ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ സ്രവ സാമ്പിള്‍ പരിശോധന 80,000പിന്നിട്ടു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ 83,806 സാമ്പിള്‍ പരിശോധനയാണ് സംസ്ഥാനത്ത് നടത്തിയത്. ഇതില്‍ 78,860 പരിശോധന ഫലം നെഗറ്റീവായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 4000ത്തലധികം പരിശോധനയാണ് സംസ്ഥാനത്ത് നടക്കുന്നത്. ചൊവ്വാഴ്ച മാത്രം 4613 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 4196 പരിശോധന ഫലം നെഗറ്റീവായിരുന്നു. 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കി പരിശോധന ഫലം ലഭിച്ചിട്ടില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ സാമ്പിള്‍ (5168) പരിശോധന നടത്തിയത് ഞായറാഴ്ചയാണ്. ശനിയാഴ്ച 4832 പരിശോധനയും തിങ്കളാഴ്ച 4295 പരിശോധനയും നടത്തി. കൊറോണ രോഗബാധിതരെ കണ്ടെത്താന്‍ പരിശോധന വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ കിറ്റുകളും എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ചിട്ടുണ്ട്. പരിശോധന വര്‍ധവ് നടത്തിയതിലൂടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും വര്‍ധിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ 673 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ പരിശോധന നടത്തി രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നടത്താന്‍ സാധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാന്‍ സാധിക്കും. നേരത്തെ രോഗം കണ്ടെത്തുന്നതിലൂടെ അസുഖം ഗുരുതരമാകുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്രവ പരിശോധനയ്ക്കു പുറമെ സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് അറിയാനായി ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ റാപ്പിഡ് ടെസ്റ്റും സര്‍ക്കാര്‍ നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: