കാസര്‍കോട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി രോഗവിമുക്തരായതോടെ ഇനി കാസര്‍കോട് ജില്ലയില്‍ ചികിത്സയില്‍ ഒരാള്‍ മാത്രം. ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരാണ് ഇന്നലെ രോഗമുക്തരായത്. കോവിഡ് രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പര്‍ക്കത്തിലൂടെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചത്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയിലാണ് അവശേഷിക്കുന്ന ഒരാള്‍ ചികിത്സയിലുള്ളത്.
ഇതുവരെയായി ജില്ലയില്‍ 177 രോഗികളാണ് കോവിഡ് രോഗവിമുക്തരായത്. വീടുകളില്‍ 947 പേരും ആശുപത്രികളില്‍ 29 പേരുമുള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 976 പേരാണ്. 227 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. തുടര്സാമ്പിള് ഉള്‍പ്പെടെ 4960സാമ്പിളുകളാണ് ആകെ അയച്ചത്. ഇതില്‍ 4389 സാമ്പിളുകളുടെപരിശോധന ഫലംനെഗറ്റീവാണ്. പുതിയതായി 19 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 62 പേര് ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. സെന്റ്റീനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാമൂഹിക സമ്പര്‍ക്കത്തില്‍ കൂടുതല്‍ ഇടപഴകേണ്ടി വരുന്നവര്‍ തുടങ്ങിയവരുടെ 473 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു.
ഇതില്‍ 412 പേരുടെ സാമ്പിള്‍ റിസള്‍ട്ടും നെഗറ്റീവാണ്. റെയില്‍വേ സ്റ്റേഷന് മുഖേന ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ നീരീക്ഷിക്കാന്‍ പ്രത്യേക സ്ക്രീനിംഗ് ക്യാമ്പുകള്‍ സജ്ജീകരിച്ചു വരുന്നതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിലെ റെഡ്സോണ്‍ ജില്ലകളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം സ്ഥാപന നിരീക്ഷണത്തില്‍ തുടരണം.
എന്നാല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, അവരുടെ ഭര്ത്താക്കന്മാര്, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ ഹോം ഐസൊലേഷനില്‍ തുടര്‍ന്നാല്‍ മതി. വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ സംഘം നിത്യേന പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: