ലഖ്നൗ: രാജ്യ തലസ്ഥാനമായ ദല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന് ഒരു കുടിയേറ്റ തൊഴിലാളി പോലും ഉത്തര്‍പ്രദേശിലെ അവരുടെ വീടുകളിലേക്ക് കാല്‍നടയായി മടങ്ങരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം കര്‍ശന നിര്‍ദേശം നല്കി.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം പ്രായമായവരും അല്ലാത്തവരും കുട്ടികളുമെല്ലാം നൂറ് കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുന്ന വാര്‍ത്തകള്‍ നിരന്തരമായി വരുന്ന സാഹചര്യത്തിലാണ് യോഗിയുടെ നിര്‍ദ്ദേശം. ഇത്തരത്തില്‍ ഒരാള്‍ പോലും ഇനി കാല്‍നടയായി സംസ്ഥാനത്തേയ്ക്ക് മടങ്ങരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയ യോഗി അവര്‍ക്ക് വേണ്ട സുക്ഷ ഉറപ്പാക്കണമെന്നും വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് കാല്‍നടയായി പുറപ്പെട്ട 172 കുടിയേറ്റ തൊഴിലാളികളെ യുപി പോലീസ് തടഞ്ഞിരുന്നു. ബുലന്ദ്ശഹറില്‍ തടഞ്ഞ ഇവരെ പിന്നീട് ഒരു കോളജിലേക്ക് മാറ്റി. വൈകാതെ ഇവരെ നാട്ടിലെത്തിക്കുമെന്നും യുപി പോലീസ് അറിയിച്ചു.
ദല്‍ഹി, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കാല്‍നടയായി വരുന്നത്. ഇവരില്‍ പലരും അപകടത്തില്‍ മരിച്ച സംഭവങ്ങളുമുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിച്ചതോടെ രണ്ട് ലക്ഷം പേരെങ്കിലും സംസ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിരവധി തൊഴിലാളികള്‍ അവരുടെ കുടുംബങ്ങളുമായി കാല്‍നടയായി സംസ്ഥാനത്തേയ്ക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: