പ്രത്യേകിച്ച് പുതുതലമുറയിലേക്ക് പകരാന്‍ സദാ വെമ്പല്‍ കൊള്ളുന്ന ആചാര്യന്. നാടകാന്തം കവിത്വം എന്ന പ്രാചീനമതം തീര്‍ത്തും അന്വര്‍ത്ഥമായ വ്യക്തിത്വം. ഏതുതരം സംഗീതവും അദ്ദേഹത്തിന്റെ തൊണ്ടയ്ക്ക് വഴങ്ങും. ഏതു തരം വാദ്യോപകരണവും അദ്ദേഹത്തിന്റെ കൈവിരലുകള്‍ക്ക്; സുപരിചിതം. നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുമ്പോഴും മോഹിനിയാട്ടം ചിട്ടപ്പെടുത്തുമ്പോഴും ചുവടുകള്‍ ചവിട്ടിക്കുതിയ്ക്കാനുള്ള ഒരു നര്‍ത്തകന്റെ മെയ് വഴക്കമുണ്ടാകും അദ്ദേഹത്തിന്.ഇങ്ങനെ കലാസംബന്ധിയായ നാനാവിഷയങ്ങള്‍ ഒരാളില്‍ സമന്വയിച്ചെടുക്കുക എന്ന അപൂര്‍വത കാണണമെങ്കില്വള്ളത്തോള് പാടിയപോലെചെല്ലുവിന് ഭവാന്മാരെന് ഗുരുവിന് നികടത്തില്എന്നേ പറയാനുള്ളൂ.
ഒരിക്കല്‍ കാര്‍ ഓടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഞാനുണ്ട്. ഒപ്പം ചിലരും. അദ്ദേഹം നന്നായി കാര്‍ ഡ്രൈവ് ചെയ്യും. ഗതാഗതക്കുരുക്കില്‍ പെട്ട് കാര്‍ നിന്നു. പെട്ടെന്ന് തിരിഞ്ഞ് പേപ്പര്‍ ചോദിച്ചു. പേപ്പറില്ലെന്ന് കണ്ടപ്പോള്‍ സിഗററ്റിന്റെ കൂടായാലും മതിയെന്നായി. സിഗററ്റ് കൂട് കീറിയെടുത്ത് സ്റ്റിയറിങ്ങില്‍ വച്ച് വരികള്‍ കുറിച്ചിടുന്ന കാവാലം ഇന്നും എന്റെ ഓര്‍മയിലുണ്ട്. അല്പനേരത്തിനുള്ളില് കുറിപ്പെഴുതിസംതൃപ്തിയോടെ പോക്കറ്റിലിടുന്നത് കണ്ടു. അത് ഒരു കവിതയുടെ ആരംഭമായിരുന്നിരിക്കണം. അല്ലെങ്കില്‍ ഗാനത്തിന്റെയോനാടകസംഭാഷണത്തിന്റെയോ ശകലം.
കവിതയിലും ലളിതഗാനങ്ങളിലും ചലച്ചിത്രഗാനങ്ങളിലും എല്ലാം വ്യാപരിക്കുമ്പോഴും താനുള്‍ക്കൊണ്ട എല്ലാ കലകളെയും നാടകത്തില്‍ സമഞ്ജസമായി അദ്ദേഹം ഇഴചേര്‍ത്തു. ഒന്നും മുഴച്ചുനില്‍ക്കാതെ തന്നെ. കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായിരുന്ന കാലത്ത് നമ്മുടെ നാടോടി സംസ്കാരത്തിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ അദ്ദേഹം സമയം കണ്ടെത്തി. ഒരു ടേപ്പ്െറക്കോര്ഡറുമായി ഗ്രാമാന്തരങ്ങളില്‍ നടന്നെത്തി, അന്യംനിന്നുപോകുന്ന പുള്ളുവരെയും പാണന്മാരെയും സോപാനഗായകരെയും കണ്ടെത്തി, അവരുടെ സംഗീതം ആലേഖനം ചെയ്ത് അക്കാദമിയില്‍ അദ്ദേഹം സൂക്ഷിച്ചു. ഒരുപക്ഷേ ഇനിയൊരിക്കലും കേള്‍ക്കാനിടയില്ലാത്ത കേരളത്തിന്റെ തനിമയുള്ള സംഗീതപദ്ധതികള്‍. ഇനി വരുന്ന അവകാശികള്‍ പൊടിതട്ടിയെടുത്ത് സൂക്ഷിച്ചാല്‍ അത് ഒരു വലിയ നിധിയായിരിക്കും.കാവാലത്തിനെ കാണുമ്പോഴൊക്കെ എനിക്ക് ഓണത്തുമ്പിയെയാണോര്മ വരിക. എപ്പോഴും ചലിക്കുന്ന ചിറകുകള്. കാലുകള്‍ നിലത്തു മുട്ടി, മുട്ടിയില്ല എന്നു തോന്നുന്ന ഒരു നില. പ്രസരിപ്പോടെയല്ലാതെ അദ്ദേഹത്തെ കാണാന്‍ കഴിയില്ല. സമാര്ജിത ഊര്‍ജം അന്തരീക്ഷത്തിലേക്കും അടുത്തുള്ളവരിലേയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ പ്രസരിപ്പിച്ചുകൊണ്ടേയിരിക്കും. വെളുക്കുമ്പോള്‍ കറുക്കും കറുക്കുമ്പോള്‍ വെളുക്കും എന്നുള്ള കടങ്കഥ പാടിനടക്കുന്ന കൊച്ചുകുട്ടികളില്‍ നിന്നു മുതല്‍ അപൂര്വമായതെന്തും സ്വന്തം മനസ്സിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഏതാണ്ട് പത്തിരുപത്തിയഞ്ച് വര്‍ഷമായി ഒരു വൃക്കയിലാണ് അദ്ദേഹം ജീവിതം തള്ളിക്കൊണ്ടുപോയത്. അനാരോഗ്യമൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. ഏത് ചെറുപ്പക്കാരനെക്കാളും മുമ്പെ എന്തിനും ചാടിയിറങ്ങും. തീരെ വയ്യാതെ കിടന്ന അവസ്ഥയിലും കവിതയുടെയും താളത്തിന്റെയും നാടകത്തിന്റെയും ലോകത്ത് തന്നെയായിരുന്നു അദ്ദേഹം.നാല്‍പ്പത്തിയഞ്ച് കൊല്ലത്തോളമായി അദ്ദേഹം വിടാതെ പിന്തുടര്ന്നിരുന്ന ഒരു ശീലമുണ്ടായിരുന്നു. മഹാഭാഗവതം പദാനുപദം വൃത്താനുവൃത്തം മലയാളത്തിലാക്കുക. കഴിവതും ഒരു ദിവസം ഒരു ശ്ലോകം വച്ച് എഴുതുമായിരുന്നു. ഇപ്പോഴതു പൂര്‍ത്തിയാക്കി. സംസ്കൃതഭാഷയിലുള്ള ഒരു കൃതി തികച്ചും പച്ച മലയാളത്തില്‍ എന്ന ദുഷ്ക്കരമായ വൃത്തി അദ്ദേഹം ചാരുതയോടെ ചെയ്തു തീര്‍ത്തു. അത് അച്ചടിമഷി പുരണ്ട് കാണാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം പോയി. പല ജന്മങ്ങള് കൊണ്ട് ചെയ്തുതീര്‍ക്കാവുന്ന കാര്യങ്ങള്‍ ഒരൊറ്റ ജീവിതത്തില്‍ തീര്ത്തുവച്ചിട്ടാണ് കാവാലം പോയത്.ഇടയ്ക്കിടെ ഓര്മവന്നും പോയും കിടന്നിരുന്ന അവസാനസമയം. അന്ത്യശ്വാസം സ്വന്തം വീട്ടില്‍ കിടന്നാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെന്റിലേറ്റര്‍, ട്യൂബ് തുടങ്ങിയവയിലൂടെയൊന്നും ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കരുത്. അതിനെ അതിന്റെ സ്വാഭാവികമായ തീരുമാനത്തിന് വിടണം. പൊതുപ്രദര്‍ശനത്തിന് പുറമേയ്ക്ക് ഒന്നും കൊണ്ടുപോകരുത്. അനേകം നാടകങ്ങളും മറ്റു കലാരൂപങ്ങളും വിരുന്നുവന്ന, ഭരത് ഗോപിയും നടരാജനും കൃഷ്ണന്‍കുട്ടിനായരും ജഗന്നാഥനും നെടുമുടിയും മോഹന്‍ലാലും കനക്റെലേയും ഭാരതി ശിവജിയും മേതില്‍ ദേവികയുമൊക്കെ ചൊല്ലിയും ചവിട്ടിയും പഠിച്ച കളരിയുടെ നടുത്തളത്തില്‍ വേണം കിടത്തേണ്ടത്. അന്ത്യവിശ്രമം കാവാലത്തെ പമ്പയുടെ തീരത്ത്, അകാലത്തില്‍ കൈവിട്ടുപോയ മൂത്തമകന് ഹരികൃഷ്ണന്റെ അടുത്താകണം. ഇതെല്ലാം പലപ്പോഴായി പറഞ്ഞേല്‍പ്പിച്ചിരുന്നു. ഒപ്പം വിയോഗം ഒരാഘോഷമാക്കണമെന്നും പറഞ്ഞു.അവസാന രംഗംകണ്ണടയ്ക്കുന്നതിന് തലേന്ന് ഇടയക്കെപ്പോഴോ ഓര്മ വന്നപ്പോള്‍ പാട്ടുകേള്‍ക്കണോ എന്ന് ഞങ്ങള്‍ ചോദിച്ചു. വേണമെന്ന് തലയാട്ടി. ഒരു വശത്ത് മകന് കാവാലം ശ്രീകുമാറും മറുവശത്ത് ഞാനും നിന്ന് പാട്ടുപാടി.
വടക്കത്തിപ്പെണ്ണാളും മണ്ണും ഒക്കെ ഞങ്ങള്‍ പാടി. കുറച്ചുനേരം കേട്ടുകിടന്നു. സ്വന്തം വിഭ്രാന്തിയിലേക്കോ വിസ്മൃതിയിലേക്കോ അദ്ദേഹം നീങ്ങിത്തുടങ്ങിയിരുന്നു. ഒടുവില്‍ നിശ്ചേതനമായ ആ ശരീരത്തിനരികെ ഞങ്ങള്‍ വട്ടം കൂടിയിരുന്നു. അദ്ദേഹം ചമച്ച വായ്ത്താരികളും കവിതയും പാട്ടുകളും നാടകത്തിലെ ശീലുകളുമെല്ലാം പാടി. കുറെ വര്‍ഷമായി കാവാലത്തെ കുട്ടികളെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിപ്പോന്നിരുന്ന കുരുന്നുകൂട്ടത്തിലെ കുരുന്നുകളും എത്തി. അദ്ദേഹം പഠിപ്പിച്ചുകൊടുത്ത പാട്ടുകള്‍ കാവാലത്ത് വച്ച് സംഘഗാനമായി അര്‍ച്ചിച്ചു
ഇതെല്ലാം കേട്ട് എഴുന്നേറ്റുവന്ന് ഞങ്ങളോടൊപ്പം കൈത്താളം പിടിക്കുകയും പാടുകയും ചെയ്തിരിക്കണം കാവാലം. ഉറപ്പായും ഞാനങ്ങനെ കരുതുന്നു. കണ്ണടയ്ക്കുമ്പോള്‍ അദ്ദേഹം മുന്നിലേക്കെത്തുന്നുണ്ട്. അരവിന്ദനും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും കലാമണ്ഡലം കൃഷ്ണന്‍നായരും ചാച്ചുചാക്യാരും ഞെരളത്ത് രാമപ്പൊതുവാളും എല്ലാമുള്ള അമരത്വത്തിന്റെ ലോകത്തിലേയ്ക്ക് പോയിരിക്കുകയാണ് അദ്ദേഹം. പാറിപ്പറന്ന മുടിയും വിടര്‍ന്ന കണ്ണുകളുമായി നീണ്ട കാല്‍വെയ്പ്പോടെ.
മഹത്തുക്കളായ സുഹൃത്തുക്കള്‍ വിട്ടുപിരിയുമ്പോള്‍ വല്ലാത്ത ശൂന്യത തോന്നും. പക്ഷേ ഇപ്പോള്‍ ശൂന്യത മാത്രമല്ല തിരിച്ചു പിടിക്കാനാകാത്ത ഒരനാഥത്വവും. കാരണം കാവാലം ഒരു കാലമായിരുന്നു. അക്കാലം എന്നും മനസ്സിലുണ്ടാവും. എനിക്കു മാത്രമല്ല, ഒരിക്കലെങ്കിലും ആ വാമൊഴിവഴക്കത്തോട് തൊട്ടുനിന്ന ആര്‍ക്കും.
നെടുമുടി വേണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: